SPORTS

ഇന്ത്യ ജയിച്ചേനെ, പക്ഷേ വഴിത്തിരിവായത് ആ ഒരു കാര്യം; ബുമ്രയ്ക്ക് പകരക്കാരനില്ല: തുറന്നുപറഞ്ഞ് സഞ്ജു


ഹൈദരാബാദ്∙ വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ബോളർമാരെ പിന്തുണച്ച് സഞ്ജു സാംസൺ. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. യുവ പേസർമാർ പരിചയസമ്പന്നരാകുന്നതോടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറഞ്ഞ സഞ്ജു, തിലക് വർമ പുറത്തായതാണ് ഇന്ത്യയുടെ റൺ ചേസിൽ വഴിത്തിരിവായതെന്നും ചൂണ്ടിക്കാട്ടി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തപ്പോൾ, ഇന്ത്യ 19.3 ഓവറിൽ 223 റൺസിന് പുറത്തായി. ഷായ് ഹോപ് 50 പന്തിൽ പുറത്താകാതെ 102 റൺസ് അടിച്ചുകൂട്ടിയപ്പോൾ, കീമോ പോൾ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് സമനിലയിലാക്കാൻ വെസ്റ്റിൻഡീസിനു സാധിച്ചു. ഞായറാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരവിജയികളെ തീരുമാനിക്കുന്ന നിർണായക മത്സരം. വിൻഡീസ് നിരയിൽ ബാറ്റെടുത്ത എല്ലാവരും ഇന്ത്യൻ ബോളർമാരെ ദയയില്ലാതെ ശിക്ഷിച്ചതോടെയാണ് കൂറ്റൻ സ്കോർ വന്നത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ ബോളർമാർക്കു നിയന്ത്രണം ലഭിച്ചില്ല. 16 സിക്സും 16 ഫോറുമാണ് വിൻഡീസ് താരങ്ങൾ എല്ലാവരും ചേർന്ന് നേടിയത്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ പ്രകടനത്തെ സഞ്ജു അഭിനന്ദിച്ചു. അദ്ദേഹം വളരെ നിയന്ത്രണത്തോടെയാണ് ബാറ്റ് ചെയ്തതെന്ന് സഞ്ജു പറഞ്ഞു.പിച്ചിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാൻ ലക്നൗവിലെ മത്സരത്തെ സഞ്ജു ഉദാഹരണമായി ചൂണ്ടിക്കാട്ടി. ‘‘ഉയർന്ന സ്കോർ പിറക്കുന്ന ഒരു മൈതാനത്താണ് കളിക്കുന്നതെങ്കിൽ, ആദ്യ പന്ത് മുതൽ തന്നെ അഞ്ചാം ഗിയറിലേക്ക് മാറേണ്ടതുണ്ട്. എന്നാൽ പിച്ചിൽ നിന്ന് ബോളർമാർക്ക് പിന്തുണ ലഭിക്കുന്ന ലക്‌നൗവിലെ മത്സരം പോലെ, 160-170 റൺസ് മാത്രം പ്രതീക്ഷിക്കാവുന്ന ഒരു പിച്ചിലാണ് കളിക്കുന്നതെങ്കിൽ പ്ലാനുകൾ അതിനനുസരിച്ച് മാറ്റണം. എപ്പോഴും ഒരേ രീതിയിലുള്ള ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. പിച്ചിന്റെ അവസ്ഥയും ബൗൺസും സാഹചര്യങ്ങളും കൃത്യമായി വിലയിരുത്തി വേണം കളിക്കാൻ.’’– സഞ്ജു പറഞ്ഞു.


Auto ⏭️

Back to top button