SPORTS
സിംബാബ്വെയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം, ക്യാപ്റ്റൻ സ്മൃതിക്ക് ശുഭാരംഭം, വിജയശിൽപിയായി നിക്കി പ്രസാദ്

റായ്പുർ ∙ തുടക്കത്തിൽ ഒന്നു വിറച്ചെങ്കിലും, അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യുവതാരം നിക്കി പ്രസാദിന്റെ (35 പന്തിൽ 39 നോട്ടൗട്ട്) ബാറ്റിങ് കരുത്തിൽ സിംബാബ്വെയ്ക്കെതിരായ ഒന്നാം വനിതാ ട്വന്റി20യിൽ ടീം ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ ആവേശജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്വെ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടിയപ്പോൾ ഇന്ത്യ 15.4 ഓവറിൽ ലക്ഷ്യം കണ്ടു.115 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ അനായാസ ജയം നേടുമെന്നു തോന്നിച്ചെങ്കിലും സ്മൃതി (9), ഷെഫാലി വർമ (4), അനുഷ്ക ശർമ (4), ഹർമൻപ്രീത് കൗർ (1) എന്നിവരെ തുടക്കത്തിലേ വീഴ്ത്തിയ സിംബാബ്വെ, ആതിഥേയരെ 4ന് 19 എന്ന സ്കോറിലേക്ക് തള്ളിയിട്ടു. ഇതോടെ ഇന്ത്യ തോൽവി മണത്തെങ്കിലും അഞ്ചാം വിക്കറ്റിൽ 82 റൺസ് ചേർത്ത നിക്കി– ദീപ്തി ശർമ (37 പന്തിൽ 49) സഖ്യം ഇന്ത്യയെ കരകയറ്റി. ദീപ്തി വീണെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന നിക്കി, ഇന്ത്യയെ വിജയത്തിലെത്തിച്ചു.
Auto ⏭️




