NEWS
ക്ഷേമ പെൻഷൻ: ഇന്ദിരാഗാന്ധി ഔട്ട്, എൻഎസ്എപിയിലെ 5 സ്കീമുകളും ഇനി പ്രധാനമന്ത്രിയുടെ പേരിൽ

ന്യൂഡൽഹി ∙ ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയ പെൻഷൻ പദ്ധതികൾ ഉൾപ്പെടെ സാമൂഹികസുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. നിലവിലെ നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിലെ (എൻഎസ്എപി) 5 സ്കീമുകളും പ്രധാനമന്ത്രിയുടെ പേരിലാക്കി. പദ്ധതികളുടെ പരിഷ്കരിച്ച മാർഗരേഖ 3 മാസത്തിനുള്ളിൽ പുറത്തിറക്കും. വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സഹായമേകാനുള്ള പദ്ധതികളാണ് 1995ൽ ആരംഭിച്ച പ്രോഗ്രാമിലുള്ളത്.ഭിന്നശേഷി പെൻഷൻ (പ്രധാനമന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന) വർധിപ്പിച്ചു. 79 വയസ്സുവരെയുള്ളവർക്ക് 300 രൂപയായിരുന്ന പ്രതിമാസ പെൻഷൻ 375 രൂപയാക്കി. 80 വയസ്സിനു മുകളിലുള്ളവർക്കുള്ള 500 രൂപയായിരുന്നത് ഇനി 625 രൂപയായിരിക്കും. മുൻപ് 18 വയസ്സിനു മുകളിലുള്ളവർക്കാണു ഭിന്നശേഷി പെൻഷന് അർഹതയുണ്ടായിരുന്നത്. ഇനി ഇതു ജനനം മുതൽ ലഭ്യമാകും. അതുപോലെ, 80% ഭിന്നശേഷിയുള്ളവർക്കാണ് (ബെഞ്ച്മാർക്) ഇതുവരെ പെൻഷന് ആനുകൂല്യം. ഇതു 40 ശതമാനമായി കുറച്ചു. ഇതുവഴി കൂടുതൽ പേർക്ക് പെൻഷന് അർഹത ലഭിക്കും. ആകെ 3.20 കോടി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കരുതുന്നത്. വയോധികർക്കും വിധവകൾക്കുമുള്ള പെൻഷനിൽ മാറ്റമില്ല.
Fashion ⏭️




