NEWS

‘ഭീകരരാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക്ക് മാധ്യമപ്രവർത്തകന് ജയശങ്കറിന്റെ ചുട്ടമറുപടി–വിഡിയോ


ന്യൂയോർക്ക്∙ ഭീകരവാദത്തെ ഇന്ത്യയുമായി ബന്ധപ്പെടുത്തി ചോദ്യം ചോദിച്ച പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകന് ചുട്ട മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 81ാം സമ്മേളനത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ‘ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുക?’ എന്നായിരുന്നു പാക്ക് റിപ്പോർട്ടറുടെ ചോദ്യം. ‘ഒരു ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്ന് ജയശങ്കർ മറുപടി നൽകി. ലൈബീരിയൻ വിദേശകാര്യമന്ത്രി സാറ ബെയ്സോളോ ന്യാൻതിക്ക് ഒപ്പമാണ് ജയശങ്കർ വാർത്താസമ്മേളനം നടത്തിയത് പാക്ക് മാധ്യമപ്രവർത്തകൻ തെറ്റായ ആരോപണങ്ങൾ തുടരുന്നതിനിടെ മന്ത്രിയും സംഘവും പത്രസമ്മേളന വേദി വിടുകയും ചെയ്തു.പാക്കിസ്ഥാനും പാക്ക് ആസ്ഥാനമായുള്ള ഭീകരരും കഴിഞ്ഞ വർഷങ്ങൾക്കിടെ ഒട്ടേറെ ഭീകരാക്രമണങ്ങൾ നടത്തിയെന്ന നിലപാടാണ് ഇന്ത്യയുടേത്. 2025 ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുള്ള തിരിച്ചടിയായി  പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലും ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. മുസാഫറാബാദ്, കോട്‌ലി, ബഹാവൽപുർ, റവാലകോട്ട്, ചക്‌സ്വാരി, ഭിംബെർ, നീലം താഴ്‌വര, ഛെലും, ചക്‌വാൾ എന്നിവിടങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമണം നടത്തിയത്. ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ കേന്ദ്രങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടത്. 


Fashion ⏭️

Back to top button