SPORTS

അഫ്ഗാനിസ്ഥാനെതിരെ സഞ്ജു, ഏഷ്യൻ ഗെയിംസിൽ വൈഭവ്, വെസ്റ്റിൻഡീസിനെതിരെ ആരാകും ഓപ്പണർ?


ലക്നൗ ∙ ഏഷ്യൻ ഗെയിംസിലെ സ്വർണനേട്ടത്തിന്റെ പകിട്ടുമാറുന്നതിനു മുൻപ് ഇന്ത്യൻ ട്വന്റി20 ടീം നാട്ടങ്കത്തിന് ഇറങ്ങുന്നു. ഇന്ത്യ– വെസ്റ്റിൻഡീസ് 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ലക്നൗ എകാന സ്റ്റേഡിയത്തിൽ നട‌ക്കും. ഗെയിംസിൽ സ്വർണം നിലനിർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരും സംഘവും എത്തുന്നതെങ്കിൽ മറുവശത്ത് ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ നിരാശ മറികടക്കാൻ ആഗ്രഹിച്ചാണ് വിൻഡീസിന്റെ വരവ്. മത്സരം രാത്രി 7 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.അഭിഷേക് ശർമയ്ക്കൊപ്പം ആര് ഇന്നിങ്സ് ഓപ്പൺ ചെയ്യും? കഴിഞ്ഞ ഏതാനും പരമ്പരകളായി ഇന്ത്യൻ ട്വന്റി20 ടീമിനെ അലട്ടുന്ന പ്രധാന ആശങ്ക ഇതാണ്. സീനിയർ താരം സഞ്ജു സാംസണും യുവതാരം വൈഭവ് സൂര്യവംശിയുമാണ് ഓപ്പണിങ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജു ഓപ്പണറായപ്പോൾ ഏഷ്യൻ ഗെയിംസിൽ വൈഭവിന് അവസരം ലഭിച്ചു. ഇതോടെ വിൻഡീസ് പരമ്പരയിൽ ആർക്കാകും നറുക്കുവീഴുകയെന്ന കൗതുകത്തിലാണ് ആരാധകർ. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർ മധ്യനിരയിൽ ബാറ്റിങ്ങിനു കരുത്തേകും. ഓൾറൗണ്ടർമാരിൽ അക്ഷർ പട്ടേലും ശിവം ദുബെയും ഇലവനിൽ എത്തും.ബോളിങ് ഭീഷണിഏകദിന പരമ്പരയിൽ ബോളർമാർ തീർത്തും നിറംമങ്ങിയത് പരിശീലകൻ ഗംഭീറിനെ അലട്ടുന്നുണ്ട്. ട്വന്റി20യിൽ അത് ആവർത്തിക്കാതെ നോക്കുക എന്നതാവും കോച്ചിന്റെ പ്രധാന വെല്ലുവിളി. അർഷ്ദീപ് സിങ്ങിനൊപ്പം മയാങ്ക് യാദവും പ്രിൻസ് യാദവുമാകും പേസ് ബോളിങ്ങിന് കരുത്തേകുക. അക്ഷർ പട്ടേലിനൊപ്പം കുൽദീപ് യാദവ് രണ്ടാം സ്പിന്നറാകും.


Auto ⏭️

Back to top button