NEWS

ഷൈബ ആക്രമിച്ച് ഹൂതികൾ; ഇറാനിലും സ്ഫോടനം, 110 ഭേദിച്ച് ക്രൂഡോയിൽ, ഇടിഞ്ഞ് സ്വർണം, ട്രംപിനോട് പ്രതികരിക്കാതെ ഇന്ത്യ


പശ്ചിമേഷ്യയിൽ ആക്രമണമുനകൾ ഇപ്പോൾ പ്രധാനമായും സൗദി അറേബ്യയ്ക്കുനേരെ തിരിഞ്ഞതോടെ കത്തിക്കയറി എണ്ണവില. ബ്രെന്റ് വില ബാരലിന് 1.19% ഉയർന്ന് 110.1 ഡോളറിലെത്തി. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 1.05% വർധിച്ച് 98.17 ഡോളറുമായി. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദിക്കുനേരെ ആക്രമണം കടുപ്പിക്കുകയാണ്. മദീനയ്ക്കുനേരെ ഹൂതികൾ വ്യോമാക്രമണത്തിന് ശ്രമിച്ചെന്ന് സൗദി സഖ്യസേന ആരോപിച്ചു. ശക്തമായി പ്രതിരോധിച്ചെന്നും 4 ഡ്രോണുകൾ നശിപ്പിച്ചെന്നും സഖ്യസേന പറഞ്ഞു. എന്നാൽ മദീനയ്ക്കുനേരെയോ സൗദിക്കുനേരെയോ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതികൾ പറയുന്നത്. ഷൈബ ആക്രമിച്ച് ഹൂതി; എണ്ണവില കത്തുന്നു സൗദിയിലെ ഷൈബ എണ്ണപ്പാടത്തിനു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 2 പേർ‌ കൊല്ലപ്പെട്ടെന്ന് ഊർജമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആരാംകോയ്ക്ക് നേരെ ഉൾപ്പെടെ നടക്കുന്ന ആക്രമണങ്ങൾ സൗദി അറേബ്യയുടെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചു. ഉൽപാദനം പ്രതിദിനം 6.24 മില്യൻ എന്ന റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ കയറ്റുമതി വൻതോതിൽ കൂടുകയും ചെയ്തു. ഇതിനിടെ ഇറാനിൽ ഹോർമുസ് കടലിടുക്കിനോട് ചേർന്ന സിറീക് മേഖലയിൽ ഉഗ്രസ്ഫോടനമുണ്ടായതായി ഇറാനിയൻ മാധ്യമമായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ്-ഇറാൻ, ഹൂതി-സൗദി സംഘർ‌ഷങ്ങൾക്ക് ശമനമില്ലാത്തതും ഹൂതികൾ തുടർച്ചയായി നടത്തുന്ന പ്രകോപനവും എണ്ണവില കുതിക്കാൻ ഇടവരുത്തി. യൂറോപ്പിൽ പ്രക്ഷോഭ ‘തീ’; ചർച്ചയാകാമെന്ന് പുട്ടിൻ ക്രൂഡോയിൽ വില വീണ്ടും 110 ഡോളർ ഭേദിച്ചതോടെ ലോകമെങ്ങും പണപ്പെരുപ്പം, പലിശഭാരം എന്നിവ സംബന്ധിച്ച ഭീതി വീണ്ടും കനത്തു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയയോഗം ഒക്ടോബർ 27-28 തീയതികളിലാണ്. ഫെഡറൽ റിസർവ് ഈമാസം പലിശനിരക്ക് കൂട്ടാൻ സാധ്യതയില്ലെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, ഡിസംബറിലെ യോഗത്തിൽ കുത്തനെ കൂട്ടിയേക്കാമെന്നും കരുതുന്നു.  