CINEMA

‘ബിഗ് ബോസിന് ശേഷം ഒരു ചോദ്യം ഉള്ളിലുണ്ടായിരുന്നു, അതിനുള്ള മറുപടി ഇപ്പോൾ ലഭിച്ചു’; തമിഴിലും കൈയടി നേടി അർജുൻ


നടൻ അർജുൻ

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനും മോഡലുമാണ് അർജുൻ ശ്യാം ഗോപൻ. കോട്ടയം കടുത്തുരുത്തി സ്വദേശിയായ അർജുൻ ബിഗ് ബോസിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്. ഇപ്പോൾ തമിഴിലെ സൂപ്പർഹിറ്റ് സീരീസായ ‘ദ കോർട്ടി’ൽ ‘ദേവ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് താരം. റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ ഗോപകുമാറിന്റെയും ശ്യാമളയുടെയും മകനായ അർജുൻ തന്റെ അഭിനയവിശേഷങ്ങൾ കേരള കൗമുദി ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

തമിഴിലെ തുടക്കം ‘ദ കോർട്ട്’

ദ കോർട്ട് എന്ന സീരീസിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ഇങ്ങനെ ഒരു പ്രോജക്ട് ഉണ്ടെന്ന് പറഞ്ഞ് എനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയക്കുന്നത്. എനിക്കും തമിഴിൽ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പിന്നെ ലുക്ക് ടെസ്റ്റും ഓഡിഷനുമെല്ലാം നടത്തിയാണ് ഞാൻ ‘ദേവ’ എന്ന കഥാപാത്രത്തിലേക്ക് എത്തിയത്.


ദ കോർട്ട് സീരിസിലെ രംഗത്തിൽ നിന്ന്

തമിഴ് കേട്ടാൽ മനസിലാകുമെങ്കിലും പറയുമ്പോൾ ചില ബുദ്ധിമുട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് മാറി. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന് നല്ലപോലെ മനസിലാകുന്നുണ്ട്. 2026 മേയിലായിരുന്നു സീരീസിന്റെ ഷൂട്ട് ആരംഭിച്ചത്. ഷൂട്ട് ഉള്ളപ്പോൾ ഞാൻ ചെന്നൈയിൽ നിൽക്കും.

ആദ്യ സിനിമ

ബിഗ് ബോസ് കഴിഞ്ഞ് നിൽക്കുമ്പോഴാണ് ജീത്തു ജോസഫ് സാറിന്റെ മിറാഷ് എന്ന സിനിമയിൽ ഒരു വേഷം ലഭിക്കുന്നത്. ആസിഫ് അലിയും അപർണ ബാലമുരളിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ സിനിമയിൽ നിന്ന് ഒരുപാട് പാഠങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു. അതിൽ വളരെ ചെറിയ ഒരു വേഷം മാത്രമായിരുന്നു എന്റേത്. ആദ്യം ഒരു ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷേ നല്ല അനുഭവമായിരുന്നു. ജീത്തു സാറിന്റെ കൈയിൽ നിന്നും ആസിഫ് ഇക്കയുടെ കൈയിൽ നിന്നുമെല്ലാം കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.

പഠനം തുടരുന്നു

എനിക്ക് അഭിനയം പോലെ തന്നെ സിനിമയുടെ എല്ലാ മേഖലകളും ഇഷ്ടമാണ്. ഒരു ദിവസം 13 സീൻ വരെ സീരീസ് ഷൂട്ട് ചെയ്യുന്നുണ്ട്. എന്റെ ഷൂട്ട് കഴിഞ്ഞ് മറ്റ് ടെക്നിക്കൽ സൈഡ് പഠിക്കാൻ നോക്കും. അങ്ങനെ ക്യാമറയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ ചെല്ലുത്തുന്നത് അഭിനയത്തിലാണ്.

ജീവിതത്തിലെ ഏറ്റവും മികച്ച നൂറ് ദിവസം

ബിഗ് ബോസിലെ ദിവസങ്ങൾ ഒരുപാട് ആസ്വദിച്ച ദിവസങ്ങളായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 100 ദിവസങ്ങൾ ഏതാണെന്ന് ചോദിച്ചാൽ ഞാൻ ബിഗ് ബോസ് തന്നെ പറയും. ഒരുപാട് കാലമായി ആഗ്രഹിച്ചാണ് ഞാൻ ബിഗ് ബോസിൽ എത്തുന്നത്. അതിനാൽ തന്നെ ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഇനി എന്ത് എന്നത് എന്റെ മുന്നിൽ ഒരു വലിയ ചോദ്യമായിരുന്നു. ബിഗ് ബോസിൽ നിൽക്കുമ്പോൾതന്നെ ഞാൻ അതിനെക്കുറിച്ച് ആലോചിക്കുമായിരുന്നു.

