SPORTS
‘സഹായിച്ചത് തിരുവനന്തപുരത്തെ ക്യാംപ്’: ഗിൽ അല്ല, വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ‘ഇംപാക്ട് പ്ലെയർ’ ഈ താരം

ന്യൂ ചണ്ഡിഗഡ് ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ഇരട്ട സെഞ്ചറിയും ഒരു സെഞ്ചറിയുമടക്കം 334 റൺസാണ് ഗിൽ പരമ്പരയിലാകെ നേടിയത്. എന്നാൽ പരമ്പര 2–1നു വിജയിച്ചതിനു പിന്നാലെ മറ്റൊരു താരത്തെയാണ് ‘ഇംപാക്റ്റ് പ്ലെയർ ഓഫ് ദ് സീരീസ്’ ആയി ഇന്ത്യൻ ഡ്രസിങ് റൂം തിരഞ്ഞെടുത്തത്. സ്പിന്നർ കുൽദീപ് യാദവാണ് ആ താരം. ടീം ഫിസിയോതെറപ്പിസ്റ്റ് യോഗേഷ് പാർമർ ആണ് ഇംപാക്ട് പ്ലെയർ ആയി കുൽദീപിനെ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപാണ് ടോപ് വിക്കറ്റ് ടേക്കർ. ഇതിൽ തിരുവനന്തപുരത്ത് നടന്ന മത്സരത്തിലെ നാല് വിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു. കൂടാതെ പുരുഷ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ സ്പിന്നർ എന്ന നേട്ടവും താരം സ്വന്തമാക്കി.പരമ്പരയ്ക്ക് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന പരിശീലന ക്യാംപ് തന്റെ ഫോം വീണ്ടെടുക്കാൻ എങ്ങനെ സഹായിച്ചെന്നും താരം വ്യക്തമാക്കി. ‘‘ആദ്യമായി, പരമ്പര വിജയത്തിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇതിന്റെ വലിയൊരു ക്രെഡിറ്റ് ശുഭ്മൻ, വിരാട് ഭായ്, കെ.എൽ ഭായ്, രോഹിത് ഭായ് എന്നിവർക്കാണ്, പ്രത്യേകിച്ച് അവരുടെ ബാറ്റിങ്ങിന്. ഈ പുരസ്കാരം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്, കാരണം പരമ്പര തുടങ്ങുന്നതിന് മുൻപ് തിരുവനന്തപുരത്ത് ഞങ്ങൾക്ക് കുറച്ച് പരിശീലന സെഷനുകൾ ഉണ്ടായിരുന്നു. ഞാൻ മികച്ച ഫോമിലാണെന്ന് അവിടെവച്ച് എനിക്ക് തോന്നി. മത്സരങ്ങളിലും ആ ഫോം തുടരാനാണ് ഞാൻ ആഗ്രഹിച്ചത്, ഭാഗ്യവശാൽ കാര്യങ്ങളെല്ലാം നന്നായി നടന്നു. അതുകൊണ്ട് ഇത് വളരെ സവിശേഷമായ ഒന്നാണ്. എല്ലാവർക്കും നന്ദി.’’– കുൽദീപ് പറഞ്ഞു.
Auto ⏭️