ജീവിതച്ചെലവ് അസഹനീയമായതോടെ ഫ്രാൻസ് ഉൾപ്പെടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ‌ യുവജന പ്രക്ഷോഭം ആളിക്കത്തുകയാണ്. വിലക്കയറ്റത്തിന് ഒരു പ്രധാനകാരണം റഷ്യയും യുക്രെയ്നും ഇപ്പോൾ പരസ്പരം നടത്തുന്ന എണ്ണ റിഫൈനറികളും പൈപ്പ്‍ലൈനുകളും കേന്ദ്രീകരിച്ചുള്ള ആക്രമണമാണ്. യുദ്ധം നിർത്തുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി ത്രികക്ഷി ചർച്ചയാകാമെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിൻ പറഞ്ഞത് വിപണികൾക്കും പ്രതീക്ഷയേകുന്നുണ്ട്. റഷ്യൻ ഡീസൽക്കപ്പൽ ഇന്ന് യുഎസിലേക്ക് യുഎസുമായുള്ള ഡീൽ പ്രകാരം റഷ്യയിൽ നിന്നുള്ള ആദ്യ ഡീസൽകപ്പൽ ഇന്ന് പുറപ്പെടും. 40,000 ടൺ ഡീസലാണ് ടാങ്കറിലുള്ളത്. കൂടുതൽ കപ്പലുകൾ പിന്നാലെ പുറപ്പെടുമെന്ന് റഷ്യൻ ഉപ പ്രധാനമന്ത്രി അലക്സാണ്ടർ നോവാക് പറഞ്ഞു. റഷ്യ ഉടനടി 3 ലക്ഷം ടണ്ണും നവംബർ ഒന്നിന് 5 ലക്ഷം ടണ്ണും ശേഷം 10 ലക്ഷം ടണ്ണും ഡീസൽ കയറ്റുമതി ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു.  യൂറോപ്പിൽ ആളിക്കത്തുന്ന പ്രതിഷേധത്തിന് പരിഹാരം കാണുക കൂടി ലക്ഷ്യമിട്ടാണ് സമാധാനനീക്കത്തിലേക്ക് റഷ്യൻ പ്രസിഡന്റ് പുട്ടിൻ കടക്കുന്നതെന്ന് വിലയിരുത്തലുണ്ട്. ഫ്രാൻസിലും മറ്റും ഡീസൽ വില റെക്കോർഡ് ഉയരത്തിലാണ്. യുഎസിലും ഡീസൽവില റെക്കോർഡ് തകർത്തതോടെയാണ് നിലപാടും ഉപരോധവുമൊക്കെ മറന്ന് ട്രംപ് പുട്ടിനുമായി ഡീലിലെത്തിയത്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ? ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയെന്നും ഏതാനും ആഴ്ചകൾക്കകം കരാറിന്റെ ആദ്യരൂപം ഒപ്പുവച്ചേക്കുമെന്നും യുഎസ് പ്രസിഡന്റ് ട്രംപും ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞു. എന്നാൽ, ഇന്ത്യ ഇതേക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കരാർ യാഥാർഥ്യമാകുന്നത് ഇന്ത്യയ്ക്കു വലിയ നേട്ടമാകും. ഗുജറാത്തിലെ ജാംനഗറിലെത്തിയ റൂബിയോ റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ റിഫൈനറി സന്ദർശിച്ചു. റിലയൻസിന്റെ ‍ഡീസലും യുഎസിലേക്ക് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് സന്ദർശനമെന്ന് കരുതുന്നു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി കുറച്ച്, ഇപ്പോൾ യുഎസിന്റെ നിയന്ത്രണത്തിലുള്ള വെനസ്വേലൻ എണ്ണ വാങ്ങാൻ റിലയൻസിനോട് റൂബിയോ ഉന്നയിച്ചു. വെനസ്വേലയിൽ എണ്ണ ഉൽപാദനത്തിൽ പങ്കാളിയാകാനും റിലയൻസിനെ റൂബിയോ ക്ഷണിച്ചു. ഓഹരികൾക്ക് നഷ്ടപ്പേടി അടുത്തിടെ വഷളായ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും മെച്ചപ്പെടുന്നത് ഇന്ത്യൻ വിപണിക്ക് നേട്ടമാണെങ്കിലും പശ്ചിമേഷ്യൻ സംഘർഷവും കത്തിക്കയറുന്ന