BUSINESS
പുട്ടിൻ ‘കൈവിട്ടു’, സെലെൻസ്കിയുടെ ഡ്രോണുകളെ റഷ്യൻ ബിസിനസുകാർ സ്വയം നേരിടണം, സുരക്ഷാ ജീവനക്കാർക്ക് വൻ ഡിമാൻഡ്

യുക്രെയ്ൻ സൈന്യം ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെ റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ബിസിനസുകൾക്ക് അപൂർവ പ്രതിസന്ധി. ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ നിർദേശമാണ് പുതിയ തലവേദന. ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികളെ താൽകാലികമായി അടച്ചുപൂട്ടുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി റഷ്യയിലെ ബിസിനസ് സംരംഭങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെയാണിത്. വലിയ ഭൂപ്രകൃതിയുള്ള രാജ്യമാണ് റഷ്യ. മുഴുവൻ സ്ഥലങ്ങളിലും വ്യോമപ്രതിരോധ സംവിധാനം ഏർപ്പെടുത്താൻ കഴിയാതെ വന്നതോടെയാണ് ബിസിനസുകൾ സ്വന്തം വഴി നോക്കാനുള്ള നിർദേശം. അടുത്തിടെ റഷ്യയിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപാദന കേന്ദ്രത്തിൽ യുക്രെയ്ൻ ഡ്രോണുകൾ നാശം വിതച്ചിരുന്നു. പിന്നാലെ മോസ്കോയിലെ മറ്റ് ഉൽപാദന കേന്ദ്രങ്ങൾ സംരക്ഷിക്കാൻ കമ്പനിയുടെ ഉടമയായ അലക്സി മോർദഷോവ് സ്വന്തമായി വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങി. രാജ്യത്തെ സ്വകാര്യ ബിസിനസുകളും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിന്റെ ഉദാഹരണമാണിതെന്നാണ് വിലയിരുത്തൽ. സമാന രീതിയിൽ രാജ്യത്തെ മറ്റു കമ്പനികൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മാസ വാടകയ്ക്ക് വ്യോമപ്രതിരോധ സംവിധാനം വാടകയ്ക്ക് നൽകുന്ന കമ്പനികൾ രാജ്യത്തുണ്ട്. ചില കമ്പനികൾ ഡ്രോണുകളെ വെടിവച്ചിടാൻ ഷൂട്ടർമാരെയും നിയമിക്കുന്നുണ്ട്. ഇതുസംബന്ധിച്ച പരസ്യങ്ങൾ ഇപ്പോൾ റഷ്യൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെടാറുണ്ട്. പ്രതിമാസം 2.4 ലക്ഷം റൂബിൾ മുതലാണ് ഇത്തരക്കാർക്ക് തുടക്ക ശമ്പളം ലഭിക്കുന്നത്. ചില സ്ഥലങ്ങളിൽ ഇതിന്റെ ഇരട്ടി ശമ്പളം ലഭിക്കാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇക്കൊല്ലത്തിന്റെ ആദ്യ 6 മാസങ്ങളിൽ മാത്രം റഷ്യൻ ബിസിനസുകൾ ഡ്രോണുകളെ നേരിടാൻ ചെലവഴിച്ചത് കോടികളാണ്. മുൻ വർഷത്തേക്കാൾ 7 മടങ്ങ് കൂടുതൽ. ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ കമ്പനികൾ ചെലവഴിക്കുന്ന തുകയ്ക്ക് നികുതി ഇളവ് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇത്തരം ചെലവുകൾ വെളിപ്പെടുത്തുന്നതിലും ബിസിനസുകൾക്ക് ഇളവുണ്ട്. ബിസിനസ് മാറ്റി റഷ്യൻ കമ്പനികൾ അവസരം മുതലെടുത്ത് ഡ്രോൺ പ്രതിരോധ രംഗത്തേക്ക് കൂടുതൽ കമ്പനികൾ കടന്നു വരുന്നുമുണ്ട്. റഷ്യൻ സൈബർ സെക്യുരിറ്റി കമ്പനിയായ കാസ്പെറസ്കിയാണ് ഇതിലൊന്ന്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ശത്രു ഡ്രോണുകളെ കണ്ടെത്തി വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു തർക്കാൻ കഴിയുന്ന ആന്റി ഡ്രോൺ സംവിധാനം കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
Travel ⏭️




