SPORTS

അശ്വിനും ബാലാജിക്കുമൊപ്പം പന്തെറിഞ്ഞ കുളത്തൂപ്പുഴക്കാരൻ; ഇന്ന് തമിഴ്നാട് സിലക്‌ഷൻ കമ്മിറ്റിയിലെ ‘മലയാളി ടച്ച്’!


കോഴിക്കോട് ∙ രഞ്ജി ട്രോഫി മത്സരങ്ങൾക്കായി സായ് കിഷോറിന്റെ നേതൃത്വത്തിൽ തമിഴ്‌നാടിന്റെ 16 താരങ്ങൾ ഉൾപ്പെട്ട സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതിനിടെ അധികമാരും അറിയാതെ പോയ ഒരു വിശേഷം കൂടിയുണ്ട്. ആ ടീമിനെ തിരഞ്ഞെടുത്ത, ക്രിക്കറ്റ് താരം സുനിൽ സുബ്രഹ്മണ്യം അധ്യക്ഷനായ നാലംഗ സിലക്‌ഷൻ പാനലിന് ഒരു മലയാളി ടച്ച് കൂടിയുണ്ട്. കേരളത്തിൽ ജനിച്ച് തമിഴ്നാട്ടിലെ പ്രാദേശിക ക്രിക്കറ്റിൽ മികവു കാട്ടി തമിഴ്‌നാട് ടീമിൽ വരെ ഇടം നേടുകയും ക്രിക്കറ്റിനെ ജീവിതവഴിയാക്കുകയും ചെയ്ത സുനിൽ സാം ആണ് ആ മലയാളി. നിലവിൽ ചെന്നൈയിലെ എംആർഎഫ് പേസ് ഫൗണ്ടേഷന്റെ ക്രിക്കറ്റ് അക്കാദമി പരിശീലകൻ ഗ്ലെൻ മഗ്രോയ്ക്കൊപ്പം സഹപരിശീലകനായി പ്രവർത്തിക്കുന്ന സുനിൽ സാമിനെ ഈ വർഷം ജൂണിലാണ് തമിഴ്‌നാട് ക്രിക്കറ്റ് ടീമിന്റെ സിലക്‌ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.വനം അതിരിടുന്ന കുളത്തൂപ്പുഴയിലെ ചെറിയ ഗ്രാമത്തിൽ നിന്ന് അടങ്ങാത്ത ക്രിക്കറ്റ് ആവേശമാണ് സുനിലിനെ ക്രിക്കറ്റിന്റെ വിവിധ തലങ്ങളിലേക്ക് വഴിനടത്തിയത്. കുളത്തൂപ്പുഴയിൽ ടെന്നിസ് ബോളിൽ മാത്രം കളിച്ചു ശീലിച്ച സുനിൽ കോളജ് പഠനകാലത്ത് കോയമ്പത്തൂരിലെ നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിൽ എത്തിയ ശേഷമാണ് ക്രിക്കറ്റ് ബോളിലുളള കളിയിൽ മികവുകാട്ടി ശ്രദ്ധേയനാകുന്നത്. കോയമ്പത്തൂരിലെ ക്രിക്കറ്റ് പിച്ചുകളിലെ മികവ് ശ്രീ രാമകൃഷ്ണ മിൽസ് ക്രിക്കറ്റ് ടീമിൽ ഇടം നേടിക്കൊടുത്തു. തമിഴ്നാട് ക്രിക്കറ്റിൽ ഏറെ ശ്രദ്ധേയനായ പരിശീലകൻ എ.ജി.ഗുരുസ്വാമിയുടെ കണ്ണിൽ സുനിലിന്റെ പ്രകടനങ്ങൾ ഇടംപിടിച്ചതോടെ വിഖ്യാതമായ ചെന്നൈ ക്രിക്കറ്റ് ലീഗിന്റെ കളിക്കളത്തിലേക്കും സുനിൽ എത്തി.തമിഴ്നാട് ടീമിൽ മീഡിയം പേസർ ആയി ഏറെ തിളങ്ങിയ ഈ മുപ്പത്തിയെട്ടുകാരൻ ബോളിങ്ങിൽ ഒട്ടേറെ നേട്ടം കൈവരിച്ചു. 2010 നവംബറിൽ തമിഴ്നാട് ടീമിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ അദ്ദേഹം 2013 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്നു. മലപ്പുറത്ത് ഗോവ–തമിഴ്നാട് മൽസരത്തിലാണ് എ ക്ലാസ് മത്സരങ്ങളിലെ അരങ്ങേറ്റം. തമിഴ്നാടിനു വേണ്ടി 2013 മുതൽ 2015 വരെ ടി20 മത്സരങ്ങളിലും രംഗത്തിറങ്ങി. ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ബോളിങ് ക്യാംപിലും പന്തെറിഞ്ഞു. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം തമിഴ്‌നാടിനു വേണ്ടി കളിച്ച സുനിൽ പിന്നീട് തമിഴ്നാട് പ്രിമിയർ ലീഗിൽ റൂബി ട്രിച്ചി വാരിയേഴ്സ്, ഐഡ്രീം തിരുപ്പൂർ തമിഴൻസ്, കാരൈക്കുടി കാലൈ, വി.ബി.കാഞ്ചി വീരൻസ് തുടങ്ങിയ ടീമുകളിലും മികവു കാട്ടി.


Auto ⏭️

Back to top button