ബിഗ് ബോസ് ആയിരുന്നു എന്റെ ഏറ്റവും വലിയ ലക്ഷ്യം. പിന്നീടാണ് ഞാൻ അഭിനയത്തിലേക്ക് തിരിയുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങുമ്പോൾ ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നാണ് പലരും കരുതുന്നത്. പക്ഷേ അങ്ങനെയല്ല.

ചെറുപ്പം മുതലുള്ള ആഗ്രഹം

ജീവിതത്തിൽ എവിടെയെങ്കിലും എത്തണമെന്ന് എനിക്ക് ഉണ്ടായിരുന്നു. നടൻ ജോൺ എബ്രഹാം സിനിമയിലെത്തിയത് മോഡലിംഗിലൂടെയാണല്ലോ. അങ്ങനെയാണ് എനിക്കും മോഡലിംഗ് ചെയ്യണമെന്ന ആഗ്രഹം തോന്നുന്നത്. പിന്നീട് പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ബിഗ് ബോസ് എന്നത് കുറെ വർഷങ്ങളായുള്ള എന്റെ വലിയ ആഗ്രഹമായിരുന്നു. അതിനുവേണ്ടി മൂന്ന് നാല് വർഷത്തോളം പല ഇന്റർവ്യൂകളിലും പങ്കെടുത്തു. അങ്ങനെയാണ് ഒടുവിൽ ബിഗ് ബോസിന്റെ വാതിൽ എനിക്ക് മുന്നിൽ തുറക്കുന്നത്.

അനിമെ ലൗവർ

ഞാൻ ജാപ്പനീസ് അനിമെ കാണാറുണ്ട്. അതിന്റെ വലിയൊരു ഫാനാണ്. അതിലെ ചില കഥാപാത്രങ്ങൾ എനിക്ക് റോൾ മോഡലുകളാണ്. ‘നറുട്ടോ’ പോലുള്ള കഥാപാത്രങ്ങളിൽ നിന്ന് ജീവിതത്തിൽ ഉപകാരപ്പെടുന്ന പല നല്ല കാര്യങ്ങളും ഞാൻ എടുക്കാറുണ്ട്. ഒരുപക്ഷേ മറ്റുള്ളവർക്ക് അതൊന്നും വലിയ കാര്യമായി തോന്നണമെന്നില്ല. അടുത്തിടെ ‘100 മീറ്റേഴ്സ്’ എന്നൊരു അനിമെ കണ്ടിരുന്നു. അത് എനിക്ക് ഒരുപാട് ഇൻസ്പിറേഷൻ നൽകിയിട്ടുണ്ട്. റിയൽ ലൈഫിൽ മോഹൻലാൽ സാറാണ് എന്റെ റോൾ മോഡൽ. പണ്ടുമുതൽ തന്നെ അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്.

പുതിയ പ്രോജക്ട്

ഇപ്പോൾ ഞാൻ പുതിയ പ്രോജക്ടുകളൊന്നും നോക്കുന്നില്ല. തമിഴ് സീരീസിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. അവിടെ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അഭിനയവുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങൾ പഠിക്കാനുമുണ്ട്. അതെല്ലാം കഴിഞ്ഞതിന് ശേഷമേ അടുത്ത പ്രോജക്ടിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ.

വിവാഹം

ഇപ്പോൾ ഞാൻ വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ അങ്ങനെ ആലോചിക്കാറില്ല. വിവാഹം കഴിക്കണമെന്ന് വീട്ടുകാർ എന്നോട് പറയാറില്ല. അച്ഛൻ എന്നോട് എപ്പോഴും പറയുന്നത് നിന്റെ ജീവിതമാണ് നിന്റെ ഇഷ്ടമാണ് എന്നാണ്.
RELATED TOPICS: ARJUN SHYAM GOPAN, BIGG BOSS MALAYALAM, ARJUN SHYAM GOPAN TAMIL SERIES, THE COURT SERIES, MALAYALAM ACTOR


Business ⏭️

Back to top button