NEWS

മധുരമാകാൻ ‘നിർമല ബജറ്റ്’; ‘ഭീമൻ’ നികുതി എടുത്തുകളയും? യുദ്ധ ‘ക്ലാസുമായി’ ഇറാൻ‌, വഷളായി ഹൂതി-സൗദി പോര്, എണ്ണപ്പേടിയിൽ വിപണി


വിദേശത്തുനിന്ന് വീശയടിച്ച പ്രതികൂലക്കാറ്റിലും തളരാതെ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്നലെ കരുത്തായത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ‘മധുരം’ നിറഞ്ഞ വാക്കുകൾ. എന്നാൽ, ഇന്ന് സ്ഥിതി മാറിമറിയുമോ? രാവിലെ ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന സൂചന ആശങ്കപ്പെടുത്തുന്നതാണ്. ആഭ്യന്തര, വിദേശ നിക്ഷേപകരുടെ ലാഭത്തിന് കേന്ദ്രം ഈടാക്കുന്ന ദീർഘകാല മൂലധന നേട്ട നികുതി (എൽടിസിജി) എടുത്തുകളയുന്നത് സംബന്ധിച്ച ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നാണ് നിർമല സീതാരാമൻ ഇന്നലെ പറഞ്ഞത്. നിർമല അവതരിപ്പിക്കുന്ന അടുത്ത ബജറ്റിൽ ഈ ഭീമൻ നികുതി റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കാം. നിർമലയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ സെൻസെക്സ് ഇന്നലെ 1100 പോയിന്റോളം മുന്നേറിയാണ് വ്യാപാരം പൂർത്തിയാക്കിയത്. എച്ച്സിഎൽ ടെക്കിന്റെ നേതൃത്വത്തിൽ ഐടി ഓഹരികൾ കാഴ്ചവച്ച മുന്നേറ്റവും വിപണിയെ തുണച്ചു. നിഫ്റ്റിയും 1.6% കുതിച്ച് 22,700ന് മുകളിലെത്തി. ഇന്നു രാവിലെ പക്ഷേ ഗിഫ്റ്റ് നിഫ്റ്റി 80ലേറെ പോയിന്റ് ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങിയേക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. സ്ഥിതി വഷളാക്കി ഹൂതികൾ; തിരിച്ചടിച്ച് സൗദി ഇറാൻ-അമേരിക്ക സംഘർഷത്തിന് അയവുവന്നതോടെ ഇപ്പോൾ ഹൂതി-സൗദി പോരാണ് പശ്ചിമേഷ്യയെയും ആഗോള വിപണികളെയും ആശങ്കപ്പെടുത്തുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കുനേരെ രൂക്ഷമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയും സൗദി ദേശീയ എണ്ണക്കമ്പനിയുമായ സൗദി അരാംകോയുടെ റിഫൈനറികൾ തകർക്കുമെന്ന ഭീഷണിയും ഹൂതികൾ തൊടുത്തു. യെമനിൽ ഹൂതികൾക്കുനേരെ സൗദി സഖ്യസേന കടുത്ത പ്രത്യാക്രമണം നടത്തുന്നുണ്ട്. എങ്കിലും, സൗദിയിൽ നിന്നുള്ള എണ്ണവിതരണം, ഉൽപാദനം എന്നിവ തടസ്സപ്പെട്ടേക്കുമെന്ന ഭീതിമൂലം ക്രൂഡോയിൽ വില കുതിച്ചുകയറുകയാണ്. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെടുന്നതും ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം ഹൂതികൾ ഏതാണ്ട് പൂർണമായും സ്തംഭിപ്പിച്ചതും വില കുതിക്കാനിടയാക്കി. ഹോർമുസിനെ മറികടന്ന് ബദൽ വഴികളിലൂടെ എണ്ണ കയറ്റുമതി നടത്താൻ സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. കത്തിക്കയറി ക്രൂഡോയിൽ; ട്രംപിനെതിരെ പാളയത്തിൽ പട പശ്ചിമേഷ്യയിലെ സംഘർ‌ഷത്തെ തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.19% ഉയർന്ന് 107 ഡോളറിലെത്തി. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 1.15% വർധിച്ച് 95.22 ഡോളറും. നിലവിലെ സ്ഥിതി തുടർന്നാൽ എണ്ണവില 110 ഡോളർ‌ ഭേദിച്ച് കുതിക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, റഷ്യയിൽ നിന്ന് വലിയതോതിൽ അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും ഡീസലും ക്രൂഡോയിലും എത്തിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കമാണ് എണ്ണവിലയെ വമ്പൻ കയറ്റത്തിൽ നിന്ന് അകറ്റിനിർത്തുന്നത്. എന്നാൽ, സ്വന്തം നിലപാടും തീരുവ ബില്ലുകളുമൊക്കെ കാറ്റിൽപ്പറത്തി ട്രംപ് ഇപ്പോൾ റഷ്യയെ ആശ്രയിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർമാരായ ടോം ടില്ലിസ്, സൂസൻ കോളിൻസ്, ലിസ മർകോവ്സ്കി, മിച്ച് മക്‍കോണൽ, ജോൺ കോർ‌ണിൽ എന്നിവർ ട്രംപിനെതിരെ ആഞ്ഞടിച്ചു. ‘‘ട്രംപിന്റെ നിലപാടുമാറ്റം ശത്രുവിനുള്ള സമ്മാനവും സുഹൃദ് രാഷ്ട്രങ്ങളോടുള്ള വഞ്ചനയുമാണ്’’ എന്നാണ് ഇവർ പ്രതികരിച്ചത്. ഡെമോക്രാറ്റുകളും ട്രംപിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുണ്ട്. യുദ്ധ ‘ക്ലാസുമായി’ ഇറാൻ; നവംബറിൽ വീണ്ടും പോര്? യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 3ന് ശേഷം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന ട്രംപിന്റെ വാക്കുകളെ ഗൗരവത്തിൽ തന്നെ എടുത്തിരിക്കുകയാണ് ഇറാൻ ഭരണകൂടം. ഇറാൻ ‘വലിയൊരു തോൽവിരാഷ്ട്രമായി’ മാറിയെന്നും പണപ്പെരുപ്പം 300% കടന്നെന്നും സൈനികർക്ക് പോലും ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെന്നും കഴിഞ്ഞദിവസം പറഞ്ഞ ട്രംപ്, ഇറാനെതിരെ ഇനിയെന്തു നടപടി എടുക്കണമെന്ന് ആലോചിക്കുകയാണെന്നും പറഞ്ഞിരുന്നു. യുഎസിൽ നിന്ന് ആക്രമണമുണ്ടായാൽ നേരിടാനുള്ള നടപടികളെടുക്കുകയാണ് ഇറാൻ. ഇതിന്റെ ഭാഗമായി ആണവ, സൈനിക കേന്ദ്രങ്ങളിലെ പ്രതിരോധ സംവിധാനം ശക്തമാക്കി. ജനങ്ങളെയും യുദ്ധസജ്ജരാകാൻ ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. യുഎസ്-ഇറാൻ സംഘർഷവും പുനരാരംഭിച്ചാൽ‌ ക്രൂഡോയിൽ വില 125 ഡോളറിനപ്പുറം കടക്കുമെന്ന വാദങ്ങൾ ഉയർന്നിട്ടുണ്ട്. പണപ്പെരുപ്പത്തിൽ‌ ആശങ്ക; സ്വർ‌ണവില താഴേക്ക് യുഎസിന്റെ പണപ്പെരുപ്പക്കണക്ക് ഇന്നുപുറത്തുവരുമെന്നത് ആഗോളതലത്തിൽ ഓഹരി, സ്വർണം വിപണികൾക്ക് ആശങ്കയാണ്. പണപ്പെരുപ്പം ഉയർന്നാൽ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടാനുള്ള സാധ്യത ശക്തമാകും. യുഎസ് ഡോളർ ഇൻഡക്സും ബോണ്ട് യീൽഡും കഴിഞ്ഞദിവസം നഷ്ടം നേരിട്ടെങ്കിലും ഇപ്പോൾ തിരിച്ചുകയറ്റത്തിനുള്ള സൂചനകളാണ് നൽകുന്നത്. ഇതോടെ രാജ്യാന്തര സ്വർണവില 4145 ഡോളർ വരെ താഴുകയും ചെയ്തു. കേരളത്തിൽ ഇന്നും സ്വർണവില താഴ്ന്നേക്കാം. വിദേശ ഓഹരി സൂചികകൾ സമ്മിശ്രം പണപ്പെരുപ്പപ്പേടി, പശ്ചിമേഷ്യൻ സംഘർഷം, എണ്ണവിലക്കയറ്റം, എഐ/ടെക് കമ്പനികളുടെ ഓഹരികളിലുണ്ടായ വിൽപന സമ്മർദം എന്നിവ ഇന്നലെ യുഎസ്, ഏഷ്യൻ വിപണികളെ തളർത്തിയിരുന്നു. ഇന്ന് എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികളിൽ തിരിച്ചുകയറ്റം കാണുന്നുണ്ട്. ∙ യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 സൂചിക, നാസ്ഡാക് എന്നിവ 0.1% വരെ താഴ്ന്നു. ∙ ഇന്നലെ കൂപ്പുകുത്തിയ ദക്ഷിണ കൊറിയയുടെ കോസ്പി ഇന്ന് 0.82% ഉയർന്നു. ജാപ്പനീസ് നിക്കേയ് 0.32% നേട്ടമുണ്ടാക്കി. കോസ്പിയും നിക്കേയിയും 2 ശതമാനത്തോളം ഉയർന്നശേഷമാണ് നേട്ടം കുറച്ചത്. ഇതും ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. രൂപ മുന്നോട്ട് റിസർവ് ബാങ്കിന്റെ ഇടപെടലിനെ തുടർന്ന് രൂപ ഇന്നലെയും ഡോളറിനെതിരെ നേട്ടമുണ്ടാക്കി. 42 പൈസ ഉയർന്ന് 95.36 ആണ് ഇന്നലെ വ്യാപാരാന്ത്യത്തിൽ മൂല്യം. അതേസമയം എണ്ണവില വർധനയും വിദേശ നിക്ഷേപ നഷ്ടവും രൂപയ്ക്ക് സമ്മർദമാകുന്നുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്നലെ വിറ്റൊഴിഞ്ഞത് 1305 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ്.


Fashion ⏭️

Back to top button