CINEMA

‘നിങ്ങൾ എന്ത് ധരിക്കണം എന്നതിനും ഒരു രാഷ്‌ട്രീയമുണ്ട്’; കോളേജ് പ്രിൻസിപ്പാളിനെ തിരുത്തി നിഖില വിമൽ, കൈയടിച്ച് വിദ്യാർത്ഥികൾ


നിഖില വിമൽ

രാഷ്‌ട്രീയം പാടില്ലെന്ന തരത്തിൽ കോളേജ് പ്രിൻസിപ്പാൾ നടത്തിയ പരാമർശം വേദിയിൽവച്ചുതന്നെ തിരുത്തി നടി നിഖില വിമൽ. മട്ടന്നൂർ പഴശ്ശിരാജാ എൻഎസ്‌എസ് കോളേജിലാണ് സംഭവം. കോളേജിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതിയായിരുന്നു നിഖില. പരിപാടിയുടെ ഭാഗമായി വേദിയിൽ സംസാരിക്കവെ പ്രിൻസിപ്പൽ നടത്തിയ പരാമർശത്തെ തിരുത്തിയ നിഖിലയ്‌ക്ക് വലിയ കൈയടിയാണ് വിദ്യാർത്ഥികളും പൊതുസമൂഹവും നൽകുന്നത്.

‘ഇവിടെ പ്രിൻസിപ്പൽ സംസാരിച്ച ഒരു കാര്യം ഞാൻ കോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു ജാതി, മത, വർഗീയ, രാഷ്‌ട്രീയ ബോധങ്ങൾ നമുക്കുണ്ടാകരുതെന്ന്. അതെല്ലാം ശരിയാണ്. ജാതിമത വർഗീയത നമുക്ക് ഉണ്ടാകരുത്. പക്ഷേ, രാഷ്‌ട്രീയം നമുക്ക് എല്ലാവർക്കും ഉണ്ടായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. കക്ഷി രാഷ്‌ട്രീയത്തെപ്പറ്റിയല്ല ഞാൻ പറയുന്നത്.

നിങ്ങൾ എന്ത് വസ്‌ത്രം ധരിക്കണം എന്നുള്ളതിന് ഒരു രാഷ്‌ട്രീയം ഉണ്ട്. നിങ്ങൾ എന്ത് കഴിക്കണം എന്നുള്ളതിന് ഒരു രാഷ്‌ട്രീയം ഉണ്ട്. നിങ്ങൾ എന്ത് സംസാരിക്കണം, എങ്ങനെ പ്രവർത്തിക്കണം എന്നുള്ളതിനൊക്കെ ഒരു രാഷ്‌ട്രീയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ രാഷ്‌ട്രീയം നമുക്ക് കൃത്യമായി ഉണ്ടായിരിക്കണം എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്’ – നിഖില വിമൽ പറഞ്ഞു.

‘തിരുത്തേണ്ടത് ആരെയായാലും ഞങ്ങൾ തിരുത്തും സാർ…നിഖില വിമൽ’ എന്ന തലക്കെട്ടോടെ പഴശ്ശിരാജാ കോളേജ് യൂണിയനാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എപ്പോഴും നിലപാടുകൾ മറയില്ലാതെ തുറന്നുപറയുന്ന നിഖില വിമലിന് ഇത്തവണയും നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
RELATED TOPICS: NIKHILA VIMAL, NIKHILA VIMAL CORRECTS COLLEGE PRINCIPAL, CELEBRITY NEWS, MOLLYWOOD


Business ⏭️

Back to top button