NEWS
എണ്ണവില കൂട്ടണം, യുഎസിനെ സമ്മർദത്തിലാക്കണം; ഹോർമുസിൽ പുതിയ ആക്രമണ തന്ത്രവുമായി ഇറാൻ

വാഷിങ്ടൻ∙ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി രാജ്യാന്തര എണ്ണ വില ഉയർത്താൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനായി ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഇറാൻ പുത്തൻ തന്ത്രങ്ങൾ മെനയുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസിനോടും ഇസ്രയേലിനോടും യുദ്ധം ആരംഭിച്ചതു മുതൽ ഹോർമുസിന്റെ നിയന്ത്രണം കൈയാളാൻ ഇറാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി തന്ത്രപ്രധാന പാതയായ ഹോർമുസിലൂടെയുള്ള ചരക്കുനീക്കം ഇറാൻ തടയുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ രാജ്യാന്തര എണ്ണവില കുത്തനെ ഉയരുകയും ചെയ്തു.നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്കെതിരെ വ്യത്യസ്തമായ ആക്രമണരീതികൾ ഏകദേശം 10 ദിവസം മുൻപ് ഇറാൻ പ്രയോഗിച്ച് തുടങ്ങിയതായി മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കപ്പലുകൾക്കുനേരെ ആക്രമണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. എണ്ണ വില കുറയ്ക്കാൻ യുഎസും സഖ്യകക്ഷികളും ചേർന്നു നടത്തുന്ന ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുകയാണ് ഇറാന്റെ നീക്കമെന്നും പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
Fashion ⏭️




