NEWS
യുദ്ധം തീർന്നാലും ട്രംപിനെയും ബിബിയെയും വെറുതേ വിടില്ല, വെല്ലുവിളിയുമായി ഇറാൻ; യുഎസ്-ചൈന തർക്കത്തിൽ വഴിത്തിരിവ്, വീണ്ടും പലിശപ്പേടി

വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനത്തിലേക്ക് നീങ്ങാമെന്ന ഇറാൻ നിർദേശം യുഎസ് തള്ളിയതോടെ രാജ്യാന്തര തലത്തിൽ ആശങ്ക പുകയുന്നു. യുഎസിൽ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ഇരുരാജ്യങ്ങളും പൂർണതോതിലുള്ള യുദ്ധത്തിലേക്ക് പോകുമെന്നാണ് അഭ്യൂഹങ്ങൾ. അതിനിടെ സമാധാന നിർദേശത്തിൽ യുഎസിന്റെ ഔദ്യോഗിക പ്രതികരണം ലഭിക്കുന്നതു വരെ കാത്തിരിക്കാമെന്നു ഇറാൻ മധ്യസ്ഥരെ അറിയിച്ചത് ശുഭസൂചകമാണ്. നയതന്ത്ര വഴിയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് ഇറാന്റെ നിലപാടെന്നാണ് കരുതുന്നത് . ഹോർമുസ് കടലിടുക്ക് തുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഇനി ട്രംപിന്റെ കയ്യിലാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഇതോടെ ഇക്കാര്യത്തിൽ ട്രംപ് എന്ത് നിലപാടെടുക്കുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. സമാധാനത്തിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചാൽ ക്രൂഡോയിൽ വില ഇനിയും ഇടിയും. ഓഹരി വിപണികൾ നേട്ടത്തിലാകും. സ്വർണവില ഇനിയും ഉയരും. മറിച്ചായാൽ ഇവയെല്ലാം വിപരീത ദിശയിലേക്ക് നീങ്ങാനും സാധ്യത. ∙ ലക്ഷ്യം ട്രംപും നെതന്യാഹുവും അതേസമയം, യുദ്ധം കഴിഞ്ഞാലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും വെറുതേവിടില്ലെന്ന് ഇറാൻ സൈനിക വക്താവ് അബുൽഫസൽ. അധികാരത്തിലുണ്ടായാലും ഇല്ലെങ്കിലും ഇരുവരും അവരുടെ തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി അമേരിക്കയെ തുടരാൻ ഇറാൻ അനുവദിക്കില്ല. പശ്ചിമേഷ്യയിൽ നിന്ന് എത്രയും വേഗം പിന്മാറുന്നതാണ് യുഎസിന് നല്ലത്. ലോകവ്യാപാര മേഖലയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഇടപെടാമെന്ന് അബുൽഫസൽ പറഞ്ഞു. ∙ ചൈന-യുഎസ് തീരുവ തർക്കം തീരുന്നു? ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ ചൈനയും യുഎസും തമ്മിലുള്ള വ്യാപാര തർക്കത്തിൽ നിർണായക വഴിത്തിരിവ്. 3000 കോടി ഡോളറിന്റെ തീരുവ വെട്ടിക്കുറയ്ക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള വിഷയങ്ങളിൽ യുഎസുമായി ചർച്ച നടത്താൻ തീരുമാനിച്ചതായും ചൈന. എട്ട് വിഷയങ്ങളിലാണ് ധാരണ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം. വ്യാപാര വിഷയത്തിൽ കൂടുതൽ സഹകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. കൂടുതൽ മെച്ചപ്പെട്ട വ്യാപാര കരാറിലെത്താൻ തുടർ ചർച്ചകളും നടക്കും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തു വിടുമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ∙ പലിശപ്പേടി മുറുകുന്നു 10 വർഷ കാലാവധിയുള്ള യുഎസ് കടപ്പത്രങ്ങളുടെ യീൽഡ് 2007നു ശേഷമുള്ള ഉയർന്ന നിലയിലെത്തിയതും ഈ ആഴ്ച നിക്ഷേപകരെ സ്വാധീനിക്കും. അമേരിക്കയിലെ വായ്പാ നിരക്കിനെ സ്വാധീനിക്കാൻ ശേഷിയുള്ള ബോണ്ട് യീൽഡ് വെള്ളിയാഴ്ച 5.23 ശതമാനമായി വർധിച്ചിരുന്നു. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ വീണ്ടും അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷ വർധിച്ചതാണ് യീൽഡ് കുതിപ്പിന് പിന്നിലെന്നാണ് കരുതുന്നത്. ഒക്ടോബറിൽ നിരക്ക് വർധിപ്പിക്കാൻ 64 ശതമാനം സാധ്യതയുണ്ടെന്നാണ് നിലവിൽ വിപണി കരുതുന്നത്. സെപ്റ്റംബറിൽ അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചിരുന്നു. ഇനിയും നിരക്ക് വർധിപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള ഏമേർജിങ് വിപണികൾക്ക് തിരിച്ചടിയാണ്. വിദേശ നിക്ഷേപകരുടെ പിന്മാറ്റം അതിരൂക്ഷമാകും. സ്വർണവില വീണ്ടും ഇടിയാനും സാധ്യത. ∙ ഏഴാം വാരത്തിലും നഷ്ടം തന്നെ ഇന്ത്യൻ ഓഹരി വിപണി സൂചികകൾ അവസാന വ്യാപാര ദിനത്തിൽ നേട്ടത്തിലാണ് അവസാനിച്ചത്. ഒരാഴ്ചത്തെ കണക്കെടുത്താൽ ഇരു സൂചികകളും നഷ്ടത്തിലാണ്. തുടർച്ചയായ ഏഴാമത്തെ ആഴ്ചയും നഷ്ടത്തിൽ. 6 വർഷത്തിനിടെ ഇതാദ്യം. സൂചികകൾ വ്യാഴാഴ്ച വലിയ വിൽപന സമ്മർദത്തിലായി. നിഫ്റ്റി 1.64% ഇടിഞ്ഞു. എന്നാൽ വെള്ളിയാഴ്ച വിപണിയിൽ ‘വാല്യു ബയിങ്’ പ്രകടമായതോടെയാണ് അൽപമെങ്കിലും കരകയറിയത്. മികച്ച കമ്പനികളുടെ ഓഹരികൾ അവയുടെ ശരിക്കുള്ള വിലയേക്കാളും താഴെയെത്തുമ്പോൾ വാങ്ങുന്നതിനെയാണ് വാല്യു ബയിങ് എന്നു വിളിക്കുന്നത്. ഇറാൻ-യുഎസ് സമാധാന ചർച്ചകളെക്കുറിച്ചുള്ള പ്രതീക്ഷകളും വിപണിയെ മുന്നോട്ടു നയിച്ചു. അമേരിക്കൻ കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടം കുത്തനെ ഉയർന്നതാണ് വിപണിയെ സാരമായി ബാധിച്ചത്. 10 വർഷ കാലാവധിയുള്ള ബോണ്ടുകളിൽ നിന്നുള്ള യീൽഡ് രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യ പോലുള്ള എമർജിങ് വിപണികളുടെ ആകർഷണം കുറയും. നിക്ഷേപകർ കൂടുതൽ നേട്ടം ലഭിക്കുന്ന അമേരിക്കൻ കടപ്പത്രങ്ങളിലേക്ക് നീങ്ങും. ക്രൂഡോയിൽ വില ഉയർന്നു നിന്നതും ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വഷളായതും വിപണിയെ സാരമായി ബാധിച്ചു. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് പിന്മാറുന്നത് തുടരുകയാണ്. ഇതും സൂചികകളുടെ തകർച്ചയ്ക്ക് കാരണമായി. സെപ്റ്റംബറിൽ ഇതുവരെ 18,531 കോടി രൂപയുടെ തുല്യമായ ഓഹരികൾ വിദേശികൾ പിൻവലിച്ചെന്നാണ് കണക്ക്.
Fashion ⏭️




