11 റെയിൽവേ സ്റ്റേഷനുകളിലായി 11.44 കോടി യാത്രക്കാർ, വരുമാനം കൂടിയിട്ടും മലബാറിൽ സംഭവിക്കുന്നത്

കോഴിക്കോട്: യാത്രക്കാരും വരുമാനവും കൂടിയിട്ടും മലബാറിലെ റെയിൽവേ സ്റ്റേഷനുകളോടുള്ള റെയിൽവേ അവഗണന തുടരുന്നു.
11 സ്റ്റേഷനുകളിലായി പ്രതിവർഷം 11.44 കോടി യാത്രക്കാരുണ്ട്. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര, തിരൂർ, പയ്യന്നൂർ, കാസർകോട്, കുറ്റിപ്പുറം, കാഞ്ഞങ്ങാട്, കൊയിലാണ്ടി, ഷൊർണൂർ എന്നിവയാണ് ഇപ്പോഴും അവഗണനയുടെ പാളത്തിൽ.
ഓണം, വിഷു, ദീപാവലി, ന്യൂഇയർ തുടങ്ങി ഉത്സവ സീസണിൽ പ്രഖ്യാപിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾക്ക് കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ സ്റ്റോപ്പില്ല. സ്പെഷ്യൽ ട്രെയിനുകൾ പലതും കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ മാത്രമാണ് നിറുത്തുക. അതേസമയം, കോട്ടയം മുതൽ കൊല്ലം വരെ മിനിറ്റുകളുടെ യാത്രാദൂരമുള്ള ചെറിയ സ്റ്റേഷനുകളിൽ വരെ സ്പെഷ്യൽ ട്രെയിനുകൾ നിറുത്തുന്നുണ്ട്. ഉത്സവ സീസണുകളിൽ ആയിരക്കണക്കിനാളുകളാണ് നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ റെയിൽവേയുടെ വരുമാനം കൂടും.
മലബാറിനോട് ഇരട്ടത്താപ്പ്
റെയിൽവേയ്ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്നുണ്ടെങ്കിലും മലബാറിനോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ പ്രീമിയം ട്രെയിൻ ഒഴികെ ബാക്കി എല്ലാ എക്സ്പ്രസ്, സ്പെഷ്യൽ ട്രെയിനുകൾക്കും അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
സ്റ്റേഷൻ, വരുമാനം(കോടിയിൽ), യാത്രക്കാരുടെ എണ്ണം
(2025 മുതൽ 2026 ഏപ്രിൽ വരെ)
കോഴിക്കോട്…. 219….3. 24 കോടി
കണ്ണൂർ…. 136….1.86 കോടി
തലശ്ശേരി….45….1.1 കോടി
വടകര…. 32….. 92 ലക്ഷം
കാസർകോട്….48….90 ലക്ഷം
തിരൂർ….39….85 ലക്ഷം
കുറ്റിപ്പുറം….16….45 ലക്ഷം
കൊയിലാണ്ടി….12….40 ലക്ഷം
ഷൊർണൂർ….56….78 ലക്ഷം
റെയിൽവേയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പതിനായിരക്കണക്കിന് യാത്രക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്ന നയങ്ങളാണ് അധികൃതരുടേത്. പരമാവധി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാർക്ക് ഗുണമാകും. റെയിൽവെയ്ക്ക് വരുമാനവും കൂടും.
-ആർ.പ്രശാന്ത് കുമാർ,
പ്രസിഡന്റ്,
കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോ.




