SPORTS

‘ആ നാടകീയ സംഭവം അവന്റെ ജീവിതം മാറ്റിമറിച്ചു..’: ഹാർദിക്കിന്റെ 33–ാം ജന്മദിനത്തിൽ വെളിപ്പെടുത്തലുമായി കാമുകി


മുംബൈ ∙ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ 33-ാം ജന്മദിനത്തിൽ താരത്തിന്റെ കരിയർ യാത്രയെക്കുറിച്ച് വൈകാരികവും സുദീർഘവുമായി കുറിപ്പ് പങ്കുവച്ച് പങ്കാളി മഹികാ ശർമ. 19 വയസ്സുവരെ ബറോഡ ടീമിൽ ഹാർദിക് പാണ്ഡ്യ ഒരു ബാറ്റർ മാത്രമായിരുന്നെന്നും പരിശീലനത്തിനിടെ ഒരു സീനിയർ കോച്ച് ശ്രദ്ധിച്ചതിന് ശേഷമാണ് താരം ബോളിങ്ങിലേക്കും തിരിഞ്ഞതെന്നും മഹിക വ്യക്തമാക്കി. സ്വന്തമായി ബോളിങ് ഷൂസ് പോലുമില്ലാതെയാണ് ഒരു ബോളർ എന്ന നിലയിലുള്ള തന്റെ ആദ്യ മത്സരത്തിൽ ഹാർദിക് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതെന്നും മഹിക വെളിപ്പെടുത്തി.മഹികയുടെ കുറിപ്പ്: ‘‘ഹാർദിക്കിന് 19 വയസ്സാകുന്നത് വരെ അവൻ ബറോഡ ടീമിലെ ഒരു നാലാം നമ്പർ ബാറ്റർ മാത്രമായിരുന്നു. കുസൃതിക്കാരനായ ഒരു അനിയൻ എന്ന നിലയിൽ മൈതാനത്ത് അവന്റെ സാന്നിധ്യം തികച്ചും യാദൃശ്ചികമായിരുന്നു. അമിത ഊർജ്ജസ്വലനും കായികക്ഷമതയുമുള്ള ആ ചെറുപ്പക്കാരന് തന്റെ ഊർജം ശരിയായ രീതിയിൽ വിനിയോഗിക്കാനുള്ള ഒരു മാധ്യമമായി ക്രിക്കറ്റ് മാറി. അധികം വിദ്യാഭ്യാസമില്ലാതിരുന്ന അവന് സ്വന്തം കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു വേദിയായും അത് മാറി.ബാറ്റർമാർക്കിടയിൽ അത്ര കണ്ട് കാണാത്ത, കഠിനമായി ഓടാനുള്ള അവന്റെ ശീലം ഒരു കുതിരയെപ്പോലെ പണിയെടുക്കാനുള്ള അവന്റെ കഴിവിനെ കാണിച്ചു. അവനറിയാതെ തന്നെ അവന്റെ ഏറ്റവും വലിയ ‘ചീറ്റ് കോഡ്’ ഇതായിരുന്നു. ദാരിദ്രത്തിൽ വളർന്നവനും സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ടവനും, പരമ്പരാഗതമായ പെരുമാറ്റരീതികൾ ശീലിക്കാത്തതുകൊണ്ടും ഒരു ‘വിമതൻ’ എന്ന് മുദ്രകുത്തപ്പെട്ട അവന് മറ്റാരുടെയും പിന്തുണയോ സഹായങ്ങളോ ലഭിച്ചിരുന്നില്ല. സഹാനുഭൂതി എന്നാൽ എന്താണെന്ന് പോലും അറിയാതെ, മറ്റെല്ലാ ബാറ്റർമാരും തങ്ങളുടെ ബാറ്റിങ് കഴിഞ്ഞ ഉടൻ മടങ്ങുമ്പോൾ, അവൻ തന്റെ ബാറ്റിങ് കഴിഞ്ഞും അവിടെത്തന്നെ തുടരുമായിരുന്നു; തന്റെ സഹതാരങ്ങളായ ബോളർമാർക്ക് ബാറ്റിങ് പരിശീലനത്തിനായി പന്തെറിഞ്ഞു കൊടുക്കാൻ വേണ്ടി.


Auto ⏭️

Back to top button