SPORTS
ബിസിസിഐ യോഗത്തിനു പിന്നാലെ രാജി പ്രഖ്യാപനവുമായി ഹർമൻപ്രീത് കൗർ, ഇന്ത്യൻ ടീമിനു പുതിയ ക്യാപ്റ്റൻ വരും

മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ച് ഹർമൻപ്രീത് കൗർ. ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പ് കിരീടവും ഏഷ്യൻ ഗെയിംസ് സ്വർണവും വിജയിച്ച ശേഷമാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള ഹർമൻപ്രീതിന്റെ പടിയിറക്കം. ഗുവാഹത്തിയിൽ ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ മാസങ്ങളിലെ പ്രകടനം വിലയിരുത്തിയുള്ള ബിസിസിഐ അവലോകന യോഗം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. ഏറെക്കാലം ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രവർത്തിക്കുന്ന സ്മൃതി മന്ഥനയ്ക്ക് ക്യാപ്റ്റൻസി ലഭിക്കും.‘‘ക്യാപ്റ്റനെന്ന നിലയിൽ പലപ്പോഴും ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. അത് പലർക്കും മനസ്സിലായില്ല. പല തീരുമാനങ്ങളും എളുപ്പമുള്ളതായിരുന്നില്ല. എന്നാൽ അതെല്ലാം ടീമിനു വേണ്ടിയിട്ടുള്ളതായിരുന്നു. താരങ്ങൾക്കു സ്വയം വിശ്വസിക്കാനും അവസരങ്ങൾ ലഭിക്കാനും വേണ്ടിയുള്ളതായിരുന്നു. ഇന്ത്യൻ ടീമിനെ മികച്ചൊരു സ്ഥാനത്തെത്തിച്ചെന്ന ആത്മവിശ്വാസത്തോടെയാണു സ്ഥാനമൊഴിയുന്നത്. ഞാൻ എന്റെ ഉത്തരവാദിത്തം പൂർത്തിയാക്കി.’’– ഹർമൻപ്രീത് കൗർ പറഞ്ഞു. ഈ വർഷം നടന്ന ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കാൻ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. അതിനു പുറമേ ട്വന്റി20യില്‍ ഹർമൻപ്രീതിന്റെ ബാറ്റിങ് പ്രകടനവും മോശമായതോടെയാണ് താരത്തിനെതിരായ വിമർശനം ശക്തമായത്. സ്മൃതി മന്ഥനയ്ക്ക് ക്യാപ്റ്റൻസി ചുമതല നൽകണമെന്ന ആവശ്യവും ശക്തമാകുന്നതിനിടെയാണ് ഹർമന്റെ പടിയിറക്കം.
Auto ⏭️




