NEWS
‘ജുജു എക്സ്പ്രസ്’ ഹിറ്റായി; പിന്നാലെ വരുന്നു, കാഞ്ഞങ്ങാട്ടും കാസർകോട്ടും റെയിൽവേയുടെ കോച്ച് റസ്റ്ററന്റ്

കാഞ്ഞങ്ങാട് ∙ പയ്യന്നൂരിനുശേഷം കാഞ്ഞങ്ങാട്, കാസർകോട് റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേയുടെ കോച്ച് റസ്റ്ററന്റ് വരുന്നു. സംസ്ഥാനത്തെ രണ്ടാമത്തെയും മൂന്നാമത്തെയും കോച്ച് റസ്റ്ററന്റുകളാണിത്. എന്നാൽ, ഇതിൽ കാഞ്ഞങ്ങാട് അനുവദിച്ച കോച്ച് റസ്റ്ററന്റ് റെയിൽവേ സ്റ്റേഷന് സമീപത്തെ മത്സ്യമാർക്കറ്റിലെ ദുർഗന്ധംകാരണം വേണ്ടെന്നുവയ്ക്കാനുള്ള നീക്കത്തിലാണ് കരാറുകാരൻ. കാസർകോട് റെയിൽവേ സ്റ്റേഷനിൽ റസ്റ്ററന്റ് ജോലി ഉടൻ ആരംഭിക്കുമെന്നും കരാറുകാരൻ വ്യക്തമാക്കി. പയ്യന്നൂരിലെ കോച്ച് റസ്റ്ററന്റ് കരാർ എടുത്തവർതന്നെയാണ് കാഞ്ഞങ്ങാട്ടെയും കാസർകോട്ടെയും കോച്ച് റസ്റ്ററന്റുകളും നടത്തിപ്പിനെടുത്തത്.കാഞ്ഞങ്ങാടിന്റെ തീരാശാപം മത്സ്യമാർക്കറ്റിൽനിന്നുള്ള മലിനജലവും അവശിഷ്ടങ്ങളും ഒഴുകിയെത്തുന്നത് റെയിൽവേ സ്റ്റേഷൻ റോഡിലേക്കാണ്. റെയിൽവേ സ്റ്റേഷൻ റോഡിൽ പഴയ റെയിൽവേ ഗേറ്റിന് സമീപമാണ് കോച്ച് റസ്റ്ററന്റിന് റെയിൽവേ സ്ഥലം അനുവദിച്ചത്. ഇവിടെയാണ് റെയിൽവേ ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലമുള്ളതും. ഈ സ്ഥലത്തിനുനേരെ എതിർവശത്താണ് മത്സ്യമാർക്കറ്റ്. മലിനജലം സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാൽ റെയിൽവേ സ്റ്റേഷൻ റോഡിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.
Fashion ⏭️




