HEALTH
കുഞ്ഞിന് ഉറങ്ങാൻ പുതപ്പ് വേണോ? സുരക്ഷിതമായ ഉറക്കത്തിന് അറിയണം ഈ കാര്യങ്ങൾ

ആദ്യമായി മാതാപിതാക്കളാകുന്നവർക്ക് പലവിധ ആധികളാണ്. അക്കൂട്ടത്തിലൊന്നാണ് കുഞ്ഞിന്റെ കിടക്ക ഒരുക്കുന്നതിലുള്ള പ്രത്യേക ശ്രദ്ധ. കുഞ്ഞിന്റെ കുഞ്ഞിക്കാലുകൾക്കു മുകളിലൂടെ മൃദുവായ പുതപ്പ്, അരികിൽ ഒരു തലയിണ, മൂലയിൽ ഒരു കളിപ്പാട്ടം, കട്ടിലിനു ചുറ്റും ബമ്പർ… കിടക്ക കൂടുതൽ സുഖകരവും മനോഹരവുമാക്കാൻ പലതും ചേർക്കും.മുതിർന്നവർക്ക് സുഖകരവും സുരക്ഷിതവുമെന്നു തോന്നുന്ന ഇത്തരം വസ്തുക്കൾ പക്ഷേ നവജാതശിശുക്കൾക്കും ചെറിയ കുഞ്ഞുങ്ങൾക്കും അപകടസാധ്യത സൃഷ്ടിച്ചേക്കാം. കുഞ്ഞിന്റെ ഉറക്കസ്ഥലം എത്രത്തോളം ലളിതമാണോ, അത്രത്തോളം സുരക്ഷിതവുമാണ്. ഉറക്കത്തിനായി കുഞ്ഞിനെ മലർത്തിക്കിടത്താം. ഉറപ്പുള്ളതും നിരപ്പുള്ളതുമായ പ്രതലത്തിൽ കിടത്തുകയും അയഞ്ഞുപോകാത്ത രീതിയിൽ ബെഡ് ഷീറ്റ് മുറുകെ ഉപയോഗിക്കുകയും ചെയ്യാം. ഇതൊക്കെയാണ് സുരക്ഷിതമായ ഉറക്കത്തിന്റെ അടിസ്ഥാനതത്വം.മൃദുവായ പുതപ്പ് വേണോ? കുഞ്ഞിനെ മൃദുവായ പുതപ്പിനടിയിൽ ഭംഗിയായി കിടത്തിയാൽ സുരക്ഷിതമാണെന്നു തോന്നാം. എന്നാൽ നവജാതശിശുക്കൾക്ക് മുഖത്തേക്ക് വീഴുന്ന തുണി സ്വയം മാറ്റാനുള്ള കഴിവ് വികസിച്ചിട്ടുണ്ടാകില്ല. കുഞ്ഞ് പുതപ്പിനടിയിൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കുഞ്ഞിന്റെ മൂക്കും വായും പുതപ്പുകൊണ്ട് മൂടി, ഇത് ശ്വാസതടസ്സത്തിനും ഒരേ വായു വീണ്ടും വീണ്ടും ശ്വസിക്കേണ്ടിവരുന്ന സാഹചര്യത്തിനും കാരണമാകാം.പുതപ്പ് മാത്രമല്ല, കട്ടിയുള്ള ക്വിൽറ്റുകൾ, കംഫർട്ടറുകൾ, തലയിണകൾ തുടങ്ങിയ മൃദുവായ വസ്തുക്കളും കുഞ്ഞിന്റെ മുഖത്തിനടുത്ത് വെക്കുന്നത് സുരക്ഷിതമല്ല. മൃദുവായ പ്രതലത്തിൽ കുഞ്ഞിന്റെ മുഖം താഴ്ന്നുപോകുന്നതും ശ്വാസം തടസ്സപ്പെടുന്നതിനുള്ള സാധ്യത വർധിപ്പിക്കും.നവജാതശിശുവിന്റെ കിടക്കയിൽ ഒന്നുമില്ലെങ്കിൽ അത് മാതാപിതാക്കൾക്ക് അപൂർണമായി തോന്നാം. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ആ ‘ഒന്നുമില്ലായ്മ’ തന്നെയാണ് പ്രധാനം. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (AAP) കുഞ്ഞുങ്ങൾക്കായി ഉറപ്പുള്ളതും നിരപ്പുള്ളതുമായ പ്രതലവും അതിനു മുകളിൽ മുറുകിനിൽക്കുന്ന ബെഡ് ഷീറ്റും മാത്രമാണ് ശുപാർശ ചെയ്യുന്നത്. കിടക്കയിൽ മറ്റൊരു ബെഡ്ഡിങ്ങോ മൃദുവായ വസ്തുക്കളോ ഉണ്ടാകരുതെന്നും നിർദേശിക്കുന്നു. കുഞ്ഞിന് കൂടുതൽ സുഖം ലഭിക്കട്ടെയെന്നു കരുതി തലക്കടിയിൽ തലയിണ വയ്ക്കുന്നതും ഒഴിവാക്കണം.”കുഞ്ഞിന് തണുക്കില്ലേ?” രാത്രിയിൽ തണുപ്പ് കൂടുതലുള്ള സമയങ്ങളിൽ മാതാപിതാക്കൾക്ക് സ്വാഭാവികമായും കുഞ്ഞിന് തണുക്കില്ലേ എന്ന ആശങ്കയുണ്ടാകും. എന്നാൽ കുഞ്ഞിനെ ചുറ്റും പുതപ്പുകൾ കൊണ്ട് പൊതിയുന്നതിനു പകരം സുരക്ഷിതമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.
Cinema ⏭️




