NEWS
ഇറാനെ ‘തകർക്കാൻ’ യുഎസിന്റെ 3-ാം യുദ്ധക്കപ്പലും 10,000 സൈനികരും; ചൈനയുടെ ‘കുളം കലക്കലിൽ’ കുതിച്ച് എണ്ണ, ഇന്ത്യയ്ക്ക് ‘അവധി’ ആശ്വാസം

ഇറാനെതിരായ സൈനിക, സാമ്പത്തിക ആക്രമണങ്ങളിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഎസ്. സൈനിക ആക്രമണം തുടരുമെന്ന സൂചനയുമായി മൂന്നാമത്തെ വിമാനവാഹിനി യുദ്ധക്കപ്പലും 10,000 സൈനികരെയും യുഎസ് പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയാകുന്ന നവംബർ അവസാനത്തോടെയാകും കപ്പലും സൈനികരും ഒപ്പം ഒട്ടേറെ യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിൽ എത്തുകയെന്ന് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ യുഎസ് ആക്രമണം കടുപ്പിച്ചേക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബോംബിടൽ; തീപിടിച്ച് ക്രൂഡോയിൽ യുഎസ്എസ് തിയോഡോർ റൂസ്‍വെൽറ്റ് എന്ന വിമാനിവാഹിനി കപ്പലാണ് സാൻഡിയാഗോയിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് തിരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാനിലെ ബോംബിടൽ യുഎസ് പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിട്ടുമുണ്ട്. സമാധാനം ഉറപ്പിക്കാൻ ന്യൂയോർക്കിലും ഖത്തർ, പാക്കിസ്ഥാൻ എന്നിവരുടെ മധ്യസ്ഥതയിൽ പരോക്ഷമായും നടന്ന ചർച്ചകൾ പൊളിഞ്ഞെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് യുഎസിന്റെ പുതിയ ‘പ്രകോപന’ നടപടി. യുഎസ് മൂന്നാം യുദ്ധക്കപ്പലും അയച്ചെന്ന റിപ്പോർട്ടിന് പിന്നാലെ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുകയറി. ഇതിനിടെ, ചൈന ‘എരിതീയിൽ എണ്ണ’യിട്ടതും ക്രൂഡോയിൽ വിലക്കുതിപ്പിന്റെ ആക്കംകൂട്ടി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.37% മുന്നേറി 102.3 ഡോളറിലെത്തി. ഇന്നലെ വില 97 ഡോളറിലേക്ക് താഴ്ന്നിരുന്നു. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 0.14% ഉയർന്ന് 93 ഡോളറിലാണുള്ളത്. ഇന്നലെ ഒരുവേള 90 ഡോളറിന് താഴെയായിരുന്നു വില. എരിതീയിൽ എണ്ണയിട്ട് ചൈന ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള പെട്രോളിയം കയറ്റുമതി വേണ്ടെന്ന് ചൈനീസ് എണ്ണക്കമ്പനികൾ തീരുമാനിച്ചതാണ് എണ്ണവില വർധനയുടെ കാഠിന്യം കൂട്ടിയത്. ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കാനാണ് കയറ്റുമതി വേണ്ടെന്നുവച്ചത്. ഇറാൻ യുദ്ധത്തിന് പുറമേ റഷ്യ-യുക്രെയ്ൻ യുദ്ധവും മൂലം ആഗോളതലത്തിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കയറ്റുമതി നിർത്തിവയ്ക്കാനുള്ള ചൈനയുടെ തീരുമാനം. പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നതും എണ്ണവില വർധനയും പണപ്പെരുപ്പപ്പേടി കൂടാനിടയാക്കും. യുഎസിൽ അടക്കം പലിശഭാരം കൂടാനുള്ള സാധ്യതയും ഏറുകയാണ്. ഇത് യുഎസ് ഡോളർ സൂചികയെ 0.58% ഉയർത്തി 102.04ൽ എത്തിച്ചു. