SPORTS

‘ക്രിക്കറ്റ് താരമാണ് അവളുടെ പിതാവ് എന്ന സത്യം ഞാൻ തന്നെയാണ് മകളോട് പറഞ്ഞത്, ഞാൻ ക്ഷമ ചോദിക്കുമായിരുന്നു’


മുംബൈ∙ 1987ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്‌റ്റിൻഡിസ് ക്രിക്കറ്റ് ടീം ഇന്നും അറിയപ്പെടുന്നത് അവരുടെ നായകൻ വിവിയൻ റിച്ചാർഡ്‌സ്- നടി നീനാ ഗുപ്‌ത പ്രണയത്തിലൂടെയാണ്. റിച്ചാർഡ്‌സും നീനയും ഈ പര്യടനത്തിലൂടെ പരിചയപ്പെട്ടു. പിന്നീട് പലകുറി റിച്ചാർഡ്‌സ് തന്റെ നീനയെ കാണാൻ ഇന്ത്യയിലേക്ക് പറന്നു. പ്രണയം പുഷ്‌പിച്ചു. റിച്ചാർഡ്‌സിന്റെ ഛായയിൽ ഒരു കുഞ്ഞു നീനയിൽ ജനിച്ചു– മസാബ ഗുപ്‌ത. അവിവാഹിതയായ നീന ഗുപ്‌ത ഒരു പെൺകുഞ്ഞിനു ജന്മംനൽകിയത് അന്ന് ഗോസിപ്പ് കോളങ്ങളിൽ ചൂടേറിയ ചർച്ചയായി. നീനയും വിവിയൻ റിച്ചാർ‍ഡ്‌സും ഒരിക്കലും വിവാഹിതരായില്ലെങ്കിലും മസാബയെ നീന വളർത്തി, റിച്ചാർഡ്‌സിന്റെ മകളായി തന്നെ. മസാബയെ വളർത്തിയതിനെക്കുറിച്ചും, പിതാവിനെക്കുറിച്ചുള്ള സത്യങ്ങൾ മകൾക്ക് എങ്ങനെ വിശദീകരിച്ചു കൊടുത്തു എന്നതിനെക്കുറിച്ചും ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് നീന ഗുപ്ത.മസാബ വളർന്നുവന്ന സാഹചര്യങ്ങൾ അവളിൽ പല ചോദ്യങ്ങളും ഉയർത്താൻ സാധ്യതയുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നെന്ന് നീന പറഞ്ഞു. എല്ലാം ഒന്നിച്ച് പറഞ്ഞു കൊടുക്കുന്നതിന് പകരം, ഈ കാര്യങ്ങൾ പതിയെ പതിയെ സംസാരിക്കാനാണ് നീന തീരുമാനിച്ചത്. ‘‘ഞാൻ അത് വളരെ ആസൂത്രിതമായാണ് ചെയ്തത്. കാരണം ഒരു കുട്ടിയോട് ഒന്നിച്ച് എല്ലാ കാര്യങ്ങളും പറയാൻ കഴിയില്ല. പതുക്കെ, അവൾ എന്നോട് ചോദിച്ചപ്പോഴൊക്കെ, അവൾക്ക് അവളുടെ പിതാവിനോട് വെറുപ്പ് തോന്നാത്ത രീതിയിലാണ് ഞാൻ സത്യം പറഞ്ഞത്. ഞാൻ അവളെ അവളുടെ അച്ഛനെ ഇഷ്ടപ്പെടുന്ന രീതിയിലാക്കി. അവൾ വലുതായപ്പോൾ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഞാൻ പറഞ്ഞു കൊടുത്തു, അതുകൊണ്ട് എന്നോട് അവൾക്ക് യാതൊരുവിധ ദേഷ്യവും വിദ്വേഷവും ഉണ്ടായില്ല, കാരണം ഞാൻ അവളോട് സത്യമാണ് പറഞ്ഞത്.’’- നീന കൂട്ടിച്ചേർത്തു. മസാബ തന്റെ അമ്മയെക്കുറിച്ച് വളരെ തുറന്ന് സംസാരിക്കാറുണ്ടെന്നും ആ വിശ്വാസം ഇരുവർക്കുമിടയിൽ പരസ്പരമുള്ളതാണെന്നും അവതാരകൻ ചൂണ്ടിക്കാണിച്ചപ്പോൾ, നീനയുടെ മറുപടി ഇങ്ങനെ: ‘‘അതെ, അവൾ എന്നെ പൂർണമായി വിശ്വസിക്കുന്നു. ഞാൻ അവളോട് വളരെ സത്യസന്ധത പുലർത്തുന്നു, പലപ്പോഴും ഞാൻ അവളോട് ക്ഷമ ചോദിക്കാറുണ്ട്. ഞാൻ അവളോട് പറയും, ‘നീ ചെറുപ്പമായിരുന്നപ്പോൾ നിന്റെ അച്ഛൻ നിന്റെ കൂടെയില്ലാത്തതിൽ എനിക്ക് വിഷമമുണ്ട്. നിന്നോട് ഞാൻ ക്ഷമ ചോദിക്കുന്നു. അത് എന്റെ തെറ്റാണ്’.എന്നാൽ മസാബ ആ സാഹചര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്.’’– നീന കൂട്ടിച്ചേർത്തു. ചെറുപ്പകാലത്ത് ആളുകൾ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും പ്രായമാകുമ്പോൾ ആ തീരുമാനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എങ്ങനെ മാറുന്നുവെന്നതിനെക്കുറിച്ചും നീന സംസാരിച്ചു. ‘‘നമ്മളെല്ലാവരും തെറ്റുകൾ വരുത്താറുണ്ട്. നമ്മൾ ചെറുപ്പമായിരിക്കുമ്പോൾ മാതാപിതാക്കൾ എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കാറുണ്ടോ? ഇല്ല. പിന്നീടാണ് അവർ പറഞ്ഞതായിരുന്നു ശരിയെന്നും അവർ നമ്മൾക്ക് നല്ല ഉപദേശമാണ് തന്നതെന്നും മനസ്സിലാക്കുന്നത്. എന്നാൽ ആ തിരിച്ചറിവ് വൈകിയാണ് വരുന്നത്.’’– നീന പറഞ്ഞു.


Auto ⏭️

Back to top button