LIFESTYLE

‘നീ പെൺകുട്ടിയാണ്, ഇതൊന്നും ശരിയല്ല’…’സദാചാര പൊലീസായി’ വീട്ടുടമ; അനുഭവം പങ്കുവച്ച് യുവതി


ടെക് നഗരമായ ബെംഗളൂരുവിലേക്ക് തൊഴിൽ ആവശ്യങ്ങൾക്കായി ചേക്കേറുന്ന അവിവാഹിതരായ യുവാക്കളും യുവതികളും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വാടകവീടുകൾ കണ്ടെത്തലും അതിനുശേഷമുള്ള വീട്ടുടമസ്ഥരുടെ അനാവശ്യ നിയന്ത്രണങ്ങളും. വാക്കാലുള്ള ഉറപ്പുകൾ വിശ്വസിച്ച് വീടെടുത്ത് ഒടുവിൽ വീട്ടുടമയുടെ അനാവശ്യ ഇടപെടലുകൾക്കും മോറൽ പൊലീസിങ്ങിനും ഇരയാകേണ്ടി വന്ന ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ വലിയ ചർച്ചയാകുന്നത്.20–ാം ദിവസം എല്ലാം മാറി ബെംഗളൂരുവിൽ പ്രതിമാസം 14,000 രൂപ വാടകയ്ക്കാണ് യുവതി 1ബിഎച്ച്കെ അപ്പാർട്മെന്റ് എടുത്തത്. ഓഫിസിലേക്കുള്ള എളുപ്പവഴിയും മിതമായ വാടകയും ശാന്തമായ അന്തരീക്ഷവും കണ്ടപ്പോൾ അതൊരു മികച്ച ഓപ്ഷനാണെന്ന് യുവതി കരുതി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തടസ്സമില്ലാതെ വരാൻ സാധിക്കണമെന്ന നിബന്ധന യുവതി നേരത്തെ മുന്നോട്ടുവച്ചിരുന്നു. വീട്ടുടമസ്ഥർ സൗമ്യസ്വഭാവക്കാരാണെന്ന ബ്രോക്കറുടെ ഉറപ്പും വാടക കരാർ കൈകാര്യം ചെയ്തിരുന്ന വീട്ടുടമയുടെ മകൻ നൽകിയ മറുപടിയും യുവതിക്ക് ആത്മവിശ്വാസം നൽകി. അതിഥികൾക്ക് രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ താമസിക്കാൻ കഴിയില്ലെന്നൊഴിച്ചാൽ സുഹൃത്തുക്കളുടെ സന്ദർശനത്തിൽ തടസ്സമില്ലെന്നായിരുന്നു മകൻ ഉറപ്പുനൽകിയത്. എന്നാൽ, താമസം തുടങ്ങി വെറും 20 ദിവസങ്ങൾ തികയും മുൻപേ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.കറന്റ് ബില്ലിനെ ചൊല്ലി ആദ്യ തർക്കം ആദ്യത്തെ തർക്കം ഉടലെടുത്തത് വൈദ്യുതി ബില്ലിനെച്ചൊല്ലിയായിരുന്നു. യുവതി താമസത്തിനെത്തുന്നതിന് മുൻപുള്ള കുടിശ്ശിക തുകയും ആദ്യത്തെ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. റഫ്രിജറേറ്ററും വാഷിങ് മെഷീനും രണ്ടാഴ്ച മുൻപ് മാത്രമാണ് വീട്ടിലെത്തിച്ചതെന്നും, അതിനാൽ തന്റെ യഥാർഥ ഉപയോഗം വളരെ കുറവാണെന്നും അവർ വീട്ടുടമയോട് വ്യക്തമാക്കി. എന്നാൽ ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ വീട്ടുടമസ്ഥൻ മുഴുവൻ ബില്ലും അടയ്ക്കണമെന്ന് ദേഷ്യപ്പെട്ടു. മുൻപത്തെ കുടിശ്ശിക തുക പിന്നീട് തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പെരുമാറ്റത്തിലെ മാറ്റം യുവതിയിൽ ആശങ്കയുണ്ടാക്കി.‘പെൺകുട്ടിയല്ലേ…’ യുവതിയുടെ കാമുകൻ വീട് സന്ദർശിച്ചതോടെയാണ് പ്രശ്നങ്ങൾ ഗുരുതരമായത്. വീട്ടിലേക്ക് ആരൊക്കെയാണ് വരുന്നതെന്ന് അന്വേഷിച്ച ഉടമ, അത്തരം സന്ദർശനങ്ങൾ അനുവദിക്കില്ലെന്ന് തുറന്നടിച്ചു. അവിവാഹിതയായ പെൺകുട്ടിയായതുകൊണ്ട് ഇത്തരം സന്ദർശനങ്ങൾ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സന്ദർശകൻ സഹോദരനാണോ എന്ന് ചോദിച്ച അദ്ദേഹം, അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖ കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.‘ആരെങ്കിലും കണ്ടാൽ അവർ എന്തുപറയും? നീ ഒരു പെൺകുട്ടിയാണ്, അവിവാഹിതയാണ്. ഇതൊന്നും ശരിയല്ല’, എന്ന് പറഞ്ഞ് വീട്ടുടമസ്ഥൻ തന്നെ പ്രകോപിപ്പിച്ചതായി യുവതി ഓർക്കുന്നു. താമസം തുടങ്ങുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നതാണെന്നും നിങ്ങളുടെ മകൻ അതിന് സമ്മതിച്ചതാണെന്നും യുവതി ചൂണ്ടിക്കാണിച്ചെങ്കിലും അതൊന്നും കണക്കിലെടുക്കാൻ അദ്ദേഹം തയാറായില്ല. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും പ്രായമായവരും കുടുംബങ്ങളുമായതിനാൽ, താൻ എപ്പോഴും നിരീക്ഷണത്തിലാണെന്ന മാനസിക സമ്മർദത്തിലാണ് യുവതിയിപ്പോൾ.വാടക തർക്കം താമസം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഔദ്യോഗികമായി വാടക കരാർ നൽകാൻ ഉടമ തയാറായിരുന്നില്ല. ഒടുവിൽ അയച്ചുകിട്ടിയ കരാറിന്റെ ഡ്രാഫ്റ്റിൽ അപ്രതീക്ഷിത വ്യവസ്ഥകൾ ഉണ്ടായിരുന്നു. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീട്ടിൽ താമസിപ്പിക്കണമെങ്കിൽ വീട്ടുടമയുടെ ‘രേഖാമൂലമുള്ള അനുമതി’ വേണമെന്ന വ്യവസ്ഥ അതിൽ കൂട്ടിച്ചേർത്തിരുന്നു. മാത്രമല്ല, അപ്പാർട്മെന്റ് യുവതിയുടെ മാത്രം വ്യക്തിപരമായ താമസത്തിന് മാത്രമുള്ളതാണെന്നും അതിൽ വ്യക്തമാക്കിയിരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്ന കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല. വീടൊഴിയുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തുക തിരികെ നൽകാമെന്ന് വാക്കാൽ പറഞ്ഞെങ്കിലും അത് കരാറിൽ എഴുതിച്ചേർക്കാൻ ഉടമ വിസമ്മതിച്ചു.


Cinema ⏭️

Back to top button