‘ഇൻകം ടാക്സിൽ നിന്നും പേപ്പർ വന്നു, പിന്നാലെ അരമണിക്കൂറോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു’

ഫിറോസ് ചുട്ടിപ്പാറ
വ്യത്യസ്തമായ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ ഗ്രിൽ ചെയ്യുന്നതും ഒട്ടകപ്പക്ഷിയെ ഗ്രിൽ ചെയ്യുന്നതുമായ നിരവധി വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഈയിടെ യൂട്യൂബിനൊപ്പം ചെറിയ സംരംഭങ്ങളിലേക്കും ഫിറോസ് കടന്നിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ നിന്ന് ലഭിച്ച വരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഫിറോസ്. യൂട്യൂബറായ സുജിത് ഭക്തന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
‘എനിക്ക് യൂട്യൂബിൽ നിന്ന് പൈസവരാൻ തുടങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അളവിൽ കൂടുതലായി. പിന്നാലെ ഞാൻ തന്നെയാണ് ബാങ്കിൽ പോയി എനിക്ക് ആദായ നികുതി അടയ്ക്കണമെന്ന് പറഞ്ഞത്. നാളെ ഇവർ എന്നെ അന്വേഷിച്ച് വരാൻ പാടില്ല. ബാങ്ക് അധികൃതരാണ് ഓഡിറ്ററെ റെഡിയാക്കി തന്നത്. എന്റെ ഭാഗം ക്ലിയർ ചെയ്യാനാണ് ബാങ്കിലേക്ക് പോയത്. ഞാൻ രണ്ടുതവണ ആദായ നികുതി അടച്ചതിന് ശേഷമാണ് ഇവിടെ എല്ലാ യൂട്യുബേഴ്സിനും ആദായ നികുതി റെയ്ഡ് വരുന്നത്. അന്ന് ഞാൻ ഡൽഹിയിൽ ആയിരുന്നു.
നിന്റെ വീട്ടിൽ റെയ്ഡില്ലേ എന്ന് ചോദിച്ച് സുഹൃത്തുക്കൾ വിളിച്ചു. ഞാൻ ടാക്സ് അടയ്ക്കുന്നുണ്ടെന്ന് അവർക്ക് മറുപടി നൽകി. പിന്നീട് എനിക്കും ഇൻകം ടാക്സിൽ നിന്നും പേപ്പർ വന്നു. എന്നെ വിളിപ്പിച്ചു. എന്താണ് വരുമാനം എന്നൊക്കെ ചോദിച്ചു. എന്റെ ഓഡിറ്ററും ഒപ്പമുണ്ടായിരുന്നു. യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും വരുമാനമുണ്ടെന്ന് പറഞ്ഞു. ടാക്സ് അടയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി. അരമണിക്കൂർ ചോദ്യം ചെയ്തു. സത്യസന്ധത മനസിലായപ്പോൾ വിട്ടയച്ചു.
യൂട്യൂബിൽ നിന്നുള്ള ആദ്യ വരുമാനം 8000 രൂപയോളമായിരുന്നു. വോയിസ് ഓവർ ചെയ്ത സ്ലൈഡിംഗ് വീഡിയോയിലൂടെയാണ് തുടക്കം. ഒന്നു രണ്ടു വീഡിയോയ്ക്ക് വ്യൂസ് കുറവായിരുന്നു. പിന്നെ തുടർച്ചയായ വീഡിയോ ചെയ്തു. ആദ്യമാസം 8000 രൂപ വന്നു. രണ്ടാമത്തെ മാസം 40,000 രൂപ ലഭിച്ചു. പിന്നെ 50,000 രൂപയോളം വന്നു’- ഫിറോസ് ചുട്ടിപ്പാറ വ്യക്തമാക്കി.
RELATED TOPICS: FIROZ CHUTTIPPARA, YOUTUBE EARNINGS, INCOME TAX, FIROZ CHUTTIPPARA INCOME, MALAYALAM VLOGGER
Read News ⏭️




