NEWS
‘സ്വര്‍ണക്കിരീടം ശബരിമലയിൽ തന്നെയുണ്ട്; നട തുറക്കുമ്പോൾ 75 ലക്ഷം ടിന്‍ അരവണ സ്റ്റോക്കുണ്ടാകും’

തിരുവനന്തപുരം∙ ശബരിമലയില്‍ 55 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാതായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. തിരുവാഭരണം കമ്മിഷണറോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കിരീടം സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ ഉണ്ടെന്ന് ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2012ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വൈദ്യനാഥസ്വാമിയാണ് കിരീടം നടയ്ക്കു വച്ചത്. എല്ലാ വര്‍ഷവും അദ്ദേഹം വരുമ്പോള്‍ ഭഗവാന് കിരീടം ചാര്‍ത്തി കണ്ടു തൊഴുതാണ് മടങ്ങുന്നത്. അതുകൊണ്ട് ശബരിമല സ്‌ട്രോങ് റൂമിലാണ് കിരീടം സൂക്ഷിക്കുന്നത്. ആ സ്‌ട്രോങ് റൂമിലെ സാധനങ്ങള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റൊരു സ്‌ട്രോങ്‌റൂമിലേക്കു മാറ്റിയിരുന്നു. അതേ മാതൃകയിലുള്ള മറ്റൊരു കിരീടം അവിടെ ഉണ്ടായിരുന്നതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. ഇന്നലെ നടന്ന പരിശോധനയില്‍ തിരുവാഭരണം കമ്മിഷണര്‍ റെജിലാല്‍ തന്നെ സ്വര്‍ണക്കിരീടം നേരിട്ടു കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കെ.ജയകുമാര്‍ പറഞ്ഞു. അരവണ നിര്‍മാണവും ലേലവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെന്നും നടക്കുന്ന പ്രവൃത്തികളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ ആഴ്ചയും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നല്‍കുമെന്നും കെ.ജയകുമാര്‍ പറഞ്ഞു. തുലാമാസ പൂജയ്ക്ക് അരവണക്ഷാമം ഉണ്ടാകില്ലെന്നും സീസണായി നട തുറക്കുമ്പോള്‍ 75 ലക്ഷം ടിന്‍ സ്‌റ്റോക്ക് ഉണ്ടാകുമെന്നും കെ.ജയകുമാര്‍ പറഞ്ഞു. 50 ലക്ഷം ശര്‍ക്കര കരാറുകാരനില്‍നിന്നും 25 ലക്ഷം കിലോ ശര്‍ക്കര ജെം പോര്‍ട്ടല്‍ വഴിയും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയെ കണ്ട് കാര്യങ്ങള്‍ അറിയിക്കും. വഴിപാട് ബുക്കിങ് ഉള്‍പ്പെടെ ഡിജിറ്റലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അപ്പം, അരവണ നിര്‍മാണത്തിനുള്ള ഉൽപന്നങ്ങള്‍ പമ്പയില്‍ എത്തിച്ചാല്‍ മതിയെന്നു പറഞ്ഞത് വിതരണക്കാരെ സഹായിക്കാനും ഗുണനിലവാരം ഉറപ്പിക്കാനും ആണ്. നെയ്യ് വാങ്ങുന്നതു സംബന്ധിച്ച് പ്രായോഗിക കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും ജയകുമാര്‍ പറഞ്ഞു.
Fashion ⏭️




