SPORTS
ഫസ്റ്റ് ബെൽ! രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ കേരളം ജാർഖണ്ഡിനെതിരെ

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് സീസണിലെ ആദ്യ മത്സരത്തിൽ കേരളം ഇന്ന് ജാർഖണ്ഡിനെ നേരിടും. ജംഷഡ്പുരാണ് വേദി. കഴിഞ്ഞതവണ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ കേരളം ഇത്തവണ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് എത്തുന്നത്. വിഷ്ണു വിനോദാണ് ഇത്തവണ കേരളത്തെ നയിക്കുന്നത്. കേരള അണ്ടർ 23 ടീമിന്റെ പരിശീലകനായ, മുൻ രഞ്ജി താരം സ്വപ്നിൽ അസ്നോദ്കറാണ് പുതിയ പരിശീലകൻ. അണ്ടർ 23 ടീമിൽ തിളങ്ങിയ ഇടംകൈ സ്പിന്നർ ജെ.എസ്.അനുരാജ്, ഇടംകൈ പേസർ പവൻരാജ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഹോം ഗ്രൗണ്ടിലെ 4 മത്സരങ്ങളിൽ ആദ്യത്തേത് കാര്യവട്ടത്തെ സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിലും മറ്റു മൂന്നെണ്ണം മംഗലപുരം കെസിഎ ഗ്രൗണ്ടിലുമാകും. എലീറ്റ് ഗ്രൂപ്പ് സിയിൽ ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവർക്കൊപ്പമാണ് കേരളം.
Auto ⏭️




