NEWS

‘ഗ്യാനേഷ്‌ കുമാർ ബിജെപിയിൽ നിൽക്കുന്നതാണ് നല്ലത്, എങ്ങനെ  നിയമവിരുദ്ധമായി  പ്രവർത്തിക്കാമെന്നതിന്റെ മാതൃകയാണ് മോദി സർക്കാർ’

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കൊണ്ട് തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികൾ കേന്ദ്ര സർക്കാർ എടുപ്പിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാമെന്നതിന്റെ മാതൃകയായാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ചതെന്നും എംഎ ബേബി കുറ്റപ്പെടുത്തി.

‘എസ്ഐആർ – ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സാദ്ധ്യതയില്ലെന്ന് കരുതുന്ന ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് മാറ്റുകയാണ്. ഈ ചുമതല ഗ്യാനേഷ് കുമാറിനെ ഏൽപ്പിച്ചു. ഇന്ത്യ സഖ്യം വിഷയത്തിൽ ശക്തമായി ഇടപെടണം. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് ഇത് നേരിടണം. സുപ്രീം കോടതിയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ആഭാസകരമായ നിയമം ഉണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണം താനും കേട്ടു. ഇദ്ദേഹത്തിന്റെ സ്വഭാവം വെളിവാക്കുന്നതാണ് ഇത്. അദ്ദേഹം ബിജെപിയിൽ തന്നെ നിന്ന് ഉന്നത സ്ഥാനങ്ങൾക്കായി ശ്രമിക്കുന്നതായിരുന്നു നല്ലത്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്യാനേഷ് കുമാർ എന്ത് തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന് മുൻപും തെളിയിച്ചിട്ടുണ്ട്’ – എംഎ ബേബി വ്യക്തമാക്കി.

ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടേയെന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചുവെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് അദ്ദേഹം പറഞ്ഞതായുമാണ് ജിജി തോംസൺ​​​​​ണിന്റെ വെളിപ്പെടുത്തൽ. മത്സരിക്കാൻ താത്‌പര്യമില്ലെന്ന് മറുപടി നൽകിയതായും ജിജി തോംസൺ പറഞ്ഞു. 2016ൽ ഡൽഹി വിമാനയാത്രക്കിടെയാണ് സംഭാഷണം നടന്നത്. ഒരു മാദ്ധ്യമത്തോടായിരുന്നു ജിജി തോംസണിന്റെ ഈ വെളിപ്പെടുത്തൽ.

English Summary

CPM General Secretary M.A. Baby criticised Chief Election Commissioner Gyanesh Kumar and the Narendra Modi government amid the ongoing controversy over the Special Intensive Revision (SIR) of electoral rolls. Baby alleged that the government was using Kumar for actions he described as inappropriate for the office and said Kumar would have been better off remaining in the BJP.
RELATED TOPICS: GYANESH KUMAR, MA BABY, MODI GOVERNMENT, CHIEF ELECTION COMMISSIONER, CPI(M) SIR ROW

Read News ⏭️

Back to top button