SPORTS
‘സഞ്ജുവും ഇഷാനും ഉള്ളപ്പോൾ അവന് എങ്ങനെ അവസരം കിട്ടും?’: ‘ഒരേസമയം രണ്ട് തോണിയിൽ കാൽവയ്ക്കരുതെന്ന്’ മുന്നറിയിപ്പ്

ന്യൂഡൽഹി ∙ ബാറ്റിങ്ങിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ യുവതാരം യശസ്വി ജയ്സ്വാളിനോട് ‘ഒരേസമയം രണ്ട് തോണിയിൽ കാൽവയ്ക്കരുതെന്ന്’ മുൻ ഇന്ത്യൻ താരം വസീം ജാഫർ. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫിക്കു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് മുംബൈ താരമായ ജയ്സ്വാൾ വിക്കറ്റ് കീപ്പിങ്ങിലും ഒരു കൈ നോക്കിയത്. ഇതിനെ വിമർശിച്ചാണ് ജാഫർ രംഗത്തെത്തിയത്. 2026-27 രഞ്ജി ട്രോഫി സീസണിന് മുന്നോടിയായി, ജയ്സ്വാൾ വിക്കറ്റിനു പിന്നിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മുംബൈയുടെ ഒരു പരിശീലന മത്സരത്തിൽ ജയ്സ്വാൾ ഏകദേശം 10 ഓവറോളം വിക്കറ്റ് കീപ്പ് ചെയ്യുകയും ചെയ്തു. ‘‘യശസ്വി കഠിനമായി വിക്കറ്റ് കീപ്പിങ് പരിശീലിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു. ഞാൻ അവനിൽനിന്നു കേട്ടത് അതാണ്. മുംബൈയ്ക്കോ ഇന്ത്യൻ ടീമിനോ വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനാണ് അവൻ ആഗ്രഹിക്കുന്നത്. അതാണ് അവൻ ലക്ഷ്യമിടുന്നത്, അതാണ് എനിക്ക് തോന്നുന്നത്, പക്ഷേ എനിക്ക് അതിൽ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല.’’– മുംബൈയുടെ പ്രീ-സീസൺ വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ സിദ്ധേഷ് ലാഡ് പറഞ്ഞു.
Auto ⏭️




