NEWS
സ്ഥലവും ടാസ്കും ബോസ് നിർദേശിച്ചു; സിനഗോഗിലെ തീവയ്പിന് പ്രതിഫലം 2 ലക്ഷത്തോളം മൂല്യമുള്ള ക്രിപ്റ്റോ കറൻസി

കൊച്ചി ∙ എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്കു (സിനഗോഗ്) മുന്നിൽ തീയിട്ടതു സംബന്ധിച്ച കേസിൽ നിയമവിരുദ്ധമായ പ്രവർത്തനം തടയൽ നിയമത്തിലെ (യുഎപിഎ) വകുപ്പുകളും ചേർക്കും. ഇന്നലെ എറണാകുളം മജിസ്ട്രേട്ട് കോടതി 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട എബിൻ പോളിനെ ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. എബിന്റെ മെഡിക്കൽ പരിശോധന നടത്തി, മരുന്നും ചികിത്സയും ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. എബിന്റെ ആരോഗ്യസ്ഥിതി കാരണം, തുടർച്ചയായി ചോദ്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഓർമയില്ലെന്നാണു ചോദ്യങ്ങൾക്കു പലതിനും എബിന്റെ മറുപടി.‘ബോസ്’ എന്ന വിളിപ്പേരിലുള്ളയാൾ നൽകിയ നിർദേശപ്രകാരമാണു എബിൻ തീയിട്ടതെന്നും പ്രതിഫലമായി 2 ലക്ഷം രൂപയോളം മൂല്യമുള്ള ക്രിപ്റ്റോ കറൻസി എബിന്റെ വോലറ്റിൽ എത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാർക്വെബ്ബിൽ സജീവമായിരുന്നു എബിൻ. 2 വർഷമായി ടെലിഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ എബിന്റെ പോസ്റ്റുകൾ കണ്ടാണ് ‘ബോസ്’ ബന്ധപ്പെടുന്നതെന്നും ടാസ്ക് ചെയ്തു കാണിക്കാൻ ബോസ് നിർദേശിക്കുകയായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥലവും ടാസ്കും നിർദേശിച്ചതും ബോസ് തന്നെയാണ്. ടാസ്ക് ചെയ്യുന്ന സ്ഥലത്തിന്റെ ഫോട്ടോയും പിന്നീട് തീയിടുന്നതിന്റെ ദൃശ്യങ്ങളും ബോസിന് എബിൻ അയച്ചുകൊടുത്തിട്ടുണ്ട്. അതിനിടെ, തൃശൂർ മാളയിലെ ജൂത സിനഗോഗിന് പൊലീസ് പ്രത്യേക കാവൽ ഏർപ്പെടുത്തി.
Fashion ⏭️




