NEWS

കോട്ടയത്തെ വിറപ്പിച്ച് തെരുവുനായ്ക്കൾ: മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ കഴുത്തിൽ കടിച്ചു


കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കെത്തിയ 5 വയസ്സുള്ള പെൺകുഞ്ഞിനെ തെരുവുനായ കഴുത്തിൽ കടിച്ചു. മുഖത്ത് മാന്തുകയും ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനത്തുനിന്നെത്തിയ വിന്നുവിന്റെ കുഞ്ഞിനാണ് കടിയേറ്റത്. വ്യാഴം രാവിലെ ഒൻപതരയോടെയാണ് സംഭവം. ആശുപത്രി വളപ്പിൽ പൊടിപാറ ബിൽഡിങ്ങിനു സമീപമുള്ള ശുചിമുറിയുടെ എതിർവശത്തെ മരത്തിന്റെ ചുവട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു കുഞ്ഞ്. അടുത്തുതന്നെ കൈക്കുഞ്ഞിനെയെടുത്ത് വിന്നു നിൽക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ ഉണ്ടായ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു വിന്നുവും കുഞ്ഞുങ്ങളും. തിരക്കു കുറഞ്ഞിട്ട് ഡോക്ടറെ കാണാം എന്നു കരുതിയാണ് അവർ പൊടിപാറ ബിൽഡിങ്ങിനു സമീപത്തേക്കു മാറിയത്. അപ്പോഴാണ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡിയാട്രിക് സർജറി വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. മുറിവ് ഗുരുതരമല്ല. 24 മണിക്കൂർ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ തുന്നലിടുമെന്നും അധികൃതർ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് നൽകി.വെള്ളിയാഴ്ച രാവിലെ അമ്പല കവലയിൽ സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷൻ പഠിക്കുന്ന വിദ്യാർഥിനികളായ രണ്ടുപേരെ നായ കടിച്ചു. അലിമ ഷെറിൻ (22), ഐശ്വര്യ മണി, (22) എന്നെ വിദ്യാർഥികളെയാണ് നായ കടിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആർ പഞ്ചായത്ത് ഏർപ്പെടുത്തിയ നായ പിടുത്തക്കാരൻ നായയെ പിടിച്ചു കൊണ്ടുപോയി.


Fashion ⏭️

Back to top button