SPORTS

‘ഇത് മനഃപൂർവം’, ‘സ്റ്റംപിനെയല്ല, അവനെയാണ് ലക്ഷ്യമിട്ട്’: വേദനയിൽ പുളഞ്ഞ് ഇന്ത്യൻ താരം; പരുക്കേറ്റ കൈയ്ക്കു നേരേ വീണ്ടുമെറിഞ്ഞ് വിൻഡീസ് പേസർ


ഹൈദരാബാദ് ∙ ഇന്ത്യയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെ വെസ്റ്റിൻഡീസ് പേസർ ഷമാർ ജോസഫിന്റെ സ്പോർട്സ്മാൻഷിപ്പില്ലായ്മയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലെ മൂന്നാം പന്തിൽ ജോസഫ് എറിഞ്ഞ ഒരു ബൗൺസർ വാലറ്റക്കാരൻ അർഷ്ദീപ് സിങ്ങിന്റെ തോളിൽ കൊള്ളുകയും താരം വേദനയിൽ പുളയുകയും ചെയ്തു. മൂന്നു പന്തുകൾ കൂടി ശേഷിക്കെ ജയിക്കാൻ ഇന്ത്യയ്ക്ക് 30 റൺസ് കൂടി വേണമായിരുന്നു. അർഷ്ദീപിനോട് റിട്ടയർഡ് ഹർട്ട് ആയി തിരിച്ചുകയറാൻ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആവശ്യപ്പെട്ടെങ്കിലും പേസർ അതിന് തയാറായില്ല. തോൽവി ഉറപ്പിച്ചെങ്കിലും ഗ്രൗണ്ടിൽ തുടരാൻ അർഷ്ദീപ് തീരുമാനിച്ചു. കവർ ചെയ്യാതിരുന്ന സ്റ്റംപിനു നേരെ പന്തെറിയുന്നതിന് പകരം ‘അർഷ്ദീപിനെ ലക്ഷ്യം വച്ച്’ പന്തെറിഞ്ഞ ജോസഫിന്റെ മനോഭാവത്തെയാണ് ഗാവസ്കർ രൂക്ഷമായി വിമർശിച്ചത്. ‘‘സ്റ്റംപിലേക്ക് തന്നെ പന്തെറിയുന്നതല്ലേ കൂടുതൽ എളുപ്പം? അർഷ്ദീപ് ഇടതുഭാഗത്തേക്ക് മാറിനിൽക്കുകയാണെന്ന് അവനറിയാം. സ്റ്റംപിലേക്ക് മാത്രം പന്തെറിയുക. അവനെ ലക്ഷ്യം വയ്‌ക്കരുത്. അവൻ ബാറ്ററെയാണ് ലക്ഷ്യം വയ്ക്കു‌ന്നത്.’’– ഗാവസ്കർ ലൈവ് കമന്ററിക്കിടെ പറഞ്ഞു.രണ്ടാമതും പന്ത് ശരീരത്തിൽ കൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ടതിന് ശേഷം അർഷ്ദീപിന് കളി തുടരാനായില്ല. 5 റൺസെടുത്ത താരം റിട്ടയേർഡ് ഹർട്ടായി മടങ്ങിയതോടെ 24 റൺസിന്റെ വിജയം സ്വന്തമാക്കി വെസ്റ്റീൻഡീസ് പരമ്പരയിൽ ഒപ്പമെത്തി (2-2). പരമ്പരവിജയികളെ തീരുമാനിക്കുന്ന മത്സരം ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയ്ത്തിലാണ്. ഇന്ത്യയുടെ പ്രധാന പേസറായ അർഷ്‌ദീപിന് പരുക്കേറ്റത് ഇന്ത്യയ്ക്ക് ആശങ്കയാണ്. അർഷ്ദീപ് എത്രയും വേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Auto ⏭️

Back to top button