NEWS
പിണറായി സർക്കാരിന്റെ കിഫ്ബി മസാല ബോണ്ടിൽ നഷ്ടം 181 കോടിയെന്ന് കണ്ടെത്തൽ; അന്വേഷണം നടത്താൻ സർക്കാർ

തിരുവനന്തപുരം∙ ഇടതു സർക്കാർ കൊട്ടിഘോഷിച്ചു നടത്തിയ കിഫ്ബി മസാല ബോണ്ട് ഇടപാട് സംസ്ഥാനത്തിന് വരുത്തിവച്ചത് 181 കോടി രൂപയുടെ നഷ്ടമെന്ന വിദഗ്ധസമിതിയുടെ കണ്ടെത്തലിൽ കൂടുതൽ അന്വേഷണത്തിനു സർക്കാർ. അന്നത്തെ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും വരെ എതിർപ്പുകൾ മറികടന്ന് നടത്തിയ ഇടപാടുകൾ സർവവിധ ചട്ടങ്ങളും ലംഘിച്ചായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കിഫ്ബി വഴി നടത്തിയ ഏറ്റവും ചെലവേറിയ കടമെടുക്കൽ എന്നാണ് വിദഗ്ധസമിതി മസാല ബോണ്ടിനെ വിലയിരുത്തിയിരിക്കുന്നത്.2018-19 കാലത്ത് ഓപ്പൺ മാർക്കറ്റിൽ കുറഞ്ഞ പലിശനിരക്കുള്ളപ്പോൾ 9.72 ശതമാനം പലിശയ്ക്കാണു മസാല ബോണ്ട് സമാഹരിച്ചത്. 5 വർഷം അധികനികുതി വേണ്ടിവന്നത് 152 കോടി രൂപയാണെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. 893 കോടി നികുതി നൽകേണ്ടതിനു പകരം 1045.44 കോടിയാണു നൽകേണ്ടിവന്നത്. ഇതിനൊപ്പം ചെലവുകൾക്കായി 29.73 കോടി രൂപ വിനിയോഗിക്കുക കൂടി ചെയ്തതോടെ ആകെ നഷ്ടം 181.73 കോടി രൂപയായെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. കിഫ്ബി കടമെടുക്കലിനു സർക്കാർ ഗ്യാരണ്ടി നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ തീരുമാനവും ഇതിനായി അട്ടിമറിക്കപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് എതിർത്തിരുന്നത്. എന്നാൽ റൂൾസ് ഓഫ് ബിസിനസ് മുഴുവൻ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Fashion ⏭️




