NEWS
മൈക്ക് ലഭിക്കുന്നവർ മാത്രം ചോദ്യം ചോദിക്കുന്നത് കൂടുതൽ പ്രശ്നമാകും; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളന രീതിയിൽ മാറ്റങ്ങളില്ല

തിരുവനന്തപുരം ∙ മന്ത്രിസഭായോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടത്തുന്ന രീതിയിൽ തൽക്കാലം മാറ്റങ്ങളില്ല. ചോദ്യം ചോദിക്കുന്നവർക്ക് മൈക്ക് നൽകുന്ന രീതി കൊണ്ടുവരുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതു ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒരേസമയം ഒന്നിലധികം പേർ ചോദ്യം ചോദിക്കുന്നതാണ് ഇപ്പോഴത്തെ രീതി. മൈക്ക് ലഭിക്കുന്നവർ മാത്രം ചോദ്യം ചോദിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകും. മൈക്കിനു വേണ്ടി തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. പകരം എന്തു സംവിധാനമാണ് ഫലപ്രദമെന്ന് മാധ്യമങ്ങളുടെ പ്രതിനിധികളുമായി ചർച്ചചെയ്യുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. പബ്ലിക് റിലേഷൻസ് ഡയറക്ടർ ഇതിനായി പ്രത്യേകയോഗം വിളിക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിൽ നിന്ന് എത്തുന്നതനുസരിച്ചാകും ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ സമയം നിശ്ചയിക്കുക. രാവിലെ അദ്ദേഹത്തിന് ഓഫിസിലെത്താൻ കഴിഞ്ഞാൽ രാവിലെതന്നെ മന്ത്രിസഭായോഗം ചേരും. എങ്കിൽ യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണും. യോഗം വൈകിട്ടത്തേക്കു മാറ്റിയാൽ വാർത്താസമ്മേളനം ഒഴിവാക്കാനാണു സാധ്യത.
Fashion ⏭️




