BUSINESS

‘വീട്ടിൽ ഇന്റർനെറ്റിന് സ്പീഡില്ല’, ഇഷ അംബാനിയുടെ പരാതിയിൽ പിറന്ന ജിയോ; ഐപിഒയ്ക്കു പിന്നാലെ 6ജി യുഗത്തിലേക്ക്


വീട്ടിനുള്ളിൽ ഇന്റർനെറ്റിന് വേഗത പോരെന്ന മകളുടെ പരാതി പരിഹരിക്കാൻ ഒരച്ഛൻ നിർമിച്ചത് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളിലൊന്ന്.  വിപണിയിലെത്തി 10 വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങുന്ന ആ ബ്രാൻഡ് റിലയൻസ് ജിയോ പ്ലാറ്റ്ഫോംസ്. അച്ഛന്റെ പേര് മുകേഷ് അംബാനി. ഇന്റ‍ർനെറ്റിന്റെ വേഗതക്കുറവ് കാരണം കോളേജിലെ അസൈൻമെന്റ് സമർപ്പിക്കാൻ വൈകിയെന്ന മകൾ ഇഷ അംബാനിയുടെ പരാതിയിൽ നിന്നാണ് ജിയോയുടെ ജനനമെന്ന് മുകേഷ് അംബാനി േനരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഇഷ അംബാനിയും ഇത് ആവർത്തിച്ചു. 2016 സെപ്റ്റംബറിലാണ് ഫ്രീ വോയിസ് കോളും വിലകുറഞ്ഞ ഇന്റർനെറ്റ് പ്ലാനുകളുമായി ജിയോ വിപണിയിലെത്തുന്നത്. 170 ദിവസങ്ങൾക്കുള്ളിൽ 10 കോടി വരിക്കാരെ കണ്ടെത്താൻ കമ്പനിക്ക് കഴിഞ്ഞു. ഓരോ സെക്കൻഡിലും 7 പേരെന്ന നിലയിലാണ് ജിയോ പുതിയ വരിക്കാരെ ചേർത്തത്. 2019ൽ രണ്ടര വർഷത്തിനുള്ളിൽ 30 കോടി വരിക്കാരെന്ന നേട്ടവും കമ്പനി സ്വന്തമാക്കി. മറ്റൊരു ഇന്ത്യൻ കമ്പനിയായ ഭാരതി എയർടെൽ 19 വർഷമെടുത്താണ് 30 കോടി വരിക്കാരെന്ന നാഴികക്കല്ല് പിന്നിട്ടത്. നിലവിൽ 52.44 കോടി വരിക്കാരാണ് കമ്പനിക്കുള്ളത്. ഇതിൽ 26.85 കോടി പേരും 5ജി വരിക്കാരാണ്.  ടെലികോം കമ്പനിയായാണ് തുടക്കമെങ്കിലും ടെക് കമ്പനികളെ വെല്ലുന്ന തരത്തിലാണ് ജിയോയുടെ മുന്നേറ്റം. 2026 മാർച്ചു വരെയുള്ള കണക്കു പ്രകാരം 6817 പേറ്റന്റുകൾക്കാണ് ജിയോ അപേക്ഷ നൽകിയത്. ഇതിൽ മൂന്നിലൊന്നും ഇന്ത്യയ്ക്കു വെളിയിലാണെന്നതും ശ്രദ്ധേയം. 1009 പേറ്റന്റുകൾക്ക് ഇതുവരെ അനുമതി ലഭിച്ചു. 5ജി, 6ജി നെറ്റ്‍വർക്കുകൾ, ഉപഗ്രഹ കമ്യൂണിക്കേഷൻ, എഐ തുടങ്ങിയ മേഖലകളിലാണിത്. 2026ൽ ആകാശ് അമ്പാനി കമ്പനിയുടെ ചെയർമാനായി. 2025-26 സാമ്പത്തിക വർഷത്തിൽ 1.47 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതിക്ക് ശേഷമുള്ള ലാഭം 30,049 കോടി രൂപയും.  2020ൽ കോവിഡ് കാലത്ത് മറ്റൊരു നേട്ടവും ജിയോയെ തേടിയെത്തി. ഗൂഗിളും മെറ്റയും അടക്കം 13 നിക്ഷേപകരിൽ നിന്നായി 1.5 ലക്ഷം കോടി രൂപ കമ്പനി സമാഹരിച്ചു. ഫേസ്ബുക്ക് 43,574 കോടി രൂപയും ഗൂഗിൾ 33,737 കോടി രൂപയുമാണ് ജിയോയിൽ നിക്ഷേപിച്ചത്. നിലവിൽ മെറ്റയുടെ ജാദു ഹോൾഡിങിന് 9.98 ശതമാനവും ഗൂഗിൾ ഇന്റർനാഷണലിന് 7.73 ശതമാനവും ഓഹരിയാണുള്ളത്. ഇവരാരും നിലവിലുള്ള ഓഹരികൾ ഐപിഒയ്ക്കായി വിൽക്കുന്നില്ലെന്നതും ശ്രദ്ധേയം. ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) നടത്താതെ പൂർണമായും ഫ്രഷ് ഇഷ്യു വഴിയാണ് ഐപിഒ. 27 കോടി പുതിയ ഓഹരികളാണ് ഇതിനായി പുറത്തിറക്കുന്നത്. മെഗാ ഐപിഒ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ ഈ മാസം 21നാണ് തുടങ്ങുന്നത്. 23 വരെ ഓഹരികൾക്കായി അപേക്ഷിക്കാം. 26നാണ് ഇഷ്യു. ലിസ്റ്റിങ് 28നും. 1065-1119 രൂപയാണ് പ്രൈസ് ബാൻഡ്. 30,213 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യം. ഇതോടെ 2024ൽ ഹ്യൂണ്ടായ് മോട്ടോർ കുറിച്ച റെക്കോർഡ് പഴങ്കഥയാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ നടത്തിയ കമ്പനിയായി ജിയോ മാറും. അന്ന് 27,870 കോടി രൂപയാണ് ഹ്യൂണ്ടായ് സമാഹരിച്ചത്. 2022ൽ എൽഐസി 20,557 കോടി, 2021ൽ പേയ്ടിഎം 18,300 കോടി എന്നിങ്ങനെയും സമാഹരിച്ചിരുന്നു. എന്നാൽ ഈ ഐപിഒകളേക്കാൾ ഡിമാൻഡ് ജിയോയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്. 


Travel ⏭️

Back to top button