NEWS

ഇത്തവണയും അലച്ചിൽ; നവരാത്രി അവധിക്ക് ആവശ്യത്തിന് ട്രെയിനില്ല, ബസില്ല, കഴുത്തറപ്പൻ നിരക്കെന്ന് വ്യാപക പരാതി


ചെന്നൈ ∙ അവസാന നിമിഷം പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനും മലയാളിയുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തിയില്ല. നവരാത്രി അവധി യാത്രയ്ക്കു മിക്കവരും തിരഞ്ഞെടുത്ത വെള്ളിയാഴ്ച പതിവു ട്രെയിനുകളിൽ തത്കാൽ ടിക്കറ്റുകൾ പോലും നിമിഷങ്ങൾക്കുള്ളിലാണ് വിറ്റഴിഞ്ഞത്. വാരാന്ത്യത്തോടു ചേർന്ന് ആയുധപൂജയും, വിജയദശമിയും എത്തിയതോടെ 4 ദിവസമാണു തുടർച്ചയായി അവധി ലഭിച്ചത്. എന്നാൽ യാത്രാത്തിരക്ക് കണക്കിലെടുത്ത് ഒരു സ്പെഷൽ ട്രെയിൻ മാത്രമാണ് കേരളത്തിലേക്കു മുൻകൂട്ടി പ്രഖ്യാപിച്ചത്. കൊല്ലത്തേക്കു പ്രഖ്യാപിച്ച സ്പെഷലിലും ബുക്കിങ് ആരംഭിച്ച ഉടൻ ടിക്കറ്റുകൾ തീർന്നിരുന്നു. യാത്രാദുരിതം അതിരൂക്ഷമായ മലബാർ ഭാഗത്തേക്കു ട്രെയിൻ പ്രഖ്യാപിച്ചതാകട്ടെ അവസാന നിമിഷവും. ഇന്നലെ രാത്രി പുറപ്പെട്ട എഗ്‌മൂർ – മംഗളൂരു ട്രെയിനിലും ടിക്കറ്റുകൾ വൈകിട്ടോടെ വിറ്റുതീർന്നിരുന്നു.യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ അവധിത്തിരക്കിൽ സ്വകാര്യ ബസുകളുടെ കഴുത്തറപ്പൻ നിരക്കുകൾ സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ഉയർന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരെ ബസ് കാൻസൽ ചെയ്തതായി അറിയിച്ച് പണം മടക്കി നൽകിയ ശേഷം അമിത നിരക്ക് ഈടാക്കി സർവീസുകൾ നടത്തിയെന്നും പരാതി ഉയർന്നിരുന്നു. പരാതികൾ വ്യാപകമായിട്ടും പകൽക്കൊള്ളയ്ക്കു പരിഹാരം കാണാൻ അധികൃതർ തയാറായില്ല. കൊടൈക്കനാൽ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മൂന്നിരട്ടി വരെ തുകയാണ് സ്വകാര്യ ബസുകൾ ഈടാക്കിയതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സാധാരണ 1,500 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 5,000 രൂപയ്ക്കു മുകളിലാണ് ഈടാക്കിയത്. ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാത്തതിനെ തുടർന്ന് കോയമ്പത്തൂർ, നാഗർകോവിൽ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലേക്ക് ബസിൽ പോയവർക്കും അമിത നിരക്ക് തിരിച്ചടിയായി. നഗരത്തിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമടക്കം ആയിരക്കണക്കിനു മലയാളികളാണ് ഇത്തരത്തിൽ പ്രതിസന്ധിയിലായത്.കെഎസ്ആർടിസിയിൽ ഏതാനും ടിക്കറ്റുണ്ട് 20, 21 തീയതികളിൽ എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് കെ‌എസ്ആർടിസി പ്രഖ്യാപിച്ചിട്ടുള്ള സ്പെഷൽ സർവീസുകളിൽ ഏതാനും ടിക്കറ്റുണ്ട്. വൈകിട്ട് 5.30ന് പതിവു സർവീസും 5.40ന് സ്പെഷൽ സർവീസുമാണ് എറണാകുളത്തു നിന്നുള്ളത്.


Fashion ⏭️

Back to top button