SPORTS

ജപ്പാനെ ഇന്ത്യ ‘ചതിച്ചോ’? തെറ്റുപറ്റിയെന്ന് മുൻ ഇന്ത്യൻ താരം: വിവാദത്തിൽ വിശദീകരണം


സനോ ∙ ഇന്ത്യയും ജപ്പാനും തമ്മിൽ നടന്ന ട്വന്റി20 മത്സരത്തിൽ, ജപ്പാൻ ഇന്നിങ്സിന്റെ അവസാന ഓവറിലെ ‘വൈഡ്’ കോൾ ഫീൽഡ് അംപയർ തിരുത്തിയത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. ഇന്ത്യൻ താരങ്ങൾ അംപയറോട് സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്. ഇതോടെ ഒരു വിഭാഗം ആളുകൾ, ജപ്പാനെ ഇന്ത്യ ‘ചതിച്ചു’എന്ന ആരോപണവുമായി രംഗത്തെത്തി. എന്നാൽ, അംപയർമാരുടെ തീരുമാനം പൂർണമായും ശരിയായിരുന്നെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമായ കാരണങ്ങളോടെ വിശദീകരിച്ചു.ആകാശ് ചോപ്രയുടെ വിശദീകരണം തന്റെ യൂട്യൂബ് ചാനലിലെ വിഡിയോയിലൂടെ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര ഈ തീരുമാനത്തിന് പിന്നിലെ നിയമങ്ങൾ വ്യക്തമാക്കി. തുടക്കത്തിൽ തനിക്കും ഇതിൽ തെറ്റുപറ്റിയിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു. ‘‘ഇന്ത്യ ചതിച്ചാണ് ജപ്പാനെ തോൽപ്പിച്ചതെന്നാണ് ആളുകൾ പറയുന്നത്. ഇന്ത്യ സമ്മർദം ചെലുത്തിയതു കൊണ്ടാണ് അംപയർ വൈഡ് തീരുമാനം മാറ്റിയതെന്നും അവർ ആരോപിക്കുന്നു. ആളുകൾ വെറുതെ പുകമറ സൃഷ്ടിക്കുകയാണ്.’’– ചോപ്ര പറഞ്ഞു.അംപയർ തീരുമാനം മാറ്റാൻ കാരണമായ പുതിയ ഐസിസി നിയമങ്ങളെക്കുറിച്ചും മുൻ ഇന്ത്യൻ ഓപ്പണർ കൂടുതൽ വ്യക്തത വരുത്തി. ‘‘ഞാൻ നിയമങ്ങൾ വിശദമായി വായിക്കുകയും അംപയർമാർ പറഞ്ഞത് കേൾക്കുകയും ചെയ്തു. പുതിയ ഐസിസി നിയമങ്ങൾ അനുസരിച്ച്, സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ട്, ഒന്നാമത്തെ കാര്യം, രണ്ടു ഷോട്ടുകളെയും നിയമം ഒരേ രീതിയിലാണ് കാണുന്നത്. രണ്ടാമതായി, പന്ത് ബോളറുടെ കയ്യിലിരിക്കുമ്പോഴാണോ അതോ കൈവിട്ട ശേഷമാണോ നിങ്ങൾ പൊസിഷൻ മാറ്റുന്നത് എന്നത് പ്രസക്തമല്ല. നിങ്ങൾ പൊസിഷൻ മാറ്റിയതായിത്തന്നെ കണക്കാക്കും. അതുകൊണ്ട് ഇതിന്റെ ആനുകൂല്യം ബോളർക്ക് ലഭിക്കും. നിയമത്തിന്റെ കണ്ണിൽ നിങ്ങൾ ഒരേസമയം ഇടംകൈയ്യൻ ബാറ്ററും വലംകൈയ്യൻ ബാറ്ററുമാണ്.’’– ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.


Auto ⏭️

Back to top button