SPORTS
ഒരു പരമ്പരകൊണ്ട് ഒരു താരവും മോശക്കാരനാകില്ല: വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടിവരുമെന്ന് ഗൗതം ഗംഭീർ

ലക്നൗ∙ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൗമാര താരം വൈഭവ് സൂര്യവംശിക്ക് തുടർച്ചയായ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് മനസ്സു തുറന്ന് പരിശീലകൻ ഗൗതം ഗംഭീർ. ട്വന്റി20യിൽ അഭിഷേക് ശർമയും സഞ്ജു സാംസണുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. മികച്ച ഫോമിലുള്ളപ്പോഴും ബഞ്ചിലാണ് വൈഭവിനു സ്ഥാനം. താരത്തിന് അവസരമൊരുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ മുറവിളി ഉയരുമ്പോഴാണ് ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കി ഗംഭീർ തന്നെ രംഗത്തെത്തിയത്. ടീമിലെ സാഹചര്യങ്ങളെക്കുറിച്ച് വൈഭവിനോടു നേരിട്ടു സംസാരിച്ചിട്ടുണ്ടെന്ന് ഗംഭീർ ജിയോ സ്റ്റാറിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.‘‘വൈഭവ് ഇന്നു കളിക്കുകയാണെങ്കില്‍, പുറത്തിരിക്കുന്നവരും ഞാനും തമ്മിലുള്ള ബുദ്ധിമുട്ടേറിയൊരു സംസാരത്തിനാകും അതു വഴിയൊരുക്കുക. അതു സഞ്ജുവായാലും അഭിഷേക് ആയാലും അങ്ങനെ തന്നെയാകും. കഴിഞ്ഞ ഒന്നര വർഷത്തോളമായി ടീമില്‍ അത്രയേറെ ഇംപാക്ട് ഉണ്ടാക്കിയ ഒരു കോംബിനേഷനെ മാറ്റിനിർത്തുകയെന്നത് അത്ര പെട്ടെന്നു സാധിക്കുന്ന കാര്യമല്ല. മൂന്നോ നാലോ തവണ പരാജയപ്പെട്ടെന്നു കരുതി, അവരെ മാറ്റിയിട്ട് മികച്ച ഫോമിലുള്ള ഒരു യുവതാരത്തെ കളിപ്പിക്കാൻ സാധിക്കില്ല. ഡ്രസിങ് റൂമിലെ സുരക്ഷിതത്വം ഞങ്ങൾക്കു നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ട് ചിലപ്പോഴെങ്കിലും നിങ്ങൾ അവസരത്തിനായി കാത്തിരിക്കേണ്ടിവരും.’’
Auto ⏭️




