NEWS

കൊച്ചിയിലെ ‘മിനി റെഡ് സ്ട്രീറ്റ്’; ഒത്താശയ്ക്കു നേതാവ്; കോവളത്തുണ്ടായതു ക്രൂരപീഡനം


നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ കടുത്ത നിയമലംഘനത്തിനു പിടിയിലായതിന്റെ ഞെട്ടലിലാണ് കേരളം. തന്റെ പദവിയുടെ ബലത്തിൽ തലസ്ഥാനനഗരത്തിൽ അനാശാസ്യ ഇടപാടുകൾക്ക് അയാൾ നേതൃത്വം നൽകിയെന്ന പൊലീസ് കണ്ടെത്തൽ ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും ഉയർത്തുന്നു. കോവളത്തെ സ്പായിൽ ആന്ധ്ര സ്വദേശിയായ 16 വയസ്സുകാരി ലൈംഗികപീഡനത്തിനിരയായ കേസിൽ അറസ്റ്റിലായ കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെതിരെ പൊലീസിനു ലഭിച്ചത് ഗൗരവമുള്ള തെളിവുകളാണ്. തിരുവനന്തപുരത്തും പുറത്തുമായി പ്രവർത്തിക്കുന്ന സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ.സംസ്ഥാനത്തിനു പുറത്തുനിന്നു സ്ത്രീകളെ കൊണ്ടുവരുന്നതിൽ അനുരൂപിനുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ പല സ്പാകളുടെയും നടത്തിപ്പിൽ ഇയാൾക്കു പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ഇയാളുമായി ബന്ധമുണ്ടെന്നു കരുതുന്ന യുവതിയും സംശയനിഴലിലാണ്. പീഡനത്തിനിരയായ പെൺകുട്ടിയുമായി യുവതി ബന്ധം പുലർത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തു ജോലി ചെയ്യുമ്പോൾ അനുരൂപിനെതിരെ കൈക്കൂലി ആരോപണം ഉയർന്നതിനെത്തുടർന്ന് തിരുമല, തിരുവല്ലം എന്നിവിടങ്ങളിലേക്കു സ്ഥലംമാറ്റി. ഇപ്പോൾ ഉള്ളൂർ സോണൽ ഓഫിസിലാണ്. അനുരൂപിന്റെ 4 ബാങ്ക് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിനു രൂപയുടെ പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ നിഷാന്ത് കോവളത്ത് ഡ്രീംസ് സ്പാ തുടങ്ങിയത് അനുരൂപിന്റെ പ്രേരണയിലാണ്. പെൺകുട്ടിയെ കോവളത്ത് എത്തിച്ചതും അനുരൂപുമായി സംസാരിച്ചതിനു ശേഷമാണെന്നു പൊലീസിനു മൊഴി ലഭിച്ചു. കുട്ടി എതിർത്താൽ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ പൊള്ളലേൽപിക്കുന്നതും പതിവായിരുന്നു. മാതൃസഹോദരിയും ഭർത്താവും ഇതേ സ്പായിൽ ശുചീകരണ ജീവനക്കാരായി ജോലി ചെയ്തിരുന്നു. സെപ്റ്റംബർ 21നു പെൺകുട്ടിയെ കാണാതായതായി മാതൃസഹോദരി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊബൈലിൽനിന്നു പൊലീസ് രണ്ട് ആധാർ കാർഡുകൾ കണ്ടെത്തി. അതിൽ ഒന്നിൽ പ്രായം ഇരുപതും മറ്റൊന്നിൽ പതിനാറും! സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡനം പുറത്തറിഞ്ഞത്.


Fashion ⏭️

Back to top button