LIFESTYLE
മക്കൾ നാട്ടിലില്ല; പ്രായമായ മാതാപിതാക്കൾ എന്തുചെയ്യും? കേരളത്തിൽ പ്രചാരമേറി അസിസ്റ്റഡ് ലിവിങ് അപ്പാർട്മെന്റുകളും വില്ലകളും

‘ചെറുപ്പത്തിൽത്തന്നെ ജോലിസംബന്ധമായി കാനഡയിലേക്കുപോയി. കുടുംബവും അവിടെ. മക്കൾ വലുതായപ്പോൾ അവർ ജോലിതേടി മറ്റുരാജ്യങ്ങളിലേക്കു പോയി. നാട്ടിലെത്തി സമാധാനമായി ജീവിക്കാനായിരുന്നു രണ്ടാം ബാല്യത്തിലെ തീരുമാനം. എന്നാൽ നാട്ടിൽ അധികകാലം ജീവിക്കാത്തതിനാൽ സൗഹൃദങ്ങൾ വിരളം. വിദേശ കെയർ ഹോമുകളുടെ ചെലവ് താങ്ങാവുന്നതിലും അധികമാണ്. അങ്ങനെയാണ് കേരളത്തിലെ അസിസ്റ്റഡ് ലിവിങ് സംവിധാനം തിരഞ്ഞെടുക്കുന്നത്’. വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച വ്യാപാരിയുടേതാണ് വാക്കുകൾ.വയോജനങ്ങൾക്കായി അസിസ്റ്റഡ് ലിവിങ് മാതൃകയിലുള്ള അപ്പാർട്മെന്റുകളും വില്ലകളും കേരളത്തിലും പ്രചാരത്തിലാകുന്നു. ആശയം ഇങ്ങനെ. വയോജന സൗഹൃദമായ അപ്പാർട്മെന്റുകളിൽ നിശ്ചിത തുകനൽകി അംഗത്വമെടുക്കാം. അപ്പാർട്മെന്റിന്റെ സൗകര്യം, താമസിക്കുന്ന കാലാവധി എന്നിവ അനുസരിച്ച് തുക വ്യത്യാസപ്പെടും. അധികംപേരും ആജീവനാന്ത അംഗത്വമാണ് എടുക്കുന്നത്. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാം. വീൽചെയർ, ലിഫ്റ്റ്, റാംപ് അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകും.രോഗീപരിചരണം എളുപ്പമാക്കാൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രികളുടെ അടുത്താവും സംരംഭങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്. മാനസികോല്ലാസത്തിനായി പരിപാടികൾ നടത്തും. സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ മീറ്റിങ്ങുകൾ. പരസ്പരം പരിചയപ്പെടാനും പുതുബന്ധങ്ങൾ സൃഷ്ടിക്കാനും അവസരം. എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും സംരംഭങ്ങൾ വരുന്നത്.ഫ്ലാറ്റുകളിൽനിന്ന് വ്യത്യസ്തം കമ്യൂണിറ്റി ലിവിങ് എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഫ്ലാറ്റുകളിൽനിന്നു വ്യത്യസ്തമാണ് അസിസ്റ്റഡ് ലിവിങ്. അൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ പോലെയുള്ള രോഗാവസ്ഥകൾ ഉള്ളവർക്ക് പ്രത്യേക പരിചരണം ലഭിക്കും. രണ്ടുതരക്കാരാണ് ഇപ്പോൾ അസിസ്റ്റഡ് ലിവിങ് തിരഞ്ഞെടുക്കുന്നത്. ഒന്ന്, പ്രവാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവർ. രണ്ട്, ഉയർന്ന പെൻഷൻ കൈപ്പറ്റുന്നവരും മക്കൾ വിദേശത്തേക്ക് പോയവരും.യോഗ, ജിം, സൂംബ, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളുള്ള അപ്പാർട്മെന്റുകളുമുണ്ട്. ആദ്യം അടയ്ക്കേണ്ട തുക ഫ്ളാറ്റുകളെക്കാൾ കുറവാണ്. അംഗത്വ ഫീസിന് പുറമെ വൈദ്യുതി, ജലം, അറ്റകുറ്റപണികൾ എന്നിവയ്ക്കായി പ്രതിമാസം തുക അടയ്ക്കണം. തുടക്കത്തിൽ അടച്ച തുക കാലശേഷം കുടുംബത്തിന് റീഫണ്ട് ചെയ്യും. അടുത്ത 15 കൊല്ലം കൊണ്ട് ഏകദേശം രണ്ടു ലക്ഷം പേർ അസിസ്റ്റഡ് ലിവിങ് പ്രയോജനപ്പെടുത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് നാഷനൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ബിനോയ് തോമസ് പറയുന്നു.
Cinema ⏭️




