NEWS

തീവില 2 വർഷത്തെ ഉയരത്തിൽ; ഏറ്റവും രൂക്ഷം തമിഴ്നാട്ടിൽ, തെലങ്കാന പിന്നോട്ട്, കേരളത്തിലും ആശങ്ക, ‘പലിശ’ ഇനിയും ‘കത്തും’


സാധാരണക്കാർക്കും റിസർവ് ബാങ്കിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബിസിനസ് ലോകത്തിനും ഒരുപോലെ ആശങ്കയുമായി രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുകയറുന്നു. ജനങ്ങൾ നിത്യേന വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം (റീട്ടെയ്ൽ പണപ്പെരുപ്പം) ഓഗസ്റ്റിലെ 4.83 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 5.54 ശതമാനത്തിലേക്ക് കത്തിക്കയറി. 2024 ഒക്ടോബറിൽ 6.21% രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയരമാണിത്. പണപ്പെരുപ്പം കണക്കാക്കുന്നതിന്റെ അടിസ്ഥാന വർഷം 2012ൽ നിന്ന് കേന്ദ്രസർക്കാർ ഈ വർഷമാദ്യം 2024ലേക്ക് മാറ്റിയിരുന്നു. അതിനുശേഷമുള്ള ഏറ്റവും ഉയരവുമാണിത്. പലിശഭാരം കത്തിക്കയറും; വായ്പ പൊള്ളും പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർ‌വ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) പ്രവർത്തനലക്ഷ്യം. ഇത് 2 ശതമാനം വരെ കുറഞ്ഞാലും 6% വരെ ഉയർന്നാലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ‌, പണപ്പെരുപ്പം 4.8% ആയതുതന്നെ വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞയാഴ്ചത്തെ യോഗത്തിൽ എംപിസി റീപ്പോനിരക്ക് 0.25% കൂട്ടിയത്. ഇപ്പോൾ പണപ്പെരുപ്പം 6 ശതമാനത്തിന് തൊട്ടടുത്ത് എത്തിയസ്ഥിതിക്ക് ഡിസംബറിൽ നടക്കുന്ന അടുത്ത യോഗത്തിലും പലിശഭാരം കൂട്ടുമെന്ന് ഉറപ്പായി. റീപ്പോനിരക്ക് 0.50% വരെ ഒറ്റയടിക്ക് കൂട്ടിയേക്കാം. ഭവന, വാഹന, വ്യക്തിഗത ബാങ്ക് വായ്പകളുള്ളവർക്ക് ഇത് കനത്ത തിരിച്ചടിയാകും. പുതുതായി വായ്പ എടുക്കാനിരിക്കുന്നവരെ കാത്തിരിക്കുന്നതും വലിയ പലിശയായിരിക്കും. മാസവരുമാനത്തിൽ നിന്ന് പലിശയായി കൂടുതൽ തുക ബാങ്ക് പിടിക്കാനുള്ള സാഹചര്യമൊരുങ്ങും. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളംതെറ്റിക്കും. കൂടുതൽ ആഘാതം ഭക്ഷ്യവിലയിൽ; ആശങ്ക ഗ്രാമങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) തീപിടിച്ചുയരുന്നതാണ് കേന്ദ്രത്തെയും റിസർവ് ബാങ്കിനെയും പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. ഓഗസ്റ്റിൽതന്നെ ഇത് 5.97 ശതമാനമായിരുന്നു. കഴിഞ്ഞമാസം കത്തിക്കയറിയത് 7.74 ശതമാനത്തിലേക്ക്.  ∙ രാജ്യത്ത് റീട്ടെയ്ൽ പണപ്പെരുപ്പം ഗ്രാമങ്ങളിൽ ഓഗസ്റ്റിലെ 5.24 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 6.08 ശതമാനമായി കൂടി. നഗരങ്ങളിൽ 4.31 ശതമാനത്തില്‍ നിന്ന് 4.88 ശതമാനത്തിലേക്കും. ∙ ഭക്ഷ്യവിലപ്പെരുപ്പം ഗ്രാമങ്ങളിൽ ഓഗസ്റ്റിൽ 6.17% ആയിരുന്നു. സെപ്റ്റംബറിൽ ആശങ്കയുടെ കൊടുമുടികയറ്റമെന്നോണം 8.06 ശതമാനത്തിലെത്തി. നഗരങ്ങളിൽ 5.64 ശതമാനത്തിൽ നിന്ന് 7.18 ശതമാനത്തിലേക്കും കുതിച്ചു. കരയിക്കുന്നത് ഉള്ളിയും വെള്ളിയും രാജ്യത്ത് ഏറ്റവുമധികം പണപ്പെരുപ്പനിരക്ക് ഉള്ളിയ്ക്കാണ്. ഓഗസ്റ്റിൽ 48.78%, സെപ്റ്റംബറിൽ 108.09%. വെള്ളിയാഭരണങ്ങളാണ് സെപ്റ്റംബറിൽ 87.80 ശതമാനവുമായി രണ്ടാമത്. പക്ഷേ, ഓഗസ്റ്റിൽ 106.81 ശതമാനമായിരുന്നു. ഇഞ്ചി (62.85%), വെളുത്തുള്ളി (54.62%), ചെറുനാരങ്ങ (36.41%) എന്നിവയും കഴിഞ്ഞമാസം പണപ്പെരുപ്പത്തിൽ ഏറ്റവും മുൻനിരയിലെത്തി. ഏറ്റവും വിലക്കുറവ് ഉരുളക്കിഴങ്ങിനാണ് (-11.50%). തക്കാളി (-8.62%), കാറും ജീപ്പും (-4.51%), വെണ്ടയ്ക്ക (-4.48%), തേങ്ങ (-3.99%) എന്നിവയാണ് വിലക്കുറവിൽ‌ തൊട്ടടുത്തുള്ളത്. തെലങ്കാനയെ കടത്തിവെട്ടി; വിലയിൽ പൊള്ളി തമിഴ്നാട് രാജ്യത്ത് ഏതാനും മാസങ്ങളായി വിലക്കയറ്റത്തിൽ ഏറ്റവും മുന്നിൽ‌ തെലങ്കാനയായിരുന്നു. എന്നാൽ സെപ്റ്റംബറിൽ തെലങ്കാനയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി തമിഴ്നാട്, ഒഡീഷ, മധ്യപ്രദേശ് എന്നിവ മുന്നിലേക്കുകയറി.  ∙ 6.81 ശതമാനവുമായി തമിഴ്നാടാണ് ഒന്നാമത്. ഒഡീഷ 6.70%. മധ്യപ്രദേശ് 6.68%. തെലങ്കാനയിൽ 6.64%. ആന്ധ്രപ്രദേശിൽ 6.29%.  ∙ ഭക്ഷ്യവിലപ്പെരുപ്പവും ഏറ്റവും കൂടുതൽ തമിഴ്നാട്ടിലാണ് (10.62%). ആന്ധ്രയില്‍ 10.18 ശതമാനം. ഒഡീഷയാണ് മൂന്നാമത് (9.58%). കർണാടക (9%), മഹാരാഷ്ട്ര (8.91%) എന്നിവയും തൊട്ടടുത്തുണ്ട്. ∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഡൽഹി എന്നിവിടങ്ങളിലാണ് പണപ്പെരുപ്പം ഏറ്റവും കുറവ്. വി.ഡി.സർക്കാരിന് വെല്ലുവിളി 2025 ജനുവരി മുതൽ ഡിസംബർ വരെ തുടർച്ചയായി 12 മാസം ഇന്ത്യയിൽ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന മോശം പ്രതിച്ഛായ  കേരളം പേറിയിരുന്നു. ഈ വർഷം ജനുവരിയിൽ രണ്ടാംസ്ഥാനത്തേക്കും ഫെബ്രുവരിയിൽ മൂന്നാംസ്ഥാനത്തേക്കും ‘നില മെച്ചപ്പെടുത്തി’. മാർച്ചിലാണ് ടോപ് 5ൽ നിന്നുതന്നെ പുറത്തെത്തിയത്. തുടർന്ന്, ഇതുവരെ വീണ്ടും ആദ്യ 5ൽ ഇടംപിടിച്ചിട്ടില്ലെന്നത് വി.ഡി.സതീശൻ സർക്കാരിനും ആശ്വാസമാണ്. എങ്കിലും, ഓരോ മാസവും ഇപ്പോൾ സംസ്ഥാനത്തും പണപ്പെരുപ്പം കൂടിവരുന്നത് വി.ഡി. സർക്കാരിന് വെല്ലുവിളിയാകും. ഓഗസ്റ്റിലെ 4.67 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം കേരളത്തിൽ പണപ്പെരുപ്പം 5.26 ശതമാനത്തിലെത്തി. ഗ്രാമങ്ങളിൽ 5.61 ശതമാനവും നഗരങ്ങളിൽ 4.97 ശതമാനവുമാണ്.   ദക്ഷിണേന്ത്യയിൽ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞനിരക്കിലുള്ളത് കേരളത്തിലാണ്. ∙ തമിഴ്നാട്ടിൽ 6.81%, തെലങ്കാനയിൽ 6.64%, ആന്ധ്രയിൽ 6.29%, കർണാടകയിൽ 5.86% എന്നിങ്ങനെയാണ് കണക്ക്.  ∙ 6.86 ശതമാനമാണ് പുതുച്ചേരിയിൽ. ലക്ഷദ്വീപിൽ 3.95%.


Fashion ⏭️

Back to top button