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 2002 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയരമായ 5.344 ശതമാനത്തിലെത്തി. 30-വർഷ ട്രഷറി യീൽഡ് 24 വർഷത്തെ ഉയരമായ 5.613 ശതമാനത്തിലും. ഇന്ത്യയ്ക്ക് യുഎസിന്റെ ബോണ്ട് ആഘാതം 10-വർഷ ബോണ്ട് യീൽഡ് പിന്നീട് അൽപം കുറഞ്ഞത് യുഎസ് ഓഹരി വിപണികൾക്ക് ആശ്വാസമായി. എസ് ആൻഡ് പി500 സൂചിക 0.19%, നാസ്ഡാക് 0.04%, ഡൗ ജോൺസ് 0.04% എന്നിങ്ങനെ നേരിയ നേട്ടമുണ്ടാക്കി. യുഎസ് ബോണ്ട് യീൽഡുകൾ കുതിച്ചുകയറുന്നത് ഇന്ത്യയ്ക്ക് ആഘാതമാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണംപിൻവലിക്കുന്ന വിദേശ നിക്ഷേപകർ അതു ബോണ്ടിലേക്ക് മാറ്റുന്നു. സെൻസെക്സ് ഇന്നലെയും 570 പോയിന്റ് (-0.79%) ഇടിഞ്ഞ് 71,909ലും നിഫ്റ്റി 198 പോയിന്റ് (-0.88%) നഷ്ടവുമായി 22,421ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 8ന്റെ ‘പണി കിട്ടിയ’ വിപണി തുടർച്ചയായ 8-ാം ആഴ്ചയിലാണ് ഇന്ത്യൻ വിപണി നഷ്ടം നേരിടുന്നത്. 25 വർഷത്തിനിടെ ഇത്രയും ആഴ്ച തുടർച്ചയായ നഷ്ടം ഇതാദ്യം. ഈയാഴ്ച മാത്രം കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് 20 ലക്ഷം കോടി നഷ്ടപ്പെട്ടു. യുഎസ് ബോണ്ട് യീൽഡ് മുന്നേറ്റം, വിദേശ നിക്ഷേപ നഷ്ടം, ക്രൂഡോയിൽ വില വർധന, ഡോളറിനെതിരെ 96നും താഴേക്കുപോയ രൂപയുടെ തകർച്ച, ഐടി, വാഹന ഓഹരികളിലെ വിറ്റൊഴിയൽ സമ്മർദം എന്നിവയാണ് പ്രധാനമായും ഇന്ത്യൻ ഓഹരികളെ വലയ്ക്കുന്നത്. അതേസമയം, ഗാന്ധിജയന്തി പ്രമാണിച്ച് ഇന്ന് ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയാണ്. ഇറാനുമേൽ കൂടുതൽ ഉപരോധ ബോംബ് ഇറാനെതിരെ സാമ്പത്തികയുദ്ധവും കടുപ്പിക്കുകയാണ് യുഎസ്. കപ്പൽ ഉപരോധം, വിമാന വിലക്ക്, വിദേശ ആസ്തി മരവിപ്പിക്കൽ തുടങ്ങിയവയ്ക്ക് പിന്നാലെ ഇറാനിലെ വാഹന, റെയിൽ മേഖലകൾക്കും യുഎസ് ട്രഷറി വകുപ്പ് ഇന്നലെ ഉപരോധം പ്രഖ്യാപിച്ചു. ഇറാനിലെ കമ്പനികളുമായി സഹകരിക്കുന്ന ചൈനീസ് കമ്പനിയായ ഹെപ്കോയ്ക്ക് ഉൾപ്പെടെ ഉപരോധമുണ്ട്.ഇറാനെ സാമ്പത്തികമായി പൊറുതിമുട്ടിക്കുകയാണ് യുഎസിന്റെ ലക്ഷ്യം. റഷ്യയും ഇറാനും തമ്മിൽ ‘രഹസ്യമായി’ ബാങ്കിങ് ഇടപാടുകൾ നടക്കുന്നുവെന്ന് കരുതുന്ന എ7 നെറ്റ്‍വർക്കിനും യുഎസ് ഉപരോധം പ്രഖ്യാപിച്ചു. ഈ നടപടികളെല്ലാം ഇറാനെതിരായ യുഎസിന്റെ ‘ഓപറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്റെ’ ഭാഗമാണെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറയുന്നത്. എണ്ണവില കൂട്ടാൻ ഹൂതി സൗദി അറേബ്യയിൽ ചില മേഖലകളിൽ മിസൈൽ ആക്രമണം നടത്താൻ യെമനിലെ ഹൂതി വിമതർ ശ്രമിച്ചെങ്കിലും വിജയകരമായി ചെറുത്തെന്ന് സൗദി സഖ്യസേന വ്യക്തമാക്കി. ഹൂതികൾ സൗദിയെ ശല്യം ചെയ്യുന്നത് തുടരുന്നതും മേഖലയിൽ ആശങ്ക വിതയ്ക്കുന്നുണ്ട്. എണ്ണവില വർധനയ്ക്ക് ഇതുമൊരു കാരണമാണ്.
Fashion ⏭️




