NEWS
ഇ.ഡിയുടെ കത്ത്: പിണറായിക്കും മറ്റുമെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹർജിയിൽ ഇന്നു വിധി

കൊച്ചി ∙ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മരുമകൻ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാത്തതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇ.ഡി നൽകിയ കത്തിൽ ഗുരുതരമായ കുറ്റകൃത്യമാണു വെളിപ്പെടുന്നതെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ.കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.ബദറുദ്ദീൻ വിധി പറയുന്നത്.അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഇ.ഡി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണോ എന്നതിലെ നിയമപ്രശ്നമാണു ഹൈക്കോടതി പരിശോധിച്ചത്. ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിന്റെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഹർജി തന്നെ നിലനിൽക്കില്ലെന്നാണു സർക്കാരിന്റെ വാദം. ആദ്യം തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഇതുസംബന്ധിച്ചു സുപ്രീം കോടതി ഉത്തരവുണ്ടെന്നും സർക്കാർ അറിയിച്ചു.
Fashion ⏭️




