NEWS

പന്ത് യുഎസിന്റെ കോർട്ടിലേക്ക് തട്ടി ഇറാൻ; കയ്യോടെ തള്ളി ട്രംപ്, എണ്ണത്തീയിൽ വിപണി, ചുവപ്പണിയാൻ ഇന്ത്യ, സ്വർണവും ഇടിഞ്ഞു


യുഎസും ഇറാനും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതും എണ്ണവില വർധനയും സൃഷ്ടിക്കുന്ന ആശങ്ക ആഗോള ഓഹരി വിപണികൾക്കും സ്വർണത്തിനും കനത്ത തിരിച്ചടിയാകുന്നു. ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വീണേക്കുമെന്ന സൂചന രാവിലെ ഗിഫ്റ്റ് നിഫ്റ്റി നൽകി. രാജ്യാന്തര സ്വർണവിലയും കൂപ്പുകുത്തി. പലിശപ്പേടിയും യുഎസ് ബോണ്ട് യീൽഡിന്റെ കുതിപ്പും വിപണികൾക്ക് ആഘാതമാവുകയാണ്. യുഎസുമായി യുദ്ധം കൂടുതൽ കടുപ്പിക്കാൻ ഇറാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. സമാധാന പ്ലാൻ യുഎസ് അംഗീകരിച്ചാൽ 7 ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, ദുർബലന്റെ ആക്രോശമാണിതെന്ന് പരിഹസിച്ച് നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. യുഎസിൽ‌ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനുമേൽ‌ വീണ്ടും ബോംബിടുന്നത് പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ‘ഞങ്ങളുടെ പണം ഞങ്ങൾക്ക് വേണം’ എൻബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അബ്ബാസ് അരഗ്ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ‘‘ഞങ്ങളെന്തിനാണ് ചർച്ചയ്ക്ക് പോകുന്നത്? അതിന്റെ ഒരാവശ്യവും ഞങ്ങൾ‌ക്കില്ല. പക്ഷേ, സമാധാനത്തിനുള്ള ഒരു അവസരവും നഷ്ടപ്പെടരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ചർച്ചയ്ക്ക് ഇപ്പോഴും തയാറായി നിൽക്കുന്നത്. ഇനിയിപ്പോൾ വെല്ലുവിളി നേരിടാനാണെങ്കിൽ സർവ വ്യാപക യുദ്ധത്തിന് ഇറാൻ തയാറാണ്’’ – അരഗ്ചി പറഞ്ഞു.  ‘‘യുദ്ധം തുടരണോയെന്ന് ട്രംപ് ആണ് തീരുമാനിക്കേണ്ടത്. ഞങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങൾ ട്രംപ് തള്ളിയെന്ന് ഔദ്യോഗികമായി യുഎസ് ഞങ്ങളെ അറിയിച്ചിട്ടില്ല. ചർച്ചയ്ക്ക് ഇറാൻ തയാറാണ്. അനധികൃതമായി തടഞ്ഞുവച്ച ഞങ്ങളുടെ പണവും ആസ്തികളും വിട്ടുതരണം. ഞങ്ങളുടെ എണ്ണ വിൽക്കാൻ ഞങ്ങളെ അനുവദിക്കണം’’ – അരഗ്ചി പറഞ്ഞു. ചർച്ച വേണമെന്നാണ് ഇറാൻ പറയുന്നതെങ്കിലും അത് യുഎസിന്റെ താൽപ്പര്യത്തിന് അനുസരിച്ചല്ലെന്ന് വ്യക്തമാക്കിയാണ് നിർദേശങ്ങൾ ട്രംപ് തള്ളിയത്. ഇറാനെ സാമ്പത്തികമായി കൂടുതൽ ഞെരുക്കാനായി വിവിധ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയയ്ക്കാനുള്ള ഒരുക്കത്തിലാണ് യുഎസ്. ചൈനയും ഇറാനെ കൈവിടുകയാണെന്ന് പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ്, ഇറാനിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണ കയറ്റുമതിയും വൈകാതെ നിലയ്ക്കുമെന്ന് വ്യക്തമാക്കി. ഇറാൻ തരിപ്പണമായെന്ന് ട്രംപ്; ചർച്ചവേണമെന്ന് പെസെഷ്കിയാൻ ഇറാൻ സാമ്പത്തികമായി തരിപ്പണമായെന്ന് ട്രംപ് മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. ‘‘അവരുടെ കറൻസി വെറും കടലാസായി മാറി. ഒരു വിലയുമില്ല. അവരുടെ പണപ്പെരുപ്പം 300 ശതമാനമാണ്. 318 ശതമാനമായെന്നും കേൾക്കുന്നു. അവരുടെ പണം തകർന്നു. സമ്പത്ത് തകർന്നു. സൈന്യവും തകർന്നു’’ – ട്രംപ് പറഞ്ഞു. അതേസമയം, ചർച്ചയ്ക്ക് യുഎസും സന്നദ്ധമാണെന്നും ഇറാനെതിരായ യുദ്ധം ഉടൻ തീരുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. നവംബറിന് മുൻപ് ഇറാനെ വീണ്ടും ആക്രമിക്കാൻ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘‘ഞാൻ എപ്പോഴും അതാണ് ആലോചിക്കുന്നത്’’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ∙ പശ്ചിമേഷ്യയിൽ നിലവിൽ ശ്രദ്ധാകേന്ദ്രമാകുന്നത് സൗദി അറേബ്യയാണ്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ സൗദിയുടെ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾ ഉൾപ്പെടെ ഉന്നമിട്ട് ആക്രമണം നടത്തുകയാണ്. മിസൈലുകൾ വിജയകരമായി പ്രതിരോധിക്കാൻ സൗദി സഖ്യസേനയ്ക്ക് കഴിയുന്നുണ്ടെങ്കിലും ആശങ്ക നിഴലിക്കുന്നു. റിയാദിൽ സ്കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് കടന്നെന്ന് റിപ്പോർട്ടുകളുണ്ട്. ∙ ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാവില്ലെന്ന് ട്രംപ് വീണ്ടും പറഞ്ഞു. എന്നാൽ, ആണവായുധം നിർമിക്കുക ഇറാന്റെ ലക്ഷ്യമല്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പറഞ്ഞു. ചർച്ചയിലൂടെ മാത്രമേ ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം നിർത്താനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ∙ ഹോർമുസ് കടലിടുക്ക് വഴി കഴിഞ്ഞയാഴ്ച 20 മില്യനിലധികം ബാരൽ എണ്ണ കടന്നുപോയെന്നും ഹോർമുസിന്റെ പൂർണ നിയന്ത്രണം യുഎസിനാണെന്നും ട്രംപ് പറഞ്ഞു. കണ്ണീർക്കയത്തിലേക്ക് വിപണികൾ; സ്വർണത്തിനും ഇടിവ് ഇറാനും യുഎസും തമ്മിലെ പോർവിളി കനത്തതോടെ ക്രൂഡോയിൽ വില വീണ്ടും കുതിപ്പ് തുടങ്ങി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.59% ഉയർന്ന് 106 ഡോളറായി. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 1.18% വർധിച്ച് 93.50 ഡോളറും. എണ്ണവില വർധന ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണിയും ഉയർത്തുന്നു. യുഎസിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂടാനുള്ള സാഹചര്യവും ശക്തമായതോടെ യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ബോണ്ട് യീൽഡ്) മുന്നേറുകയാണ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ഉയരത്തിലെത്തിയ 10-വർഷ ബോണ്ട് യീൽഡ് ഇപ്പോഴുള്ളത് 5.205 ശതമാനത്തിലാണ്. 2007ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. 30-വർഷ ട്രഷറി ബോണ്ട് യീൽഡ് 2004ന് ശേഷമുള്ള ഉയരത്തിലുമെത്തി.  ഇതോടെ യുഎസ് ഡോളർ സൂചികയും 101ന് മുകളിൽ ശക്തമായ നിലയിൽ തുടരുന്നു; രണ്ടുമാസത്തിനിടയിലെ ഏറ്റവും മികച്ച മൂല്യമാണിത്. ബോണ്ട് യീൽഡുകളുടെ മുന്നേറ്റമാണ് ഓഹരി വിപണികളെ തകർക്കുന്ന പ്രധാന ഘടകം. നിക്ഷേപകർ ഓഹരികളെ കൈവിട്ട് ബോണ്ടിലേക്ക് പണമൊഴുക്കുന്നതാണ് തിരിച്ചടി. ബോണ്ട് യീൽഡ്, ഡോളർ എന്നിവയുടെ മുന്നേറ്റവും ഇനിയും പലിശനിരക്ക് കൂടിയേക്കുമെന്ന വിലയിരുത്തലുകളും സ്വർണത്തിനും തിരിച്ചടിയായി. രാജ്യാന്തര സ്വർണവില ഔൺസിന് 73.22 ഡോളർ ഇടിഞ്ഞ് 4213.7 ഡോളറിലാണുള്ളത്. ഒരുവേള 4207 ഡോളറിലും എത്തിയിരുന്നു. കേരളത്തിൽ ഇന്നു രാവിലെ സ്വർണവില ഇടിയാനാണ് സാധ്യത. ചുവപ്പണിയാൻ ഇന്ത്യയും യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ‍‍ഡൗ, എസ് ആൻഡ് പി500, നാസ്ഡാക് 100 എന്നിവ 0.4% വരെ താഴ്ന്നു. ഏഷ്യൻ വിപണികൾ സമ്മിശ്രമാണ്. ജാപ്പനീസ് നിക്കേയ് 0.07%, ഹോങ്കോങ് 0.77% എന്നിങ്ങനെ ഉയർന്നു; ഷാങ്ഹായ് 1.08%, ദക്ഷിണ കൊറിയയുടെ കോസ്പി 0.41% എന്നിങ്ങനെ നഷ്ടത്തിലായി. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 70ലേറെ പോയിന്റ് താഴ്ന്നു. സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണിത് നൽകുന്നത്.  ∙ ഇറാന്റെ സമാധാന പ്ലാൻ ട്രംപ് തള്ളിയതോടെ ഹോർമുസ് ഉടനെങ്ങും തുറക്കില്ലെന്ന് ഉറപ്പായി. ഇതോടെ എണ്ണവില വർധിക്കുന്നത് ഓഹരി വിപണിക്കും രൂപയ്ക്കും തിരിച്ചടിയാകുന്നു. ∙ രൂപ കഴിഞ്ഞ സെഷനിൽ ഡോളറിനെതിരെ 19 പൈസ ഉയർന്ന് 95.80ൽ എത്തിയിരുന്നു. ഇന്ന് സമ്മർദത്തിലേക്ക് വീഴാം. ∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) കഴിഞ്ഞ സെഷനിൽ 3694 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു. വിദേശ നിക്ഷേപകരുടെ ഈ മനോഭാവവും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയാണ്.


Fashion ⏭️

Back to top button