NEWS

ഹൂതികൾക്ക് ആയുധ സാമഗ്രികൾ എത്തിച്ചത് കപ്പൽ വഴി! ഇസ്രയേലിൽ വരെ എത്തുന്ന മിസൈലുകൾക്ക് പിന്നിൽ ചൈനയോ?


യമനിലെ ഹൂതി വിമതർ ചൈനയിൽ നിന്നുള്ള യന്ത്രഭാഗങ്ങൾ ഉപയോഗിച്ച് ഇസ്രയേലിനെയും സൗദി അറേബ്യയെയും ലക്ഷ്യമിടാൻ കഴിയുന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ സ്വന്തമായി വികസിപ്പിക്കുന്നതായി പുതിയ റിപ്പോർട്ട്. സംഘർഷ മേഖലകളിലെ ആയുധങ്ങളെയും അവയുടെ വിതരണ നെറ്റ്‌വർക്കുകളെയും കുറിച്ച് പഠനം നടത്തുന്ന ‘കോൺഫ്ലിക്റ്റ് ആർമമെന്റ് റിസർച്ച്’ (സിഎആർ) ഗ്രൂപ്പാണ് ഈ ആശങ്കജനകമായ വിവരം പുറത്തുവിട്ടിരിക്കുന്നത്.യമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് ചൈനീസ് നിർമാതാക്കളുടെ ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ ‘ഖൈബർ ഷെഖാൻ’ മിസൈലുകളുടെ മാതൃകയിൽ പുതിയ മിസൈലുകൾ നിർമിക്കാൻ സഹായിക്കുന്ന ഭാഗങ്ങളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ മാധ്യമമായ ‘വോൾസ്ട്രീറ്റ് ജേർണൽ’ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.ആയുധങ്ങൾക്കും മറ്റ് സാമഗ്രികൾക്കുമായി ദശാബ്ദങ്ങളോളം ഇറാനെയും ലെബനീസ് സഖ്യകക്ഷിയായ ഹിസ്ബുല്ലയെയും ആശ്രയിച്ചിരുന്ന ഹൂതികൾക്ക്, ഈ പുതിയ നീക്കം വലിയ തോതിൽ സ്വയംപര്യാപ്തത നൽകിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ വിലയിരുത്തുന്നത്. കൂടാതെ, സമീപ വർഷങ്ങളിൽ ചൈനീസ് വിതരണക്കാരുമായി വിമത ഗ്രൂപ്പ് ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.


Fashion ⏭️

Back to top button