NEWS
നാൽപത് വർഷത്തിനുശേഷം മാളികപ്പുറത്ത് വിദ്യാരംഭം; ശബരിമല നട ഇന്ന് അടയ്ക്കും

ശബരിമല ∙ നാൽപതു വർഷത്തിനു ശേഷം ശബരിമല മാളികപ്പുറത്തു പൂജയെടുപ്പും വിദ്യാരംഭവും നടന്നു. തുലാമാസ പൂജയും വിജയദശമിയും ഒരുമിച്ചു വന്നത് 40 വർഷത്തിനു ശേഷമാണ്. മാളികപ്പുറം ക്ഷേത്രത്തിൽ ഭഗവതിസേവ നടക്കുന്ന സ്ഥലത്തു തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലായിരുന്നു പൂജയെടുപ്പ്. തുടർന്നു ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. തന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാരംഭം.ദർശനപുണ്യം തേടി സന്നിധാനത്തേക്ക് ഇന്നലെയും തീർഥാടകർ ഒഴുകിയെത്തി. തുലാമാസപൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്ന് അടയ്ക്കും. ഇന്നലെ വിജയദശമിദിനത്തിൽ രാവിലെ ദർശനത്തിനായി വലിയ തിരക്കുണ്ടായി. ക്യൂ സംവിധാനം പൊലീസ് കർശനമാക്കി. ക്യൂവിൽ നിൽക്കാതെ പതിനെട്ടാംപടി കയറാൻ പോകുന്നതു നിരുത്സാഹപ്പെടുത്തി. അതിനാൽ തിരക്കു പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു.
Fashion ⏭️




