കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; കള്ളമൊഴി നൽകിയ വീണ ജോർജിന്റെ ഗൺമാനെതിരെ നടപടി ഉടൻ

മുൻ മന്ത്രി വീണ ജോർജ്, ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: മുൻമന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ ഗൺമാനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ മുരളീധരൻ. വീണ ജോർജിന്റെ ഗൺമാനായിരുന്ന അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും. കണ്ണൂരിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് അഭിലാഷ് മൊഴി നൽകിയിരുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പുതിയ മൊഴി അനുസരിച്ച് വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് താൻ കള്ളം പറഞ്ഞതെന്ന് ഗൺമാൻ സമ്മതിച്ചതായി കെ മുരളീധരൻ വ്യക്തമാക്കി. അഭിലാഷിനെതിരായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് എസ്ഐടി നൽകുക. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിന്റ കാരണമാകും എസ്ഐടി തേടുക. കേസിൽ പ്രതികളായിരുന്ന അഞ്ച് കെഎസ്യു പ്രവർത്തകരോട് മൊഴിയെടുക്കാനായി ഇന്ന് ഹാജരാകാൻ എസ്ഐടി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണാ ജോർജിന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു.
‘കരിങ്കൊടി കാണുമ്പോൾ ഒരാൾക്ക് ഇത്രയധികം ഭയമുണ്ടാകുന്നത് അത്ഭുതകരമാണ്. അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ അങ്ങനെ മൊഴി നൽകിയതെന്ന് ഗൺമാൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത കാര്യമാണ്. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തവർ പെട്ടെന്ന് രാഷ്ട്രീയ രംഗത്തേക്ക് വരികയും മന്ത്രിമാരാവുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത് ഇതാണ്. ഇതിന്റെ ഫലമായി ഇപ്പോൾ ആ ഗൺമാൻ തന്നെ ഒരു കുറ്റവാളിയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ തീർച്ചയായും നടപടിയുണ്ടാകും.’-കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. മാരകായുധങ്ങളുമായെത്തിയ കെഎസ്യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഇവർ റിമാന്റിലായിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെഎസ്യു പ്രവർത്തകരുടെ പരാതിയിലാണ് സംഭവത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
English Summary
Minister K Muraleedharan said action would be taken against Abhilash, former gunman of Veena George, over an allegedly false statement in the KSU protest case. According to Muraleedharan, the gunman admitted to the SIT that he gave the statement at the then minister’s direction. The SIT will submit a report recommending action to the DGP. The investigation concerns charges against five KSU activists.
RELATED TOPICS: VEENA GEORGE GUNMAN, KSU ATTACK CASE, VEENA GEORGE KSU CASE, GUNMAN FALSE STATEMENT ALLEGATION, K MURALEEDHARAN STATEMENT
Read News ⏭️




