NEWS

ഓൺലൈൻ ടാക്സികൾക്ക് പുതിയ ചട്ടം: കുറ്റങ്ങൾക്ക് പിഴ ഒരുകോടിവരെ; വാടകയുടെ 90% ഡ്രൈവർക്ക്


കണ്ണൂർ ∙ ഗുരുതര കുറ്റം ചെയ്താൽ ഊബർ, ഓല അടക്കമുള്ള ഓൺലൈൻ ടാക്സി സേവനദാതാക്കളിൽനിന്ന് ഒരുകോടി രൂപവരെ പിഴ ഈടാക്കുന്ന പുതിയ ചട്ടവുമായി സംസ്ഥാന മോട്ടർവാഹന വകുപ്പ്. പുതിയ ചട്ടമനുസരിച്ച് ആർക്കും ഓൺലൈൻ ടാക്സി സർവീസ് സ്ഥാപനം ആരംഭിക്കാം. ലൈസൻസിനുള്ള അപേക്ഷാഫീസ് ഒരുലക്ഷം രൂപയും ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് 5 ലക്ഷം രൂപയുമാണ്. 5 വർഷം കാലാവധിയുള്ള ലൈസൻസ് 25,000 രൂപ നൽകി പുതുക്കാം. ഡ്രൈവർമാർക്ക് കുറഞ്ഞത് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസും കമ്പനി ഉടമകൾ ഉറപ്പാക്കണം. കൂടാതെ, വാടകയുടെ 90% ഡ്രൈവർക്കു ലഭിക്കണമെന്ന പ്രധാന നിർദേശവുമുണ്ട്. എല്ലാ വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റവും പാനിക് ബട്ടണും ഉണ്ടായിരിക്കണം.സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വാടകയേക്കാൾ 50% കുറവോ അല്ലെങ്കിൽ രണ്ടു മടങ്ങുവരെ ഉയർന്നതോ ആയ ഡൈനാമിക് പ്രൈസിങ് നടപ്പാക്കാൻ കമ്പനി ഉടമയ്ക്ക് അനുമതിയുണ്ടാകും. വാഹനങ്ങളുടെ വിഭാഗത്തിന് അനുസരിച്ച് സെക്യൂരിറ്റി നിക്ഷേപം നിശ്ചയിച്ചിട്ടുണ്ട്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കു 10 ലക്ഷം രൂപ, എൽഎംവി വിഭാഗത്തിന് 30 ലക്ഷം, ബസ് വിഭാഗത്തിന് 50 ലക്ഷം എന്നിങ്ങനെയാണു നിരക്ക്. കേന്ദ്ര നിർദേശങ്ങൾക്കനുസരിച്ചാണു നയം തയാറാക്കുന്നതെന്നാണ് കേരളത്തിന്റെ അവകാശവാദം.


Fashion ⏭️

Back to top button