എണ്ണവിലയും പണപ്പെരുപ്പപ്പേടിയും ആശങ്കയാണ്. ടെസ്‍ലയുടെ മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലത്തിന്റെയും എഐ/ടെക് ഓഹരികളുടെ കരകയറ്റത്തിന്റെയും കരുത്തിൽ യുഎസ് ഓഹരി വിപണികൾ ഇന്നലെ നേട്ടമുണ്ടാക്കിയിരുന്നു. എസ് ആൻഡ് പി500 സൂചിക 0.58%, നാസ്ഡാക് 1.05%, ഡൗ ജോൺസ് 0.69% എന്നിങ്ങനെയാണ് ഉയർന്നത്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷവും എണ്ണവില വർധനയും യുഎസ് ഫെഡിന്റെ നിലപാട് എന്താകുമെന്ന ആശങ്കയും ഫ്യൂച്ചേഴ്സ് വിപണികളെ നഷ്ടത്തിലാക്കി. എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.5%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.7%, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.3% എന്നിങ്ങനെ താഴ്ന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് നേട്ടത്തോടെ തുടങ്ങിയെങ്കിലും പിന്നീട്  ഒരു ശതമാനത്തിലധികം നഷ്ടത്തിലായി. ദക്ഷിണ കൊറിയൻ കോസ്പി 2.24% ഇടിഞ്ഞു. ഹോങ്കോങ് 2.33%. ഷാങ്ഹായ് 0.85% എന്നിങ്ങനെയും ചുവന്നു. ഇതോടെ, ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റിലധികം താഴേക്കുപോയി. സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങുമെന്ന സൂചനയാണിതു നൽകുന്നത്. ഇന്ത്യയുടെ മുഖ്യ വ്യവസായ (കോർ സെക്ടർ) വളർച്ച ഓഗസ്റ്റിലെ 5.9 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 7.9 ശതമാനമായി മെച്ചപ്പെട്ടത് ആശ്വാസമാണ്. റിലയൻസ് ജിയോയുടെ 30,230 കോടി രൂപയുടെ റെക്കോർഡ് ഐപിഒയ്ക്ക് ആദ്യദിനംതന്നെ 3.2 ലക്ഷം കോടി രൂപയുടെ ഡിമാൻഡ് കിട്ടിയതും ഓഹരി വിപണിക്ക് വലിയ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്.  കുതിച്ചുയർന്ന് രൂപ, ജിയോയും കരുത്ത് രൂപ ഇന്നലെ ഡോളറിനെതിരെ 53 പൈസ ഉയർന്ന് ആറാഴ്ചയിലെ ഏറ്റവും മികച്ച നിലവാരമായ 94.38ൽ എത്തി. റിസർവ് ബാങ്കിന്റെ ഇടപെടലുകളും ജിയോ ഐപിഒയിൽ വിദേശ നിക്ഷേപം വൻതോതിൽ എത്തുന്നതും ഇതിനൊരു കാരണമായിട്ടുണ്ട്. എന്നാൽ, ക്രൂഡോയിൽ വില കൂടുന്നത് രൂപയെ സമ്മർദത്തിലാക്കും. സ്വർണവില താഴേക്ക്  എണ്ണവില വർധനയും പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ കൂടിയേക്കാമെന്ന ആശങ്കയും സ്വർണത്തിന് തിരിച്ചടിയായി. രാജ്യാന്തര സ്വർണവില ഔൺസിന് 4410 ഡോളറിൽ നിന്ന് ഒരുവേള 4108 ഡോളറിലേക്കുവരെ താഴ്ന്നു. ഇപ്പോഴുള്ളത് 4117 ഡോളറിൽ. കേരളത്തിൽ ഇന്നും വില കുറയാനോ മാറ്റമില്ലാതെ നിൽക്കാനോ ആണ് സാധ്യത.


Fashion ⏭️

Back to top button