AUTO
നിസാന്റെ കുഞ്ഞൻ ഇലക്ട്രിക് കാർ പിക്സൽ, റേഞ്ച് 259 കി.മീ; എത്തുമോ ഇന്ത്യയിലേക്ക്?

യൂറോപ്യന്‍ നഗരയാത്രകളെ ലക്ഷ്യമിട്ട് നിസാന്റെ പുതിയ ഇലക്ട്രിക് കാര്‍ പിക്സോ വിപണിയിലേക്കെത്തുന്നു. നിസാന്‍ ഡിസൈന്‍ യൂറോപും റെനോയും സംയുക്തമായി വികസിപ്പിച്ച എ സെഗ്മെന്റ് കോംപാക്ട് കാറാണിത്. സ്ലോവേനിയയിലെ റെനോ നോവോ മെസ്റ്റോ പ്ലാന്റിലാണ് പുതിയ പിക്സോ ഇവി നിര്‍മിക്കുക. 2027 ആദ്യത്തോടെ വാഹനം ഉപഭോക്താക്കളുടെ കൈകളിലെത്തും. വണ്ടര്‍ പര്‍പ്പിള്‍, ഗിയര്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് പിക്സോ എത്തുക. ബ്ലാക്ക് ട്രിം എലമെന്റുകള്‍ വാഹനത്തിന്റെ ലുക്ക് കൂട്ടുന്നുണ്ട്. 3,796 എംഎം നീളവും 1,790 എംഎം വീതിയുമുള്ള ഈ വാഹനത്തിന് 9.9 മീറ്ററാണ് ടേണിങ് റേഡിയസ്. ഇത് ഇടുങ്ങിയ പാതകളിലും വാഹനം എളുപ്പം കൈകാര്യം ചെയ്യാന്‍ സഹായിക്കും. ഉള്ളില്‍ ടെക്സ്റ്റേഡ് ഫിനിഷോടെയുള്ള വെര്‍ട്ടിക്കല്‍ ഡാഷ്ബോര്‍ഡാണുള്ളത്. എയര്‍ വെന്റുകള്‍ക്ക് ചുറ്റുമുള്ള ഓറഞ്ച് ആക്സന്റുകള്‍ കാബിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്കുന്നു. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിനായി ഫിസിക്കല്‍ ബട്ടണുകളും ഡയലുകളും നിലനിര്‍ത്തിയിട്ടുണ്ട്. 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്ഫോടെയിന് സിസ്റ്റവും വാഹനത്തിലുണ്ടാവും. പുറമേക്ക് ചെറുകാറെങ്കിലും നാലു മുതിര്‍ന്നവര്‍ക്ക് അനായാസം യാത്ര ചെയ്യാന്‍ വേണ്ട സ്ഥലം പിക്സോയിലുണ്ട്. പിന് നിരയിലെ ഡ്യുവല്‍ ടോണ്‍ ഫാബ്രിക് സീറ്റുകള്‍ വെവ്വേറെയായി മുന്നോട്ടും പിന്നോട്ടും നീക്കാവന്ന രീതിയിലാണ് നല്‍കിയിരിക്കുന്നത്. ലഗേജിന്റെ വലിപ്പത്തിനനുസരിച്ച് ലെഗ്റൂമും ബൂട്ട്സ്പേസും അഡ്ജസ്റ്റു ചെയ്യാന്‍ ഇത് സഹായിക്കും. ചാര്‍ജിങ് കേബിളുകള്‍ സൂക്ഷിക്കാനുള്ള 50 ലീറ്റര്‍ പ്രത്യേക അറ ഉള്‍പ്പടെ 356 ലീറ്ററാണ് ബൂട്ട് കപ്പാസിറ്റി. അതേസമയം പിന് സീറ്റുകള്‍ മടക്കിവെച്ചാല്‍ ബൂട്ട് സ്പേസ് 1,221 ലീറ്ററായി ഉയരുകയും ചെയ്യും. 82 ബിഎച്ച്പി സിംഗിള്‍ ഇലക്ട്രിക്ക് മോട്ടാറും 27.5kWh ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററിയുമാണ് പിക്സോക്ക് കരുത്താവുക. വാഹനത്തിന്റെ ടോര്‍ക്ക്, പെര്‍ഫോമെന്‍സ് വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 259 കിലോമീറ്ററാണ് റേഞ്ച്. 50kW ഡിസി ഫാസ്റ്റ് ചാര്‍ജിങില്‍ വെറും 28 മിനുറ്റില്‍ 15-80 ശതമാനം വരെ ചാര്‍ജു ചെയ്യാനാവും. കൂടാതെ 11kW ബൈഡയറക്ഷണല്‍ എസി ചാര്‍ജിങ് വഴി കാറില്‍ നിന്നും മറ്റ് ഉപകരണങ്ങളിലേക്കോ വാഹനങ്ങളിലേക്കോ വൈദ്യുതി നല്‍കാനും സാധിക്കും.
Sports ⏭️




