NEWS
26 വർഷം, 7 ദുരൂഹമരണങ്ങൾ, ലക്ഷ്യം കോടികളുടെ സ്വത്ത്: എന്താണ് കൂടത്തിൽ കുടുംബത്തിൽ സംഭവിച്ചത്?

ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹമരണങ്ങൾ, കോടികളുടെ സ്വത്ത്, സംശയങ്ങളുടെ നിഴലിൽ നീണ്ട ഒൻപതു വർഷത്തെ അന്വേഷണം! ഒടുവിൽ, കരമന കൂടത്തിൽ കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ മരണത്തിൽ നിർണായക വഴിത്തിരിവ്. കട്ടിലിൽനിന്നു വീണു മരിച്ചെന്ന മൊഴിയിൽ തുടങ്ങി, ശാസ്ത്രീയ പരിശോധനകളും പൊരുത്തപ്പെടാത്ത മൊഴികളും വ്യാജ വിൽപത്രമെന്ന ആരോപണവും കടന്ന് അന്വേഷണം എത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വർഷങ്ങളായി കേരളത്തെ കുഴക്കിയ കരമന മരണപരമ്പരയുടെ ചുരുളഴിയുമ്പോൾ, നിരവധി ചോദ്യങ്ങളാണ് ഇനിയും അവശേഷിക്കുന്നത്. വാർത്തകളിൽ ഇടംനേടുന്ന കൂടത്തിൽ മരണപരമ്പരയെ കുറിച്ച് അറിയാം.എന്താണ് കൂടത്തിൽ കുടുംബത്തിൽ സംഭവിച്ചത്? കരമന കാലടി കൂടത്തിൽ എന്ന സമ്പന്ന കുടുംബത്തിന്റെ ‘ഉമാമന്ദിരം’ എന്ന വീട്ടിൽ 1991നും 2017നും ഇടയിലായി ഏഴ് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ നാരായണപിള്ളയുടെ മകൻ ജയമാധവൻ നായർ, മറ്റൊരു സഹോദരൻ വേലുപിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് 26 വർഷത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഏറ്റവുമൊടുവിൽ മരിച്ചയാളാണു ജയമാധവൻ.തുമ്പായത് മൊഴികളിലെ വൈരുദ്ധ്യം 2017 ഏപ്രിൽ 2ന് കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ടെന്നും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻനായരുടെ മൊഴി. വീട്ടുജോലിക്കാരി ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ, കരമന സ്റ്റേഷനിൽ പോയില്ലെന്നും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ലെങ്കിലും രണ്ടാമത് അന്വേഷിച്ച സംഘം വിശദമായി വിലയിരുത്തി.
Fashion ⏭️




