NEWS

വിഴിഞ്ഞത്ത് മീൻപിടിത്ത തുറമുഖം: ഒക്ടോബർ ആദ്യവാരം തറക്കല്ലിടൽ; 271 കോടി രൂപ വകയിരുത്തി പദ്ധതി


വിഴിഞ്ഞം ∙ ആധുനിക സൗകര്യങ്ങളോടെയുള്ള മീൻപിടിത്ത തുറമുഖത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ ആദ്യവാരം നടക്കും. ഒക്ടോബർ 7നും 9നും ഇടയിലാകും ചടങ്ങ്. മുഖ്യമന്ത്രി വി.ഡി.സതീശൻ തറക്കല്ലിടും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയോടനുബന്ധിച്ച് നിർമിക്കുന്ന ആധുനിക മീൻപിടിത്ത തുറമുഖത്തെ കൂടാതെ നിലവിലെ മീൻപിടിത്ത തുറമുഖത്തിന്റെ നവീകരണം, ഹാർബറിലേക്ക് കാലവർഷ തിരയടി പ്രതിരോധിക്കുന്നതിന് ആവിഷ്കരിച്ച പുലിമുട്ട് ദീർഘിപ്പിക്കൽ പദ്ധതി എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും നടക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി കുടിശിക വിതരണവും ചടങ്ങിൽ നടക്കും. സർ‌ക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി എന്ന നിലയ്ക്കാണ് പുതിയ മീൻപിടിത്ത തുറമുഖത്തിന്റെ ഉദ്ഘാടനം.രാജ്യാന്തര തുറമുഖത്തിനും നിലവിലെ മീൻപിടിത്ത തുറമുഖത്തിനും മധ്യേയുള്ള വലിയ കടപ്പുറം എന്നറിയുന്ന വിശാല തീരത്താണ് പുതിയ തുറമുഖം വരുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ(വിസിൽ) നേതൃത്വത്തിലാണ് 271 കോടി രൂപ വകയിരുത്തിയ പദ്ധതി. മീൻപിടിത്ത തുറമുഖ പദ്ധതി ഭാഗമായി രാജ്യാന്തര തുറമുഖത്തെ വലിയ പുലിമുട്ടിനോട്(ബ്രേക്‌വാട്ടർ) ചേർന്ന് ഏകദേശം 135 മീറ്റർ നീളമുള്ള ചെറിയ പുലിമുട്ട് പണിയും. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപം സജ്ജമാക്കാനുദ്ദേശിക്കുന്ന ഉദ്ഘാടന വേദി സ്ഥലം എം.വിൻസന്റ് എംഎൽഎ, വിസിൽ ഉദ്യോഗസ്ഥ സംഘം എന്നിവർ ഇന്നലെ സന്ദർശിച്ചു.


Fashion ⏭️

Back to top button