LIFESTYLE
ഇത് കണ്ടിട്ട് സഹിക്കുന്നില്ല; ശത്രുക്കളോടുപോലും ഇങ്ങനെ ചെയ്യരുത്: ദുരനുഭവം പങ്കുവച്ച് യുവതി

വാടകയ്ക്ക് നൽകുന്ന വീട് വാടകക്കാർ വൃത്തിയായി സൂക്ഷിക്കണമെന്നത് ഏതൊരു വീട്ടുടമസ്ഥന്റെയും സ്വാഭാവിക ആഗ്രഹമാണ്. എന്നാൽ, എല്ലാവിധ സൗകര്യങ്ങളോടും കൂടി നൽകിയ പുത്തൻ വീട് കേവലം ഒരു വർഷത്തിനുള്ളിൽ തകർന്ന് തരിപ്പണമായ അവസ്ഥയിൽ തിരികെ ലഭിച്ചാൽ എന്തുചെയ്യും? അത്തരമൊരു കയ്പേറിയ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡോ. ക്ഷിതി സോണി എന്ന യുവതി.പൂർണമായും ഫർണിഷ് ചെയ്ത്, പുതിയ ഗൃഹോപകരണങ്ങളോടെ വാടകക്കാർക്ക് നൽകിയ വീടാണ് അങ്ങേയറ്റം മോശമായ അവസ്ഥയിൽ തിരികെ ലഭിച്ചത്. വാടകക്കാർ ഒഴിഞ്ഞുപോയ ശേഷം വീടിന്റെ ഉള്ളിലെ കാഴ്ചകൾ ക്യാമറയിൽ പകർത്തി അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.കേടുപാടുകൾ നിറഞ്ഞ പുത്തൻ വീട് ഭാവിയിൽ സ്വന്തമായി താമസിക്കാനും ഉപയോഗിക്കാനും വേണ്ടിയാണ് ഡോ. ക്ഷിതി സോണി വീട് എല്ലാവിധ സജ്ജീകരണങ്ങളോടെയും ഒരുക്കിയത്. വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, പുതിയ ഗീസർ, വിലകൂടിയ സോഫ, ഡ്രോയറുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഒരൊറ്റ വർഷം കൊണ്ട് ഇവയെല്ലാം തകരാറിലായ നിലയിലാണ്.വാഷിങ് മെഷീന്റെ സ്പിൻ ടബ്ബിന്റെ കവർ തറയിൽ എറിഞ്ഞ നിലയിലും, പുതിയ റഫ്രിജറേറ്റർ തകർത്ത അവസ്ഥയിലുമാണ്. ഡ്രോയറുകൾ അടയ്ക്കാൻ പറ്റാത്ത വിധം തുറന്ന നിലയിൽ കുടുങ്ങിക്കിടക്കുന്നു. വീടിന്റെ സീലിങ് ഷീറ്റുകൾക്ക് കേടുപാടുകൾ വരുത്തുകയും ബാൽക്കണി തീർത്തും വൃത്തിഹീനമായി ഉപേക്ഷിക്കുകയും ചെയ്തു. ‘എന്റെ വീടിന് അവർ എന്ത് അവസ്ഥയാണ് വരുത്തിവച്ചത്?’ എന്ന ചോദ്യത്തോടെയാണ് അവർ തനിക്കേറ്റ ആഘാതം വിഡിയോയിലൂടെ വ്യക്തമാക്കുന്നത്.‘യൂസ് ആൻഡ് ത്രോ’ സംസ്കാരത്തിനെതിരെ ചോദ്യങ്ങൾ വീട് നന്നായി സൂക്ഷിക്കുമെന്ന വിചാരത്തിലാണ് പെൺകുട്ടികൾക്ക് വീട് വാടകയ്ക്ക് നൽകിയതെന്ന് സോണി പറയുന്നു. എന്നാൽ ആ പ്രതീക്ഷ പൂർണമായും തെറ്റി. ‘വാടക നൽകുന്നു എന്നത് ശരിതന്നെ, എന്നാൽ അതിനർഥം വീട് എങ്ങനെ വേണമെങ്കിലും ഉപയോഗിച്ച് നശിപ്പിക്കാം എന്നല്ല’, അവർ ചൂണ്ടിക്കാണിക്കുന്നു.വീട് ഉപയോഗിക്കുന്നതിന് പ്രതിമാസം വാടക ലഭിക്കുന്നുണ്ടല്ലോ എന്ന വാദത്തെയും അവർ ശക്തമായി എതിർക്കുന്നു. വാടക തരുന്നു എന്നതുകൊണ്ട് ഒരു വീടിനെ ‘ഉപയോഗിച്ച് വലിച്ചെറിയാവുന്ന വസ്തു’ പോലെ കണ്ട് നശിപ്പിച്ചു കടന്നുകളയുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് ഉടമയുടെ നിലപാട്. കഴിഞ്ഞ വർഷം മാത്രം റജിസ്റ്റർ ചെയ്ത ഒരു വീടാണ് ഈ ദുരവസ്ഥയിലായതെന്നും അവർ സങ്കടത്തോടെ കൂട്ടിച്ചേർക്കുന്നു.
Cinema ⏭️




