NEWS

അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം


ന്യൂഡൽഹി∙ അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ചതിന് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെ 5 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്നു രാവിലെ 8 മണിക്ക് ഇവരെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. പിന്നാലെ അജിൻക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തറിൽ പ്രവേശിക്കുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനു പിന്നാലെയാണു മൂന്നുപേരേയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.എന്നാൽ കസ്റ്റഡിയിലെടുത്തവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സിജെപി നേതാവ് രത്ന സിങ് നേരത്തെ അവകാശപ്പെട്ടിരുന്നു. പുലർച്ചെ 3 മണിക്ക് ഒരു സ്വകാര്യ വാനിലാണ് ഇവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്നും രാത്രി വൈകും വരെ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും എക്സിൽ പങ്കുവച്ച പോസ്റ്റിൽ രത്ന സിങ് പറഞ്ഞു. തിഹാർ ജയിലിലേക്കു മൂന്നുപേരെയും കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍നിന്നുള്ള മൂവരുടെയും ചിത്രവും രത്ന പങ്കുവച്ചിട്ടുണ്ട്.


Fashion ⏭️

Back to top button